ന്യൂസ് ഡെസ്ക് , മലയാളം യുകെ
വാഷിങ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത് തിരഞ്ഞെടുപ്പ് തുടർനടപടികൾ അവതാളത്തിലാക്കുമെന്ന് ആശങ്ക ശക്തമായി . ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രസിഡൻറും ഭാര്യയും പരിശോധനയ്ക്ക് വിധേയരായത്. ബുധനാഴ്ചയോടെ ഹിക്‌സിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ട്രംപും മെലാനിയയും കോവിഡ് ടെസ്റ്റിന് വിധേയരാവുകയും ക്വാറന്റീനിൽ പ്രവേശിക്കുകയുമായിരുന്നു. പ്രസിഡന്റും പ്രഥമ വനിതയും ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഡോക്ടറുടെ പ്രസ്താവനയിൽ പറയുന്നു. 74 വയസ്സായ ട്രംപിന് രോഗം സ്ഥിരീകരിച്ചതോടെ തിരഞ്ഞെടുപ്പ് നടപടികൾ എങ്ങനെ മുന്നോട്ട് നീക്കുമെന്ന സംശയത്തിലാണ് അധികാരികൾ. ട്രംപ് ഗുരുതരാവസ്ഥയിലായാൽ, നവംബർ 3ന് മുമ്പ് ഉപരാഷ്ട്രപതി മൈക്ക് പെൻസിനെ താൽക്കാലികമായി അധികാരമേറ്റെടുക്കാൻ അനുവദിക്കുന്ന ഭരണഘടനാ നടപടിക്രമങ്ങളുണ്ട്. ഇന്നലെ ന്യൂജേഴ്‌സിയിൽ നടന്ന ധനസമാഹരണത്തിലാണ് ട്രംപ് അവസാനമായി പങ്കെടുത്തത്. ഹിക്സിന് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെയാണ് ട്രംപ് തിരിച്ചെത്തിയത്.
പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചതോടെ ഒക്ടോബർ 15ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന രണ്ടാം തിരഞ്ഞെടുപ്പ് സംവാദ പരിപാടിയും തുലാസിലാണ്. അതേസമയം കഴിഞ്ഞ ദിവസം ട്രംപുമായി വേദി പങ്കിട്ട 77 കാരനായ ജോ ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടോ എന്ന് അറിവില്ല. ഏപ്രിലിൽ വൈറസ് ബാധയെ അതിജീവിച്ച യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അമേരിക്കൻ പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചു. “ഇരുവരും കൊറോണ വൈറസിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ജോൺസൻ ട്വിറ്ററിൽ കുറിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയൂസസും ട്രംപും മെലാനിയയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
അമേരിക്കൻ പ്രസിഡന്റും പ്രഥമ വനിതയും ഒരു പരിശോധനയ്ക്ക് വിധേയരാവാൻ എന്തുകൊണ്ട് താമസം നേരിട്ടുവെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ബുധനാഴ്ച വൈകുന്നേരം തന്നെ ഹിക്സിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും ട്രംപ് വ്യാഴാഴ്ച ഷെഡ്യൂൾ തുടരുകയും ബെഡ്മിൻസ്റ്റർ ന്യൂജേഴ്‌സി ഗോൾഫ് റിസോർട്ടിലേക്ക് പോകുകയും രണ്ട് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ദിവസത്തിൽ ഒന്നിലേറെ തവണ പരിശോധന നടത്താറുണ്ടായിരുന്ന ട്രംപ് രോഗബാധിതനായതോടെ വൈറ്റ് ഹൗസും ആശങ്കയിലാണ്. ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്‌സ്. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡൻറിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിൽ ഒരാളുകൂടിയാണ് ഹിക്സ്. ഹിക്സ് കഠിനാധ്വാനിയായ സ്ത്രീയാണെന്നും അവർ മാസ്ക് ധരിക്കുകയും മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തിരുന്നുവെന്നും ട്രംപ് പറഞ്ഞു. എങ്കിലും കൊറോണയോടുള്ള ട്രംപിന്റെ സമീപനം പല വിവാദങ്ങളിലേക്കും വഴിവയ്ക്കുന്നതായിരുന്നു. പലയിടത്തും മാസ്ക് ധരിക്കാതെയും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെയും ആണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്.
Leave a Reply