ആലപ്പുഴ സ്വദേശിയായ യുവാവിനെ ചങ്ങനാശ്ശേരിക്കുസമീപം പൂവത്ത് സുഹൃത്തിന്റെ വീടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ആര്യാട് മൂന്നാം വാര്‍ഡ് കിഴക്കേവെളിയില്‍ പുരുഷന്റെ മകന്‍ ബിന്ദുകുമാറി (ബിന്ദുമോന്‍-42)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിന് സമീപം പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എ.സി.കോളനി ഭാഗത്തുള്ള മുത്തുകുമാറിന്റെ വാടകവീട്ടിലാണ് മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുപിന്നില്‍ മുത്തുകുമാറാണെന്നാണ് സൂചന. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ സുഹൃത്തിനൊപ്പം കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

26 മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലായിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞ് പോയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വൈകിയും വരാഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. അമ്മ കമലമ്മ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. ഇതിനിടെ ബിന്ദുകുമാറിന്റെ ബൈക്ക് ചങ്ങനാശ്ശേരി വാകത്താനത്ത് തോട്ടില്‍ കണ്ടെത്തിയതോടെ ഇയാള്‍ കോട്ടയം ജില്ലയിലെത്തിയെന്ന് ഉറപ്പായി.

ബിന്ദുകുമാറിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ച പോലീസ്, ഇയാള്‍ അവസാനം വിളിച്ചത് സുഹൃത്തായ മുത്തുകുമാര്‍ എന്നയാളിനെയാണെന്ന് കണ്ടെത്തി. ലൊക്കേഷന്‍ പ്രകാരം തിരുവല്ലയില്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് പൂവത്തും ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. മുത്തുകുമാര്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലായി. ആലപ്പുഴ നോര്‍ത്ത് പോലീസ് മുത്തുകുമാറിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. ഇത് കൂടുതല്‍ സംശയം ജനിപ്പിച്ചു. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി പോലീസെത്തി മുത്തുകുമാറിന്റെ വീട് ബന്തവസ്സിലാക്കി.

മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ്. മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തി. പരിശോധനയില്‍ വീടിന്റെ ചാര്‍ത്തിലെ കോണ്‍ക്രീറ്റ് സമീപദിവസങ്ങളില്‍ ഇളക്കി പ്ലാസ്റ്റര്‍ചെയ്തതായി കണ്ടെത്തി. ഇതാണ് മൃതദേഹം ഇതിനുള്ളില്‍ മൂടിയെന്ന സംശയം ഉണ്ടാകാന്‍ കാരണം. 26-ന് ബിന്ദുകുമാര്‍ മുത്തുകുമാറിന്റെ വീട്ടിലെത്തിയെന്നാണ് പോലീസിന് ലഭിച്ച സൂചന. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

എ.സി.റോഡ് കോളനിയിലെ മാലിത്തറയില്‍ ശ്രീമതിയും മരുമകള്‍ അജിതയും ആ ഞെട്ടലില്‍നിന്ന് ഇതുവരെ മോചിതരായിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് വീടിനുപരിസരത്ത് ആളുകള്‍ നടക്കുന്നതിന്റെയും ഫോണില്‍ സംസാരിക്കുന്നതിന്റെയും ശബ്ദംകേട്ടത്. പുറത്ത് ആലപ്പുഴയില്‍നിന്നെത്തിയ പോലീസുകാരായിരുന്നു. അവര്‍ അജിതയുടെ ഭര്‍ത്താവും ഗൃഹനാഥനുമായ ഗോപനോട് വിവരങ്ങള്‍ പറഞ്ഞു. പോലീസില്‍നിന്ന് അറിഞ്ഞ വിവരങ്ങള്‍കേട്ട് ആ വീട്ടുകാര്‍ വിറങ്ങലിച്ചുപോയിരുന്നു. തൊട്ടടുത്ത വീട്ടില്‍ ഒരു മൃതദേഹം കുഴിച്ചുമൂടിയെന്ന വിവരം വിശ്വസിക്കാനാകാതെ ഇവര്‍ നിന്നു. സംശയനിഴലിലുള്ള മുത്തുകുമാര്‍ എന്നയാള്‍ വാടകയ്ക്കുതാമസിക്കുന്ന വീടാണത്.

അടുത്തുള്ളവരോടുപോലും സമ്പര്‍ക്കമില്ല

നാലുമാസം മുമ്പാണ് മുത്തുകുമാറും മൂന്നു മക്കളുമടങ്ങുന്ന കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. എന്നാല്‍, ഇവര്‍ ആരുമായും കാര്യമായ അടുപ്പം കാണിക്കാറില്ലായിരുന്നു. മുത്തുകുമാര്‍ കെട്ടിടനിര്‍മാണത്തിനാവശ്യമായ കമ്പിപ്പണി ജോലിചെയ്യുകയായിരുന്നു. മുത്ത്, മുത്തു എന്നിങ്ങനെ നാട്ടുകാര്‍ ഇയാളെ വിളിച്ചിരുന്നു.

ദിവസങ്ങള്‍ക്കുമുമ്പേ മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റി

മുത്തുകുമാര്‍ ദിവസങ്ങള്‍ക്കുമുമ്പേ പായിപ്പാട്ടുള്ള ബന്ധുവീട്ടിലേക്ക് കുട്ടികളെ മാറ്റിയെന്നാണ് പോലീസ് കരുതുന്നത്. എ.സി.കോളനിയിലുള്ള ഭാര്യാസഹോദരന്മാരുടെ വീട്ടില്‍ കുട്ടികളെ ആക്കാതെ പായിപ്പാട്ടെ ബന്ധുവീട്ടില്‍ കുട്ടികളെ ആക്കിയത് എന്തിനെന്ന് ഇയാള്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. ഇത് സംശയമുന ഇയാളിലേക്ക് എളുപ്പം നീളാനിടയാക്കി.

വാകത്താനത്തുനിന്ന് കിട്ടിയ ബൈക്ക്

വാകത്താനത്ത് തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കാണ് കേസില്‍ നിര്‍ണായകമായത്. ഈ ബൈക്ക്, കാണാതായ ബിന്ദുകുമാറിന്റേതാണെന്ന് പോലീസ് കണ്ടെത്തി. ആലപ്പുഴയുമായി ബന്ധപ്പെട്ട് ബിന്ദുകുമാറിന്റെ തിരോധാന വിവരങ്ങളും ശേഖരിച്ചു. ബൈക്ക് ഇവിടെ വരാന്‍ കാരണം മുത്തുവുമായുള്ള സൗഹൃദമെന്ന് കണ്ടെത്തി. ഫോണിലെ വിളിവിവരങ്ങളും അത് ശരിവെച്ചു.

വീട് പോലീസ് വലയത്തില്‍

മൃതദേഹം കുഴിച്ചിട്ടതെന്ന് സംശയിച്ച വീട് പോലീസ് രഹസ്യമായെത്തി നിയന്ത്രണത്തിലാക്കി. ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. മൃതദേഹം ഇവിടെയെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചു. ശനിയാഴ്ച ശാസ്ത്രീയ തെളിവെടുപ്പ് വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി. ചങ്ങനാശ്ശേരി തഹസീല്‍ദാര്‍ വിജയസേനന്റെ മേല്‍നോട്ടത്തില്‍ വീടിനുപുറകിലെ ചാര്‍ത്തിലെ സാധനങ്ങള്‍ മാറ്റി, കോണ്‍ക്രീറ്റുഭാഗം പൊളിച്ച് പ്ലാസ്റ്റര്‍ചെയ്ത ഭാഗം വീണ്ടും പൊട്ടിച്ചു. മണ്ണുമാറ്റിയതോടെ മൃതദേഹത്തിന്റെ കൈകള്‍ ആദ്യം പുറത്തുകണ്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോണ്‍ക്രീറ്റ് തറ പൊട്ടിക്കാന്‍ ഗിരീഷും കനകനും

എ.സി.റോഡ് കോളനിയിലെതന്നെ താമസക്കാരും ടൈല്‍ പണിക്കാരുമായ ഗിരീഷ്‌കുമാറും കനകനും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. അലവാങ്കും തൂമ്പയുമായിരുന്നു കോണ്‍ക്രീറ്റ് കുത്തിപ്പൊളിക്കാനുള്ള ആയുധങ്ങള്‍. ഇതിനിടയില്‍ ഒരു കരണ്ടിക്കായി പോലീസുകാരുടെ നെട്ടോട്ടം. ഒടുവില്‍ കോളനിയിലെ മേസ്തിരിയുടെ പക്കല്‍നിന്ന് കരണ്ടിയും എത്തിച്ചു. ഒരു മനുഷ്യന്റെ മൃതദേഹം മണ്ണില്‍നിന്ന് പുറത്തെടുക്കേണ്ടിവന്ന മനസ്സുനോവിക്കുന്ന അനുഭവം ഇരുവരുടെയും ഉള്ളുലച്ചു. അതവരുടെ വാക്കിലും മുഖത്തും പ്രകടമായിരുന്നു.

