ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കലാപ പ്രകടനങ്ങൾക്ക് പിന്നാലെ 90-ലധികം പേർ അറസ്റ്റിൽ. ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ കടകൾ കൊള്ളയടിക്കുന്നതുൾപ്പെടെ വിവിധ അതിക്രമങ്ങളാണ് അരങ്ങേറിയത്. പല സ്ഥലങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. വിദ്വേഷം പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്നവർക്കെതിരെ നടപടിയെടുക്കാൻ പോലീസ് സേനയ്ക്ക് സർക്കാരിൽ നിന്ന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് രംഗത്ത് വന്നു.
തിങ്കളാഴ്ച സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ലിവർപൂളിൽ, പോലീസിനുനേരെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ കല്ലും മറ്റ് ആയുധങ്ങളും എറിയുന്ന സംഭവം ഉണ്ടായി. നേരത്തെ തീവ്ര വലതുപക്ഷ പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിനിടെ കെട്ടിടത്തിന് തീയിട്ടിരുന്നു.
അക്രമികളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അക്രമികളെ അമർച്ച ചെയ്യുന്നതിന് പോലീസിന് സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് പോർട്ടിലെ കത്തി കുത്തിൽ മൂന്നു പെൺകുട്ടികൾ മരിക്കുകയും എട്ടോളം പേർക്ക് പരുക്കു പറ്റിയതിന് തുടർന്നുള്ള പ്രശ്നങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രകടനങ്ങൾക്കും ആക്രമങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. പ്രതിഷേധക്കാർ മുസ്ലീം പള്ളികൾക്ക് നേരെ ആക്രമം അഴിച്ചു വിടുമെന്നുള്ള ആശങ്കകളെ തുടർന്ന് രാജ്യത്തെ നൂറുകണക്കിന് മോസ്കുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ കലാപത്തെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇത്തരം കലാപങ്ങളെ നേരിടാൻ രാജ്യത്ത് പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു
Leave a Reply