ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനിലെ പ്രവാസി മലയാളികൾക്ക് ഇത് അഭിമാനനിമിഷം. 2020ലെ ഔട്ട്സ്റ്റാൻഡിങ് യങ് പേഴ്സൺ ഓഫ് ദി വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി വനിത. റോയല്‍ ഫ്രീ ഹോസ്പിറ്റലിലെയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെയും പ്ലാസ്റ്റിക് സര്‍ജനും ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സര്‍ജറിയിലെ കണ്‍സള്‍ട്ടന്റുമായ ഡോ. ജജനി വര്‍ഗീസിനെയാണ് 2020 ഔട്ട്‌സ്റ്റാന്‍ഡിംഗ് യംഗ് പേഴ്‌സണ്‍ ഓഫ് ദി വേള്‍ഡായി തെരഞ്ഞെടുത്തത്. ഒരു ചരിത്രനേട്ടത്തിന്റെ അഭിമാനനിമിഷത്തിലാണ് യുകെയിലെ മലയാളി സമൂഹം. ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബര്‍ ”മെഡിക്കല്‍ ഇന്നൊവേഷന്‍” വിഭാഗത്തില്‍ അന്താരാഷ്ട്ര പുരസ് കാരത്തിനായി യുകെയില്‍ നിന്ന് പത്തു പേർ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും ജജനിയാണ് സ്വപ് നതുല്യമായ നേട്ടം കൊയ് തത്. ബിസിനസ്, സംരംഭകത്വം, സർക്കാർ, രാഷ്ട്രീയം, സാംസ്‌കാരിക നേതൃത്വം, കുട്ടികള്‍ക്കുള്ള സംഭാവന, ആരോഗ്യ രംഗത്തെ കണ്ടെത്തലുകള്‍, ശാസ്ത്ര മുന്നേറ്റം തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവ് തെളിയച്ച 110 രാജ്യങ്ങളില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ നിന്ന് 40 വയസിന് താഴെയുള്ള പത്ത് പേരെയാണ് ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബര്‍ ആദരിക്കുന്നത്.
ഫലകവും സമ്മാനപത്രവും ഉള്‍ക്കൊള്ളുന്ന അവാര്‍ഡ് ജപ്പാനിലെ യോകോഹാമയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ വെച്ചാണ് സമ്മാനിക്കുക. ജോൺ എഫ് കെന്നഡി, ഗെരാൾഡ് ഫോർഡ്, ആന്റണി റോബിൻസ് തുടങ്ങിയ ലോകപ്രശസ് തർ ഈ അവാർഡിന് അർഹരായിട്ടുണ്ട്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എംഎസ്‌സി പ്ലാസ്റ്റിക് സര്‍ജറിയിലെ എക്‌സാമിനര്‍സ് ബോര്‍ഡിലെ അംഗം കൂടിയാണ് ഡോ. ജജനി. ജനറ്റിക്‌സ് ഓഫ് ബ്രെസ്റ്റ് ക്യാന്‍സര്‍ എന്ന വിഷയത്തില്‍ കേംബ്രിഡ് ജ് സര്‍വകലാശാലയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെയാണ് ഡോ. ജജനി എംഫിലും, പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയത്. ഹൈ ബ്രെസ്റ്റ് ഡെന്‍സിറ്റിയുള്ള സ്ത്രീകളെ തിരിച്ചറിയുന്നതിനും, സ് തനാര്‍ബുദവുമായി ബന്ധപ്പെട്ട അവരുടെ ജീനുകള്‍ കണ്ടെത്തുന്നതിനുമാണ് അവര്‍ പിന്നീട് ഗവേഷണം നടത്തിയത്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ZNF 365 ജീന്‍ കണ്ടെത്തുന്നതിലേക്ക് ഇത് നയിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മയോ ക്ലിനിക്കുമായി സഹകരിച്ചാണ് ഇത് നടത്തിയെടുത്തത്. നേച്ചര്‍ ഉള്‍പ്പെടെയുള്ള നിരവധി അക്കാദമിക് ജേണലുകളില്‍ ഡോ. ജജനിയുടെ ഈ നേട്ടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്തനാര്‍ബുദത്തെ നേരത്തേ തന്നെ കണ്ടെത്തുന്നതിനും തടയുന്നതിനും, രോഗപ്രതിരോധ ചികിത്സയ്ക്കും ഈ കണ്ടെത്തൽ ഏറെ സഹായകരമായി.
