ഡോ. ഐഷ വി
നിങ്ങൾക്ക് നിങ്ങളുടെ മരിച്ചു പോയ മുത്തശ്ശനേയോ മുത്തശ്ശിയേയോ മറ്റു പ്രിയപ്പെട്ടവരേയോ വീഡിയോയിൽ കാണുകയോ അവരോട് സംവദിക്കുകയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? നിങ്ങളുടെ വാഹനം നിങ്ങളുടെ ബന്ധുവോ സുഹൃത്തോ ഓടിക്കാനായി എടുത്തു കൊണ്ടുപോയി . അയാൾ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നു എന്ന് നിങ്ങൾ മനസ്സിലാക്കി അത് നിയന്ത്രിക്കാനുള്ള നിർദ്ദേശം നിങ്ങൾക്ക് നൽകണം എന്നാഗ്രഹമുണ്ടോ? അതെല്ലാം ഇന്ന് സാധ്യമാണ്. ജെൻ എ ഐ എന്ന ജനറേറ്റീവ് നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ ആപ്ലിക്കേഷനുകളാണ് ഇതൊക്കെ സാധ്യമാക്കുന്നത്. വിദ്യാഭ്യാസ , വിനോദ, വിജ്ഞാന, വാണിജ്യ, വാഹന, ആരോഗ്യ മേഘലകളിൽ വൻ കുതിച്ചാട്ടത്തിന് അവസരമൊരുക്കിയ ഒന്നാണ് ജനറേറ്റീവ് എ ഐ.
പല തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെങ്കിലും പുതിയ ചില തൊഴിലവസരങ്ങൾ തുറന്നു കിട്ടും എന്ന ഒരു പ്രത്യേകത ഈ മേഘലയ്ക്കുണ്ട്.
ദുരുപയോഗം ചെയ്യപ്പെടാനുള്ള . സാദ്ധ്യതയും ഇതിനുണ്ട്. അതിനൊരുദാഹരണമാണ് ഒരിന്ത്യൻ പ്രൊഫസർക്ക് കൊച്ചു വെളുപ്പാൻ കാലത്ത് വന്ന വീഡിയോ കാൾ. നോക്കുമ്പോൾ സൃഹൃത്ത് വീഡിയോ കാളിലൂടെ നേരിട്ട് ധനസഹായാഭ്യർത്ഥന നടത്തുകയാണ്. താൻ ഒരു വിദേശ എയർപോർട്ടിലാണെന്നും പണത്തിന് അത്യാവശ്യമുണ്ടെന്നും അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹം പണം ട്രാൻസ്ഫർ ചെയ്ത് കൊടുക്കുകയും ചെയ്തു. എന്നാൽ അത്രയും പണം പോരെന്നും വീണ്ടും പണം ആവശ്യമാണെന്നും പറഞ്ഞു മെസ്സേജ് അയച്ചപ്പോഴാണ് പ്രൊഫസർക്ക് എന്തോ പന്തികേട് തോന്നിയത് . പ്രൊഫസർ പിന്നെ അമാന്തിച്ചില്ല. ഫോണെടുത്ത് സുഹൃത്തിനെ വിളിച്ചു. സുഹൃത്ത് ആ എയർപോർട്ടിൽ ഉണ്ടെന്നുള്ള കാര്യം ശരിയാണ്. എന്നാൽ താൻ പണം ആവശ്യപ്പെട്ടിട്ടില്ല എന്നയാൾ തീർത്തു പറഞ്ഞു . പ്രൊഫസർക്ക് പണം നഷ്ടപ്പെട്ടു എന്നുറപ്പാക്കാൻ സാധിച്ചു.
വിദ്യാഭ്യാസരംഗത്താകട്ടെ സമയ ലാഭമുണ്ടാക്കുമെങ്കിലും ഞൊടിയിടയിൽ വിവരം ലഭിക്കുമെങ്കിലും ഒരേ വിഷയത്തെ സംബന്ധിച്ച് വിവിധ വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന ഉത്തരങ്ങൾ ജനറേറ്റ് ചെയ്യാനും റീജനറേറ്റ് ചെയ്യാനും സാധിക്കുന്ന ഓപ്പൺ എ ഐ രൂപപ്പെടുത്തി എടുത്ത ഒരു ജെൻ എ ഐ പ്ലാറ്റ് ഫോമാണ് ചാറ്റ് ജി. പി.റ്റി . ദശലക്ഷക്കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പ്രതിദിനം ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നു. അങ്ങനെ പ്രയോജനപ്പെടുത്തുന്നവർക്ക് സമയ ലാഭം ഉണ്ടാകുകയും ഞൊടിയിടയിൽ വിവിധ ഭാഷകളിലുള്ള അറിവ് ലഭിക്കുകയും ചെയ്യുന്നു. സേർച്ച് എഞ്ചിനായ ഗൂഗിൾ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നുണ്ടെങ്കിലും കൃത്യതയാർന്ന ഒറ്റയുത്തരം ഒരു സമയം നൽകാൻ കഴിയുന്നത് ചാറ്റ് ജിപി റ്റി യ്ക്കാണ്. ഈ പ്രത്യേതയാണ് അതിനെ ജനങ്ങളുടെ ഇടയിൽ പ്രിയപ്പെട്ടതാക്കുന്നതും.
