വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനു കീഴില്‍ കാലങ്ങളായി അമേരിക്കന്‍ ഭരണാധികാരികള്‍ അനുവര്‍ത്തിച്ചു വന്നിരുന്ന പല രീതികളും ഇല്ലാതാകുകയാണ്. ഏറ്റവും ഒടുവില്‍ വൈറ്റ് ഹൗസിലെ ഇഫ്താര്‍ വിരുന്നാണ് മുടങ്ങിയത്. റംസാനോട് അനുബന്ധിച്ച് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് ആദ്യമായി ഒരുക്കിയത് 1805ലായിരുന്നു. പിന്നീട് 1996ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ പ്രഥമ വനിതയായിരുന്ന ഹിലരി ക്ലിന്റണ്‍ മുന്‍കയ്യെടുത്താണ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. പിന്നീടുള്ള എല്ലാ വര്‍ഷങ്ങളിലും ഈ പതിവ് തുടര്‍ന്നു വരികയായിരുന്നു.
ഇഫ്താറിന് പകരം ഈദ് സന്ദേശം മാത്രമാണ് വൈറ്റ് ഹൗസ് പുറപ്പെടുവിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈ വര്‍ഷം ആദ്യം തന്നെ ഇഫ്താര്‍ വിരുന്ന് ഉണ്ടാകില്ലെന്ന സൂചന നല്‍കിയിരുന്നു. ശനിയാഴ്ച ഈദ് ആശംസ അറിയിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന അദ്ദേഹം പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയിലെ മുസ്ലീങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയ ബരാക്ക് ഒബാമയുടെ രീതിയേക്കാള്‍ ഏറെ വ്യത്യസ്തമാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ സന്ദേശമെന്നും വിലയിരുത്തപ്പെടുന്നു.
ഹിലരി ക്ലിന്റണിന്റെ ആഭിമുഖ്യത്തില്‍ 1996ല്‍ നടത്തിയ ഇഫ്താറില്‍ 150 ആളുകളാണ് പങ്കെടുത്തത്. ഇസ്ലാമിക് ഹിസ്റ്ററി പഠിച്ചിരുന്ന ക്ലിന്റണിന്റെ മകള്‍ ചെല്‍സിയാണ് ഈ വിരുന്ന് നടത്താന്‍ പ്രേരിപ്പിച്ചത്. രണ്ട് തവണ പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യു. ബുഷും തന്റെ കാലയളവില്‍ ഇഫ്താര്‍ വിരുന്നുകള്‍ മുടക്കിയിരുന്നില്ല. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലും മുടങ്ങാതിരുന്ന ഇഫ്താര്‍ ആണ് ട്രംപിനു കീഴില്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
Leave a Reply