സ്തനാര്‍ബുദത്തെ അതിജീവിച്ച സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് സര്‍ജനെന്ന നിലയില്‍ അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നൂതന ഡാവിഞ്ചി റോബോട്ടുകളും, ശസ്ത്രക്രിയയില്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപിയും ഉപയോഗിക്കുന്ന ചുരുക്കം ചില ശസ്ത്രക്രിയാ വിദഗ് ധരില്‍ ഒരാളാണ് ഡോ. ജജനി വർഗീസ്. ആരോഗ്യ രംഗത്തെ അതിനൂതന കണ്ടെത്തലുകളില്‍ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡോ. ജജനി. കോവിഡ് കാലത്ത് സ്തനാര്‍ബുദ രോഗികള്‍ക്ക് വീഡിയോ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് വെര്‍ച് വല്‍ ക്ലിനിക് സ്ഥാപിക്കുന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചു. ഓരോ വ്യക്തികളെയും അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്ന വ്യക്തികൂടിയാണ് ഈ യുവഡോക്ടർ. ഗ്രാമീണ മേഖലയിലെ ഡോക്ടര്‍മാരുടെ ആവശ്യം മനസിലാക്കിയ അവര്‍ പതിനേഴു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ഇമെറ്റ് സ്‌കോളര്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
തന്റെ നേട്ടത്തെക്കുറിച്ചു ജജനി പ്രതികരിച്ചത് ഇപ്രകാരമാണ്. “ഞാൻ ഒരു സാധാരണ വ്യക് തിയാണ്. പക്ഷേ ജീവിതത്തിൽ വിജയിക്കുവാനും കഷ്ടപ്പാടുകള്‍ തരണം ചെയ്യാനുമുള്ള അസാധാരണ പ്രേരണ എന്നും ഒപ്പമുണ്ട്.” “ആരോഗ്യത്തോടെ ഇരിക്കാനും, പ്രവർത്തനത്തെ സ്‌നേഹിക്കാനും മറ്റുള്ളവരെ സഹായിക്കാനും എനിക്ക് ഭാഗ്യമുണ്ടെന്നാണ് കരുതുന്നത്. ക്യാൻസർ പൂർണമായി പരാജയപ്പെടില്ല. ആളുകളെയും അവരുടെ ജീവിതത്തെയും നല്ല കാലത്തിലേക്ക് തിരികെയെത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബാഹ്യമായ മുറിവുകള്‍ സുഖപ്പെടുത്താനെ ഞങ്ങൾക്ക് കഴിയൂ. ആന്തരികമായ മുറിവുകൾ സുഖപ്പെടുത്തുന്നത് ദൈവമാണ്.” ജജനി കൂട്ടിച്ചേർത്തു.
മാഞ്ചസ്റ്ററിലെ അസോസിയേഷന്‍ ഓഫ് ബ്രെസ്റ്റ് സര്‍ജറി കോണ്‍ഫറന്‍സ്, യുകെ റേഡിയോളജി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിൽ ഒന്നാം സമ്മാനം, കേംബ്രിഡ് ജിലെ അഡെന്‍ബ്രൂക്‌സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സിലെ മികച്ച ഗവേഷണത്തിനുള്ള ഒന്നാം സമ്മാനം, ലണ്ടന്‍ ക്യു ഇ ഹോസ്പിറ്റല്‍ റെയ്‌സിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിസര്‍ച്ച് കോണ്‍ഫറന്‍സ് എന്നിവയിലുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഈ യുവഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. ജനീവയില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ ഗ്രാജുവേറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാനും അവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിംഗ്‌സ് കോളേജ് ലണ്ടന്‍, നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി, (യുഎസ്എ), ഡ്യൂക്ക് യൂണിവേഴ്‌സിറ്റി (യുഎസ്എ), ബാപ്രാസ് ലണ്ടന്‍, റോട്ടര്‍ഡാം, യൂറോപ്യന്‍ ജനറ്റിക്‌സ് കോണ്‍ഫറന്‍സ്- ആംസ്റ്റര്‍ഡാം, ദി അമേരിക്കന്‍ തൊറാസിക് സൊസൈറ്റി, ദി ഇന്റര്‍നാഷണല്‍ കാന്‍സര്‍ ഇമേജിംഗ് കോണ്‍ഗ്രസ്, ദി വെല്‍ക്കം സാങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ ജജനി തന്റെ ഗവേഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകിയും, ചിത്രകാരിയുമായ ഡോ. ജജനി വര്‍ഗീസ് ആ മേഖലയിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ലണ്ടനിലാണ് ഇപ്പോൾ താമസം. ജജനിയുടെ വൻ നേട്ടത്തിൽ പ്രവാസി മലയാളികൾ അഭിമാനം കൊള്ളുകയാണ്. ഒരു യുവ മലയാളി ഡോക്ടർ ലോകത്ത് ഇന്ന് അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുന്നതിൽ നമുക്കും അഭിമാനിക്കാം.
2020ലെ ഔട്ട്സ്റ്റാൻഡിങ് യങ് പേഴ്സൺ ഓഫ് ദി വേൾഡ് അവാർഡ് കിട്ടിയ ഡോ. ജജനി വര്‍ഗീസിന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.
Leave a Reply