വിദ്യാർത്ഥിയുടെ തലച്ചോറിലേയ്ക്ക് ഒരക്ഷരം കയറാതെ മാർക്കു നേടാൻ സഹായിക്കുന്ന ഒരേ സമയം മേന്മയും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കുട്ടിയെ ശരിയ്ക്ക് വിലയിരുത്താൽ കഴിയാതെയും വരുന്ന സാഹചര്യമുണ്ടാക്കാൻ കഴിയുന്ന ഒരു ആപ്ലിക്കേഷനാണ് ജനറേറ്റീവ് എഐ എന്ന ജെൻ നിർമ്മിത ബുദ്ധി. ശ്രദ്ധിച്ചില്ലെങ്കിൽ പറ്റിക്കപ്പെടാനും തെറ്റിദ്ധരിക്കപ്പെടാനും ഇതവസരമൊരുക്കുന്നു.. എന്നാൽ ഡ്രൈവർ ഇല്ലാത്ത വാഹനം, വാഹന നിയന്ത്രണ സംവിധാനങ്ങൾ, തത്സമയ ട്രാക്കിംഗ് സംവിധാനം, ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന ആപ്പുകൾ , ചാറ്റ് ബോട്ടുകൾ, വീഡിയോ എഡിറ്റിംഗ് സംവിധാനങ്ങൾ, ആഡിയോ ടൂളുകൾ , നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ ടൂളുകൾ എല്ലാം ഈ രംഗത്തിന്റെ സംഭാവനയാണ്. ഭാവനയിൽ കാണാൻ കഴിയുന്നതൊക്കെ സാധ്യമാക്കാൻ കഴിയുന്ന തരത്തിൽ നിർമ്മിത ബുദ്ധി വളർന്നു കഴിഞ്ഞു.
എന്താണ് ജെൻ എ ഐ എന്ന് നമുക്ക് പരിശോധിയ്ക്കാം, നിർമ്മിത ബുദ്ധി പ്രായോഗിക തലത്തിൽ എത്തിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രോഗ്രാമിംഗ് രീതികളാണ് മഷീൻ ലേണിംഗ് , ഡീപ് ലേണിംഗ് എന്നിവ. നമ്മൾ ഉദ്ദേശിക്കുന്ന മേഘലയിലെ ഒരു ആപ്ലിക്കേഷൻ രൂപപ്പെടുത്താൻ വേണ്ടി ആദ്യം ആ അറിവിന്റെ മേഘലയെ സംബന്ധിച്ച ഡാറ്റാ സെറ്റ് രൂപപ്പെടുത്തണം. പിന്നെ ആ സോഫ്റ്റ് വേയറിന് ട്രെയിനിംഗ് നൽകണം. ട്രെയിനിംഗ് നൽകുമ്പോൾ സോഫ്റ്റ് വെയർ ഇതെല്ലാം പഠിക്കും. പിന്നീട് ഇത്തരം ഡാറ്റാ സെറ്റുകൾ ഇൻപുട്ടായി കൊടുത്താൽ അതിന് അനുയോജ്യമായ ഔട്ട്പുട്ട് തരാൻ ആ സോഫ്റ്റ് വേയറിന് സാധിക്കും. വീഡിയോ , ആഡിയോ , ടെക്സ്റ്റ് തർജ്ജമ , കഥയെഴുത്ത്, തിരക്കഥയെഴുത്ത്, കവിതയെഴുത്ത് , വാർത്താ വായന എന്നിവയൊക്കെ ഇതിലൂടെ സാധ്യമാണ്. ശബ്ദ നിർദ്ദേശങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുന്ന അലക്സ, സിരി എന്ന വിർച്ച്വൽ അസിസ്റ്റന്റ് ഒക്കെ നിർമ്മിത ബുദ്ധിയുടെ സംഭാവനകളാണ്.
ഡിജിറ്റൽ യുഗത്തിൽ സാധാരണക്കാരനും ടെക്ക്നോളജി അറിയുന്നവരും തമ്മിൽ അന്തരം നിലനിൽക്കുന്നുണ്ട്. ജനറേറ്റീവ് നിർമ്മിത ബുദ്ധി സർവ്വസാധാരണമാകുന്നതോടു കൂടി ഈ അന്തരം വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ് . എന്നാൽ വിദ്യാഭ്യാസ മേഘലയിൽ കേരളത്തിലുടനീളം മുന്നിട്ട് നിൽക്കുന്ന ഐഎച്ച് ആർ ഡി സെപ്റ്റംബർ 30 ഒക്ടോബർ ഒന്ന് തീയതികളിലായി തിരുവനന്തപുരം ഐ എം ജി യിൽ വച്ച് നടത്തുന്ന ‘ ജനറേറ്റീവ് എ ഐ യും ഭാവി വിദ്യാഭ്യാസവും” എന്ന അന്താരാഷ്ട്ര സമ്മേളനത്തിലൂടെയും അതിന് മുന്നോടിയായി കേരളത്തിലുടനീളമുള്ള ഐഎച്ച് ആർ ഡി സ്ഥാപനങ്ങളിൽ നടത്തുന്ന വിവിധ പരിപാടികളിലൂടെ കേരള സമൂഹത്തിൽ മാത്രമല്ല ആഗോള തലത്തിൽ ഈ അന്തരം കുറച്ചു കൊണ്ടുവരുവാൻ ഐ എച്ച് ആർഡിക്ക് കഴിയും എന്നുള്ള വസ്തുത ശ്ലാഘനീയമാണ്.
ഡോ.ഐഷ . വി.
പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..
Leave a Reply