ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണവൈറസ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ബോറിസ് ജോൺസൺ സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് പ്രധാനമന്ത്രിയുടെ മുൻ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ് സ് ആരോപിച്ചു. സർക്കാരിൻെറ നിലപാടുകൾ കാരണം വളരെയേറെ ആൾക്കാർ കോവിഡ് -19 മൂലം മരണമടഞ്ഞതായി അദ്ദേഹം കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റിയ്ക്ക് മുമ്പാകെ നടത്തിയ തെളിവെടുപ്പു വേളയിൽ വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് കൊറോണ വൈറസിനെ ഗൗരവമായി എടുത്തില്ല എന്നുമാത്രമല്ല ഭാവനാസൃഷ്ടി എന്ന രീതിയിൽ തള്ളിക്കളയുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു . ഭയപ്പെടേണ്ട കാര്യമില്ല എന്ന് കാണിക്കാൻ ലൈവ് ടിവി പരിപാടിയിൽ വൈറസ് കുത്തിവയ്‌പ്പെടുക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കമ്മിംഗ് സ് വെളിപ്പെടുത്തി. എല്ലാവരോടും കള്ളം പറഞ്ഞതുൾപ്പെടെയുള്ള പല കാരണങ്ങൾക്ക് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന് പുറത്താക്കണമെന്ന് ഡൊമിനിക് കമ്മിംഗ് സ് ആവശ്യപ്പെട്ടു.
ഇന്നത്തെ തെളിവെടുപ്പിലുടനീളം പ്രധാനമന്ത്രിയ്‌ക്കെതിരെയും ആരോഗ്യ സെക്രട്ടറിയ് ക്കെതിരെയും ശക്തമായ ആരോപണങ്ങൾ കമ്മിംഗ് സ് ഉന്നയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊറോണാ വൈറസിനെ നേരിടാൻ അതിർത്തികൾ അടയ്ക്കുന്ന കാര്യങ്ങൾ ബോറിസ് ജോൺസന് താൽപര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പങ്കാളി കാരി സിമണ്ട്‌സിനൊപ്പം ഹോളിഡേ ആഘോഷിക്കാൻ പോയതിനാൽ മഹാമാരിക്കെതിരെ ഉചിതമായ നടപടികൾ എടുക്കാൻ ബോറിസ് ജോൺസൺ പരാജയപ്പെട്ടു എന്നാണ് കമ്മിംഗ് സിൻെറ നിലപാട്. ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന് ഒരു പരിധി വരെ ശമനം ഉണ്ടായെങ്കിലും പല കോണുകളിൽനിന്നും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കോവിഡ് 80 വയസിന് മുകളിലുള്ളവരെ മാത്രമേ കൊന്നിട്ടുള്ളു എന്ന പ്രധാനമന്ത്രിയുടെ വിവാദപ്രസ്താവന ശക്തമായ പൊതുജന രോക്ഷമാണ് ഉയർത്തിയത്.
Leave a Reply