സ്വന്തം ലേഖകന്‍
മജ്ജയിലുള്ള പ്രത്യേക മൂലകോശങ്ങള്‍ ശരീരത്തിനാവശ്യമായ രീതിയില്‍ ചുവപ്പു രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലറ്റുകള്‍ എന്നിവയായി രൂപപ്പെടാന്‍ കഴിവുള്ളവയാണ്. ഈ മൂലകോശങ്ങളുടെ പ്രവര്‍ത്തനത്തെയാണ് രക്താര്‍ബുദം ബാധിക്കുന്നത്. അതുവഴി മൂലകോശങ്ങള്‍ അനിയന്ത്രിതമായി, അസാധാരണയായി രക്താണുക്കളെ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള അസാധാരണ രക്തകോശങ്ങള്‍ അഥവാ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ അണുബാധക്കെതിരെ പൊരുതുക, ശക്തമായ രക്തപ്രവാഹത്തെ തടയുക എന്നിങ്ങനെയുള്ള രക്തത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ തടയുന്നു. ഇവ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. രക്താര്‍ബുദത്തെ തടയുന്നതിനായി വൈദ്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഒന്നാണ് മജ്ജ മാറ്റിവയ്ക്കല്‍ അഥവ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് (ബി.എം.ടി). രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണ് സുഖപ്പെടാനുള്ള ഏക വഴി.
ബി.എം.ടി.യില്‍ രോഗിയുടെ കേടുപറ്റിയ അല്ലെങ്കില്‍ നശിച്ചുപോയ മജ്ജയിലെ മൂലരക്തകോശങ്ങള്‍ മാറ്റി ആരോഗ്യമുള്ള ദാതാവിന്റെ മജ്ജ വയ്ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ 1983ലാണ് ആദ്യമായി ബി.എം.ടി ചെയ്തത്. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ബാധിച്ച ഒമ്പതു വയസുകാരിയിലായിരുന്നു ഇത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതിക വിദ്യകളും ഈ രീതിയെ കൂടുതല്‍ സുരക്ഷിതവും പ്രയോജനപ്രദവും ആക്കിത്തീര്‍ക്കുകയാണ് ഇപ്പോള്‍.
മൂലകോശങ്ങള്‍ക്ക് മൂന്നു സ്രോതസ്സുകളാണുള്ളത്. മജ്ജ, പെരിഫറല്‍ രക്തം, പൊക്കിള്‍ക്കൊടിയിലെ രക്തം എന്നിവ. ഇവയില്‍ ഏതെങ്കിലുമുള്ള കോശങ്ങളില്‍ ഒന്ന് മാറ്റിവയ്ക്കുന്നതിന് ഉപയോഗിക്കാം. മജ്ജ മാറ്റിവയ്ക്കല്‍ മൂന്നു തരത്തിലാണുള്ളത്. ഇന്ന് കൂടുതലായി ഉപയോഗിക്കുന്ന മൂലകോശ സ്രോതസ് പെരിഫറല്‍ മൂലരക്തകോശങ്ങളാണ് (ദാതാവിനെ സംബന്ധിച്ച് രക്തദാനത്തിന് തുല്യമാണത്).
മൂന്നു രീതിയിലുള്ള മജ്ജ മാറ്റിവയ്ക്കലുകളാണുള്ളത്. സ്വന്തം മൂലരക്തകോശങ്ങള്‍ തന്നെ സ്വീകരിക്കുന്ന ഓട്ടോലോഗസ് രീതി, സാദൃശ്യമുള്ള ഇരട്ടയില്‍നിന്നും മൂലരക്തകോശങ്ങള്‍ സ്വീകരിക്കുന്ന സിന്‍ജീനിക് രീതി, ആരോഗ്യമുള്ള മുതിര്‍ന്നവരില്‍നിന്നും, സാധാരണയായി സഹോദരന്‍, സഹോദരി (അല്ലെങ്കില്‍ രക്തബന്ധമുള്ളവര്‍) എന്നിവരില്‍നിന്നും മൂലരക്തകോശങ്ങള്‍ സ്വീകരിക്കുന്ന അലോജനിക് രീതി എന്നിവയാണവ. രോഗിയുമായി ബന്ധമില്ലാത്ത ഏതെങ്കിലുമൊരു വ്യക്തിയുടെ മൂലരക്തകോശങ്ങള്‍ അനുയോജ്യമാണെങ്കില്‍ മജ്ജ മാറ്റിവയ്ക്കുന്നതിനുപയോഗിക്കാം. മുഴുവനായോ ഭാഗികമായോ എച്ച്.എല്‍.എ ജനിതക ടൈപ്പ് യോജിച്ചതാണെങ്കില്‍ മാത്രമേ മൂലരക്തകോശങ്ങള്‍ ദാനം ചെയ്യാന്‍ പാടുള്ളൂ മജ്ജ ദാനം ചെയ്യുന്നത് പെരിഫറല്‍ രക്തത്തില്‍നിന്നോ മജ്ജയില്‍നിന്നോ ആവാം.
പെരിഫറല്‍ മൂലരക്തകോശങ്ങള്‍ മാറ്റിവയ്ക്കുന്നത് ശസ്ത്രക്രിയ ആവശ്യമില്ലാത്ത രീതിയാണ്. കൈകളില്‍നിന്നുള്ള രക്തം എടുത്ത് ഒരു ഉപകരണത്തിലൂടെ മൂലരക്തകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. ഇടുപ്പിലെ എല്ലില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന മജ്ജയില്‍നിന്നുള്ള മൂലരക്തകോശങ്ങളും ദാനം ചെയ്യാവുന്നതാണ്. ബി.എം.ടി രീതി ലളിതമായ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ജീവനു ഭീഷണിയായ രക്താര്‍ബുദം ബാധിച്ച രോഗിയുടെ മൂലകോശങ്ങളെ ഉയര്‍ന്ന ഡോസിലുള്ള കീമോതെറാപ്പിയിലൂടെ റേഡിയേഷന്‍ ഉപയോഗിച്ചോ അല്ലാതെയോ നശിപ്പിക്കുന്നു. അതിനുശേഷം അനുയോജ്യമായ ദാതാവില്‍നിന്നെടുത്ത സ്വാഭാവിക മൂലകോശങ്ങള്‍ രോഗിയിലേക്ക് കുത്തിവയ്ക്കുന്നു. തുടര്‍ന്ന് രോഗിയെ രോഗപ്രതിരോധനിയന്ത്രണ സംവിധാനമുള്ള സുരക്ഷിതമായ സാഹചര്യത്തില്‍ ശുശ്രൂഷിക്കുന്നു. പുതിയതായി കുത്തിവച്ച മൂലകോശങ്ങള്‍ മജ്ജയില്‍ നിലയുറപ്പിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് സാധാരണരീതിയുള്ള രക്തകോശങ്ങള്‍ ആവശ്യാനുസരണം ഉത്പാദിപ്പിക്കുകയും അങ്ങനെ രോഗം സുഖമാകുകയും ചെയ്യുന്നു.
വിവരങ്ങള്‍:
ഡോ. വിവേക് രാധാകൃഷ്ണന്‍
കണ്‍സള്‍ട്ടന്റ് മെഡിക്കല്‍
ഓങ്കോളജി / ഹെമറ്റോ ഓങ്കോളജി,
ബോണ്‍ മാരോ ട്രാന്‍സ്പ്‌ളാന്റ് ഫിസിഷ്യന്‍, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി
Leave a Reply