ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മേഖലകളിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയിലാണ് ഇരുനേതാക്കളും ഇക്കാര്യം അറിയിച്ചത്.
ഭീകരതയെ നേരിടാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങും. ഇന്ത്യ-അമേരിക്ക സഖ്യം ലോകത്തിന്റെ നന്മയ്ക്കെന്ന് മോദി പറഞ്ഞു. ആഭ്യന്തര സുരക്ഷാമേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കാൻ തീരുമാനമായി. ഇരുരാജ്യങ്ങളിലെയും സേനകളുടെ പരിശീലനം ഉൾപ്പെടെയുളള മേഖലയിലാണ് സഹകരണം. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന സൂചനയും ഇരുനേതാക്കളും നൽകി. വ്യാപാരരംഗത്ത് സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയതായി മോദി പറഞ്ഞു.
ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പുവച്ചെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അത്യാധുനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെ കൈമാറാനാണ് കരാർ. പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും എടുക്കുന്നത് ശക്തമായ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply