വേനല്‍ച്ചൂട് കടുത്തതോടെ ശരീരത്തെ സംരക്ഷിക്കാനുള്ള മുൻകരുതലുകള്‍ എടുക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ദിവസവും ശരാശരി ഒരാള്‍ രണ്ട് ലിറ്റർ വെള്ളം കുടിക്കണം. കടുത്ത വേനലില്‍ പുറത്തേക്കിറങ്ങിയാല്‍ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥയാണ്. ഇതില്‍ നിന്ന് രക്ഷനേടാനാണ് ദിവസേന രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്ന് പറയുന്നത്.

പഴവർഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനും വേനല്‍ച്ചൂടില്‍ നിന്ന് അല്പം ആശ്വാസം കിട്ടുന്നതിനും നല്ലതാണ്. നേത്രപഴങ്ങള്‍, മാങ്ങ, ചക്ക, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവ ധാരാളം കഴിക്കണം. ഇവയെല്ലാം നാട്ടില്‍ സുലഭമായി കിട്ടുന്നവയാണ്.

എന്നാല്‍ ഇറക്കുമതി ചെയ്ത പഴവർഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ആപ്പില്‍, ഓറഞ്ചുകള്‍, മുന്തിരി, പഴം, ഡ്രാഗണ്‍ ഫ്രൂട്ട്സ്, സപ്പോർട്ട തുടങ്ങിയവ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്ന് എത്തുന്നവയാണ്. ഇവയിലെല്ലാം കെമിക്കലുകള്‍ തളിച്ചാണ് എത്തുന്നത്. ആപ്പിള്‍ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. അതില്‍ ചേർത്തിരിക്കുന്ന കെമിക്കല്‍ മാരക രോഗങ്ങള്‍ക്കും വരെ കാരണമാകാം. ദാഹം കൂടുമ്ബോള്‍ തണുത്ത വെള്ളവും ഐസ്ക്രീമും കഴിക്കുന്നവരുണ്ട്. ആദ്യം തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഒടുവില്‍ ഉഷ്ണമുണ്ടാക്കും. വേനലിനെയും ചൂടിനെയും തടുക്കാൻ വെള്ളം മാത്രം കുടിച്ചാല്‍ പോര, അതോടൊപ്പം പഴങ്ങളും കഴിക്കുന്നത് നല്ലതാണ്. ഈ സമയത്ത് പഴങ്ങളെ ആശ്രയിക്കുമ്ബോള്‍ അതിലെ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വർദ്ധിപ്പിക്കും.

തണ്ണിമത്തൻ

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള പഴമാണ്. വിറ്റമിൻ എ, വിറ്റമിൻ ബി 6, വിറ്റമിൻ ബി1, വിറ്റമിൻ സി, ഫൈബർ, സിങ്ക്, മഗ്നീഷ്യം തുടങ്ങി പോഷക ഘടകങ്ങളുടെ കലവറയാണ് തണ്ണിമത്തൻ. സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും തണ്ണിമത്തന് കഴിയും.

നേത്രപഴം

ആപ്പിളില്‍ നിന്ന് കിട്ടുന്ന വൈറ്റമിനേക്കാള്‍ അധികം വൈറ്റമിനുകള്‍ ലഭിക്കും. പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും വൈറ്റമിൻ ബി.6, വൈറ്റമിൻ സി എന്നിവയുള്‍പ്പെടെ വിവിധ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.

ചക്കപഴം

ശരീരത്തിലെ ജലാംശം നിലനിറുത്താനും സൗന്ദര്യം നിലനിറുത്താനും ഈ പഴത്തിന് കഴിയുമെന്നാണ് പഴമക്കാർ പറയുന്നത്. പഠനങ്ങളും ഇത് ശരിവയ്ക്കുന്നുണ്ട്. വൈറ്റമിൻ സി, ബി എന്നിവയും മിനറല്‍സും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്.

മാങ്ങ

ബീറ്റാകരോട്ടിനും പൊട്ടാസ്യവും ധാരാളമടങ്ങിയ പഴമാണിത്. വേനലില്‍ ശരീരത്ത് പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചർമ്മത്തിനുണ്ടാകാവുന്ന ചുളുവുകള്‍, കറുത്തപാടുകള്‍ എന്നിവ മാറ്റാനും ചർമ്മത്തെ തിളക്കമുള്ളതായി സൂക്ഷിക്കാനും മാമ്ബഴത്തിന് കഴിയും. അതോടൊപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തില്‍ ജലാംശം നിലനിറുത്തുകയും ചെയ്യും.

ഓറഞ്ച്

170ഓളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പെക്റ്റിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ശരീരത്തില്‍ ഊർജ്ജം നിലനിറുത്താൻ ഓറഞ്ചിലടങ്ങിയ മാന്ത്രിക ഗുണങ്ങള്‍ക്ക് കഴിയും ഇത് വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലത്തിന്റെ അംശം നിലനിറുത്തുകയും ചെയ്യും.