ലണ്ടന്‍: ഡ്രേയ്ട്ടണ്‍ മാനര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ 11 വയസുള്ള പെണ്‍കുട്ടി മരിച്ചു. സ്പ്ലാഷ് കാന്യന്‍ വാട്ടര്‍ റൈഡില്‍ നിന്ന് വീണാണ് കുട്ടി മരിച്ചതെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. ലെസ്റ്റര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ കുട്ടിയെ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ജാമിയ ഗേള്‍സ് അക്കാഡമി എന്ന ഫെയ്ത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.
സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയാണ് ദുരന്തമായി മാറിയത്. ഡ്രേയ്ട്ടണ്‍ മാനറിലേക്ക് സ്‌കൂളില്‍ നിന്ന് യാത്ര പോയതാണെന്ന് ലെസ്റ്റര്‍ മുസ്ലിം അസോേസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. അപകടം നടന്നതായി പാര്‍ക്ക് ഡയറക്ടര്‍ ജോര്‍ജ് ബ്രയാനും സ്ഥിരീകരിച്ചു. കുട്ടി വെള്ളത്തില്‍ വീണതായി അറിയിപ്പ് കിട്ടിയതിനേത്തുടര്‍ന്ന് പരിശീലനം നേടിയ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായും വെസ്റ്റ് മിഡ്‌ലാന്‍ഡ് എയര്‍ ആംബുലന്‍സ് സര്‍വീസില്‍ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് വളരെ വേഗം മാറ്റുകയുമായിരുന്നുവെന്നും ബ്രയാന്‍ പറഞ്ഞു.
എല്ലാ കുട്ടികളുടെയും രക്ഷാകര്‍ത്താക്കള്‍ക്ക് യാത്രയേക്കുറിച്ച് അറിയാമായിരുന്നുവെന്ന് ജാമിയ അക്കാഡമി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തേത്തുടര്‍ന്ന് തീം പാര്‍ക്ക് ബുധനാഴ്ച അടച്ചിട്ടു. 1940കളിലാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.
Leave a Reply