ലണ്ടന്‍: കുറഞ്ഞ അളവിലാണെങ്കില്‍ പോലും ദിവസവും മദ്യപിക്കുന്നവര്‍ക്ക് അത്ര സന്തോഷം പകരുന്ന വാര്‍ത്തയല്ല പുതിയ പഠനം നല്‍കുന്നത്. ആല്‍ക്കഹോളിന്റെ നിരന്തര ഉപയോഗം മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രതികരണ ശേഷിയെ ബാധിക്കുമെന്ന് പഠനം പറയുന്നു. ഒരു പൈന്റ് ബിയറിന്റെ മൂന്നിലൊന്ന് ഭാഗത്തിനു പോലും ഈ ദോഷഫലത്തിന് കാരണക്കാരനാകാം. 10 ഗ്രാം അല്ലെങ്കില്‍ ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ദിവസവും ഉള്ളില്‍ ചെല്ലുന്നവരുടെ കോഗ്നിറ്റീവ് ഫങ്ഷന്‍ കുറയുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായത്.
പ്രായത്തിന് അനുസരിച്ച് ആല്‍ക്കഹോളിന്റെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു. ആരോഗ്യത്തിന് ദോഷകരമാകാതിരിക്കാന്‍ 16 ഗ്രാമില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കഴിക്കരുതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നിര്‍ദേശിക്കുന്നത്. ഇത് രണ്ട് യൂണിറ്റോളം വരും. ഒരു പൈന്റ് ബിയര്‍ മാത്രം ഒരു യൂണിറ്റ് വരും. അതുപോലെ ഒരു സ്റ്റാന്‍ഡേര്‍ഡ് ഗ്ലാസിന്റെ പകുതിയോളം വൈനിലും ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ഉണ്ടാകും. 10 ഗ്രാം, അല്ലെങ്കില്‍ ഒരു യൂണിറ്റില്‍ കൂടുതല്‍ മദ്യപിക്കുന്നത് ശരീരത്തിന് ദോഷകരമാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.
2006നും 2010നുമിടയില്‍ നടത്തിയ പഠനത്തില്‍ 40നും 72നുമിടയില്‍ പ്രായമുള്ള 13,342 ആളുകളെയാണ് നിരീക്ഷിച്ചത്. ചോദ്യാവലികളുടെ സഹായത്തോടെ ഇവരുടെ മദ്യപാന സ്വഭാവത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. രണ്ട് കാര്‍ഡുകള്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കാട്ടിയാണ് ഇവരുടെ മസ്തിഷ്‌കത്തിന്റെ പ്രതികരണശേഷി അളന്നത്. പഠനത്തിന്റെ വിശദ വിവരങ്ങള്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply