‘കണ്ടുനിൽക്കാൻ കഴിയില്ല സാറേ. അങ്ങനെയാണ് ആ കൊച്ചിന് അതിലിട്ട് ഇടിച്ചിരുന്നത്. ചിലപ്പോഴൊക്കെ അവൾ എന്നെ കൊല്ലല്ലേ എന്ന് അലറി വിളിക്കും. പിന്നെ കരച്ചിൽ കേൾക്കില്ല. അതിന്റെ വായിൽ എന്തോ തിരുകി വയ്ക്കുന്നതാണ്. പലതവണ ഞങ്ങൾ നാട്ടുകാരും അയൽക്കാരും ഇടപെട്ടിട്ടുണ്ട്. അപ്പോഴെല്ലാം അവർ ഞങ്ങളെ ഭീഷണിപ്പെടുത്തും. നിങ്ങൾ ആരാണ് ഇതൊക്കെ ചോദിക്കാനെന്ന തരത്തിൽ. ഒരു ദിവസം അടികൊണ്ട് ആകെ തളർന്ന് ആ കൊച്ച് എന്റെ വീട്ടിലേക്ക് ഒാടിക്കയറി. പിന്നാലെ എത്തിയ ആ ദുഷ്ടൻ അതിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു…’ അടങ്ങാത്ത രോഷത്തോടെയാണ് തുഷാരയുടെ മരണത്തെ കുറിച്ച് നാട്ടുകാർ പ്രതികരിക്കുന്നത്.

മന്ത്രവാദത്തിന്റെയും ആഭിചാരകർമ്മത്തിന്റെയും ഒക്കെ ഒരു സങ്കേതമാണ് ഇൗ വീട്. ഉണ്ടായിരുന്ന വീട് പൊളിച്ചശേഷം മറച്ച് കെട്ടിയ ഷെഡിലാണ് അവർ കഴിഞ്ഞിരുന്നത്. ആരെയും വീട്ടിനുള്ളിൽ കയറ്റില്ല. അകത്തെന്താണ് നടക്കുന്നതെന്ന് ആർക്കും അറിയില്ല. മന്ത്രവാദത്തിനുമൊക്കെയായി ചിലർ വന്നുപോകുന്നത് കാണാം. ഇവരോട് പ്രതികരിച്ചാൽ ദുഷ്ടക്രിയകളിലൂടെ നമ്മളെ തന്നെ ഇല്ലാതാക്കും എന്നാണ് ഭീഷണി. അതുപേടിച്ച് ആരും ഇവരോട് ഒന്നും ചോദിക്കില്ല. തുഷാരയ്ക്ക് ഭക്ഷണം പോലും കൊടുക്കില്ലായിരുന്നു. ഒരിക്കൽ ആ കൊച്ച് കുറച്ച് ചോറ് കഴിക്കുന്നത് കണ്ട് അവളുടെ ഭർത്താവ് കയറി വന്നു. അവൾ കഴിച്ചുകൊണ്ടിരുന്ന ആ അന്നം അവന്‌ കാല് കൊണ്ട് തട്ടിയെറിഞ്ഞു. ആ കൊച്ചിനെ ഇടിച്ചു കൊല്ലാക്കൊല ചെയ്തു. ഇതൊക്കെ കണ്ട് ‍ഞാൻ കേസും കൊടുത്തതാണ്. പക്ഷേ ഒരു ഗുണവും ഉണ്ടായില്ല. പേടിച്ചിട്ടാകും അവൾ ആരോടും പരാതി പറയാഞ്ഞത്. അയൽവാസിയായ യുവതി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിക്കുമ്പോൾ തുഷാരയുടെ ഭാരം 20 കിലോഗ്രാം മാത്രമായിരുന്നു. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു ശരീരമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കരുനാഗപ്പള്ളിയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ചതിനുപിന്നാലെ വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ടതിനെ തുടർന്നാണ് ഇരുപത്തിരണ്ടുകാരിയായ തുഷാര മരിക്കുന്നത്.
തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും ജില്ലയിലെ തൃക്കരുവ വില്ലേജിൽ കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മൺവിള വീട്ടിൽ ആയിരുന്നു താമസം.അവിടെ ആഭിചാരക്രിയകൾ നടത്തുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉയർന്ന എതിർപ്പുകൾ കാരണം സ്ഥലവും വീടും വിറ്റാണ് ചെങ്കുളത്ത് താമസം ആക്കിയത്. ഇവിടെയും നാട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്.

വീടിനകത്ത് ചെറിയ പൂജ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കല്യാണം കഴിഞ്ഞിട്ട് മൂന്ന് പ്രാവശ്യം മാത്രമാണ് തുഷാര അവളുടെ വീട്ടിൽ പോയത്. ഇതിനിടയിൽ രണ്ട് കുട്ടികൾ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയിൽ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാൽ ബന്ധുക്കൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനെത്തുടർന്ന് കുട്ടിയെ കാണിച്ചു. ഇനി ആരും തന്നെ കാണാൻ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും തുഷാര അറിയിച്ചതിനാൽ പിന്നീട് ബന്ധുക്കൾ ആരും തുഷാരയുടെ ഭർതൃവീട്ടിൽ പോയില്ല. ഈ സമയത്താണ് തുഷാരയോടുള്ള ക്രൂരതകൾ തുടർന്നത്.
ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ ഇല്ലാതെ ന്യുമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നു പൊലീസും അറിയിച്ചു. ഭർത്താവ് ചന്തുലാൽ (30), അമ്മ ഗീതാ ലാൽ (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.