ലണ്ടന്‍: വിന്റര്‍ ക്രൈസിസില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയതോടെ രോഗികളുടെ സുരക്ഷയേക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഡോക്ടര്‍മാര്‍. ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. 68 മുതിര്‍ന്ന ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡോക്ടര്‍മാരാണ് എന്‍എച്ച്എസ് നേരിടുന്ന ദയനീയാവസ്ഥയുടെ ചിത്രം വ്യക്തമാക്കുന്ന കത്ത് തെരേസ മേയ്ക്ക് അയച്ചത്. ആശുപത്രി വാര്‍ഡുകളില്‍ രോഗികള്‍ തിങ്ങിനിറഞ്ഞതിനാല്‍ ഇടനാഴികളില്‍ ട്രോളികളിലും മറ്റുമായാണ് പലര്‍ക്കും ചികിത്സ നല്‍കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ വന്‍ തിരക്കായതിനാല്‍ ആംബുലന്‍സുകളില്‍ രോഗികള്‍ക്ക് കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടായി.

കടുത്ത മഞ്ഞും തണുപ്പും മൂലം പനിയുമായി എത്തുന്നവരുടെ എണ്ണത്തില്‍ മുമ്പില്ലാത്ത വിധം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടില്‍ പനി മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച 50 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ 137 ആശുപത്രി ട്രസ്റ്റുകളില്‍ 133 എണ്ണത്തിലും കഴിഞ്ഞയാഴ്ച വാര്‍ഡുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് അഭൂതപൂര്‍വ്വമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. അതേസമയം ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലാത്തതിന്റെ പ്രധാന കാരണം ഫണ്ടില്ലാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണെന്ന അഭിപ്രായമാണ് ആശുപത്രി അധികൃതര്‍ക്കുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നത്. വാര്‍ഡുകള്‍ നിറഞ്ഞതിനാല്‍ രോഗികള്‍ക്ക് താല്‍ക്കാലികമായി തയ്യാറാക്കിയ വാര്‍ഡുകളിലാണ് പ്രവേശനം നല്‍കുന്നത്, ബെഡുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ക്ക് ട്രോളികളില്‍ കാത്തിരിക്കേണ്ടി വരുന്നത് 12 മണിക്കൂര്‍ വരെയാണ്, ആയിരക്കണക്കിന് രോഗികള്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ക്ക് മുന്നില്‍ ആംബുലന്‍സുകളില്‍ കാത്തിരിക്കേണ്ടതായി വന്നു, ആശുപത്രി ഇടനാഴികളില്‍ 120ലേറെ രോഗികളെയാണ് ഓരോ ദിവസവും ജീവനക്കാര്‍ക്ക് നോക്കേണ്ടി വരുന്നത്. ഒട്ടു സുരക്ഷിതമല്ലാത്ത ഈ രീതി മൂലം ചില രോഗികള്‍ മരിച്ച സംഭവങ്ങള്‍ പോലും ഉണ്ടായി തുടങ്ങിയ കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

രോഗികളുടെ തിരക്ക് മൂലം ചിലര്‍ക്ക് നിലത്ത് കിടത്തി ചികിത്സ നല്‍കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്ന് ലേബര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം തന്നെയാണ് എന്‍എച്ച്എസ് പ്രൊവൈഡര്‍മാരും ഇപ്പോള്‍ ഉന്നയിക്കുന്നത്.