ലണ്ടൻ : കോവിഡ് വാക്സീൻ എടുക്കാത്ത ആളുകളുടെ വീട്ടിലേക്ക് ഇനി വാക്സീനുമായി പ്രത്യേക സംഘമെത്തും. ഡോർ ടു ഡോർ വാക്സീൻ പദ്ധതിയുമായി മുന്നോട്ട് നീങ്ങാനാണ് മന്ത്രിമാരുടെ തീരുമാനം. രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവ് നടത്താൻ ആരോഗ്യ വകുപ്പും എൻഎച്ച്എസ് ഇംഗ്ലണ്ടും നമ്പർ 10-ഉം തമ്മിൽ ചർച്ച ചെയ്തു. വാക്സിനേഷൻ സെന്ററിൽ എത്താൻ കഴിയാത്തവർക്ക് ഈ തീരുമാനം ഗുണകരമാകും. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 90 ശതമാനം കൊവിഡ് രോഗികളും വാക്സിൻ എടുക്കാത്തവരാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ ശൈത്യകാലത്ത് ഉണ്ടായതിലും വലിയ കോവിഡ് തരംഗമായിരിക്കും രാജ്യത്ത് വരാൻ പോകുന്നതെന്ന് ശാസ്‌ത്രോപദേശക സമിതി മുന്നറിയിപ്പ് നൽകി. ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരും. എന്നാൽ പുതുവർഷത്തിന് മുമ്പ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരരുതെന്ന് എംപിമാരും ഹോസ്പിറ്റാലിറ്റി മേധാവികളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കടുത്ത നിയന്ത്രണങ്ങൾ ബിസിനസ്സുകൾക്ക് ഗുരുതര ഭീഷണിയായി മാറുമെന്ന് അവർ വിശദമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിയാഴ്ച 122,186 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നെങ്കിലും ഇംഗ്ലണ്ടിൽ കൂടുതൽ നിയന്ത്രണങ്ങളൊന്നും ബോറിസ് ജോൺസൻ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 18 മുതല്‍ 24 വരെയുള്ള ആഴ്ചയിൽ 7,07,306 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സെൽഫ് ഐസൊലേഷനിൽ പോകേണ്ടി വരും.

ഏകദേശം 7.5 ലക്ഷം പേര്‍ ഇത്തരത്തില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ കൃത്യമായ നടപടികൾ ആവിഷ്കരിച്ച് ആശുപത്രി പ്രവേശനം കുറയ്ക്കുക എന്ന ലക്ഷ്യമാണ് സർക്കാരിന് മുൻപിലുള്ളത്.