കൂട്ട മതപരിവർത്തനം നടത്തുന്നത് അവസാനിപ്പിക്കണമെന്നും വിവാഹത്തിനുള്ള മതപരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശ് സർക്കാർ നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഓർഡിനൻസിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

“എന്തിനാണ് മതപരിവർത്തനം നടത്തുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കൂട്ട പരിവർത്തനങ്ങൾ അവസാനിപ്പിക്കണം. എനിക്കറിയാവുന്നിടത്തോളം, മുസ്‌ലിം മതത്തിൽ ഒരാൾക്ക് മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ കഴിയില്ല. വിവാഹത്തിനുള്ള പരിവർത്തനത്തെ ഞാൻ വ്യക്തിപരമായി അംഗീകരിക്കുന്നില്ല,” വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“മതപരിവർത്തനം ബലമായി നടക്കുന്നുണ്ടെന്ന് പല കേസുകളിലും കണ്ടു. സ്വാഭാവിക വിവാഹവും വിവാഹത്തിനുള്ള നിർബന്ധിത പരിവർത്തനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഈ നിയമങ്ങൾ ഉണ്ടാക്കിയ സർക്കാരുകൾ ഇതെല്ലാം പരിഗണിച്ചതായി ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിയന്ത്രണരേഖയിലെ സ്ഥിതി, പുതിയ കാർഷിക നിയമങ്ങൾ, അതിനെതിരായ പ്രതിഷേധം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രതിരോധമന്ത്രി അഭിമുഖത്തിൽ ചർച്ച ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കർഷകരെ “അന്നദാതാക്കൾ” എന്നും “സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്” എന്നും വിശേഷിപ്പിച്ച സിങ് “നക്സലുകൾ” അല്ലെങ്കിൽ “ഖാലിസ്ഥാനികൾ” തുടങ്ങിയ പരാമർശങ്ങളെ ശക്തമായി എതിർത്തു. കർഷകർക്കെതിരെ ആരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

“നമ്മുടെ കർഷകരോട് നാം അഗാധമായ ആദരവ് പ്രകടിപ്പിക്കുന്നു. കർഷകരോടുള്ള ആദരവോടും ബഹുമാനത്തോടും തല കുനിക്കുന്നു. അവരാണ് നമ്മുടെ ‘അന്നദാതാക്കൾ’. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിൽ കർഷകർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അവരാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്.”

കൃഷിക്കാരുടെ താൽപ്പര്യത്തിനുവേണ്ടിയാണ് കാർഷിക നിയമങ്ങൾ ഉണ്ടാക്കിയതെന്നും പ്രതിഷേധിച്ച കർഷകർ രണ്ടുവർഷത്തേക്ക് അവ നടപ്പാക്കുന്നത് അംഗീകരിക്കണമെന്നും സർക്കാരുമായി യുക്തിസഹമായ ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടെത്തുമെന്ന് സിംഗ് പറഞ്ഞു.

“ചില ശക്തികൾ കർഷകർക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ശ്രമിച്ചു. നിരവധി കർഷകരുമായി ഞങ്ങൾ സംസാരിച്ചു. കൃഷിക്കാരോടുള്ള എന്റെ ഒരേയൊരു അഭ്യർത്ഥന യുക്തിക്ക് നിരക്കുന്ന നിബന്ധനകൾ മുന്നോട്ട് വച്ച് ചർച്ച നടത്തണം. മാത്രമല്ല, യെസ് അല്ലെങ്കിൽ നോ എന്ന ഉത്തരം മാത്രം പ്രതീക്ഷിച്ചാവരുത് ചർച്ച. പ്രശ്നത്തിന് ഒരു പരിഹാരം ഞങ്ങൾ കണ്ടെത്തും. ഞാൻ നിയമവ്യവസ്ഥകൾ കണ്ടിരുന്നു. കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് എനിക്കറിയാം. കർഷകർ കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഈ നിയമങ്ങൾ നടപ്പാക്കുന്നത് ഒരു പരീക്ഷണമായി കാണണം. ആവശ്യമുണ്ടെങ്കിൽ ഭേദഗതികൾ വരുത്താൻ ഞങ്ങൾ തയ്യാറാകും. ചില ഉപവാക്യങ്ങളിൽ ഭേദഗതി വരുത്താൻ വിദഗ്ധരുമായും സർക്കാരുമായും സംസാരിക്കണമെന്ന് കർഷകർ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ പൂർണ്ണമായും വഴങ്ങും,” രാജ്നാഥ് സിങ് പറഞ്ഞു.