ഞെട്ടൽ മാറാതെ… എ.സി.കോളനി നിവാസികൾ

എ.സി.കോളനി നിവാസികൾ ഒരു വിളിപ്പാടകലെ നടന്ന കൊലപാതകവാർത്ത പുറത്തറിഞ്ഞതോടെ ഞെട്ടിത്തരിച്ച അവസ്ഥയിലായിരുന്നു. സമീപത്തെ വീടുകളിലുള്ളവർക്കുപോലും ഇത് വിശ്വസിക്കാനാകുമായിരുന്നില്ല. വീടിനുള്ളിലെ തറ മാന്തി മൃതദേഹം പുറത്തെടുക്കുന്നതുവരെ, ഇത് സത്യമായിരിക്കരുതേയെന്ന പ്രാർഥനയിലായിരുന്നു അവർ. വിവരം അറിഞ്ഞതുമുതൽ എ.സി.റോഡിൽനിന്ന് ഒരുകിലോമീറ്ററകലെയുള്ള ഈ വീട്ടിലേക്ക്‌ ഇരുചക്രവാഹനത്തിലും കാൽനടയായും എത്തി വിവരങ്ങൾ തിരക്കുന്നവരുടെ തിരക്കായിരുന്നു. റോഡിന്റെ വീതിക്കുറവും ഒരുഭാഗത്ത് കനാലുമായതോടെ സൗകര്യപൂർവം നിൽക്കുന്നതിനുപോലും ഇടമില്ലാത്ത അവസ്ഥ. പോലീസ് ഉദ്യോഗസ്ഥർപോലും ഇരുചക്രവാഹനത്തിലാണ് സ്ഥലത്തെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് ബിന്ദുമോന്റെ (ബിന്ദന്‍) മരണവാര്‍ത്തയറിഞ്ഞു ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍ അമ്മ കമലമ്മയും അച്ഛന്‍ പുരുഷനും ഊണുകഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആരും ഒന്നുംപറഞ്ഞിരുന്നില്ല. വീട്ടുമുറ്റത്തു പന്തലുയര്‍ന്നപ്പോഴാണു മകന്റെ വിയോഗം അവരറിഞ്ഞത്. അതോടെ ആ വൃദ്ധദമ്പതിമാര്‍ തളര്‍ന്നുപോയി. പുരുഷന്റെയും കമലമ്മയുടെയും ഇളയമകനാണു ബിന്ദുമോന്‍. ജ്യേഷ്ഠന്‍ സജിയുടെ മക്കളായ അപര്‍ണയോടും അഭിരാമിനോടുമായിരുന്നു ഏറെയടുപ്പം. എവിടെയെങ്കിലും പോയിവരാന്‍ വൈകിയാല്‍ അപര്‍ണയെ വിളിച്ചു പറയാറാണു പതിവ്.

എന്നാല്‍, തിങ്കളാഴ്ച വീട്ടില്‍നിന്നുപോയ ബിന്ദുമോന്‍ ചൊവ്വാഴ്ച രാത്രിയായിട്ടും എത്തിയില്ല. വീട്ടിലേക്കു വിളിച്ചുമില്ല. ഇതോടെയാണു സഹോദരന്‍ സജി പോലീസില്‍ പരാതി നല്‍കിയത്. അമ്മയ്ക്കുമച്ഛനും ഒപ്പം കുടുംബവീട്ടിലാണു ബിന്ദുമോന്റെ താമസം. സജി താമസിക്കുന്നതു തൊട്ടടുത്ത്. ബിന്ദുമോനു രണ്ടു സഹോദരന്മാരുള്ളതില്‍ സജിക്കു മാത്രമാണു മകളുള്ളത്. രണ്ടാമത്തെ ജ്യേഷ്ഠനായ ഷണ്‍മുഖന് ആണ്‍മക്കളാണ്. സഹോദരിമാരില്ലാത്ത ബിന്ദുമോനു കുടുംബത്തിലെ ഏക പെണ്‍തരിയായ അപര്‍ണയോടു ഏറെ വാത്സല്യമായിരുന്നു. അതിനാല്‍ മരണവിവരം ഇവരെയറിയിക്കാന്‍ ബന്ധുക്കള്‍ ഏറെ വിഷമിച്ചു. തങ്ങളുടെയെല്ലാമായ ചിറ്റപ്പന്‍ ഇനി തിരിച്ചെത്തില്ലെന്നറിഞ്ഞ് ഇരുവരും നിലവിളിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്കു സങ്കടമടക്കാനായില്ല.

തിങ്കളാഴ്ച രാവിലെ അമ്മയ്ക്കു കുടിക്കാന്‍ വെള്ളം കൊടുത്തിട്ടാണു ബിന്ദുമോന്‍ വീട്ടില്‍നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും ചിറ്റപ്പനെ കാണാഞ്ഞപ്പോള്‍ അപര്‍ണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വരാന്‍ വൈകുമ്പോള്‍ അപ്പൂപ്പനോടും അമ്മൂമ്മയോടും ആഹാരം കഴിച്ചു കിടന്നോളാന്‍ തന്നെ വിളിച്ചു പറയാറുണ്ടെന്ന് അപര്‍ണ പറഞ്ഞു.

വ്യാഴാഴ്ച വാകത്താനത്ത് തോട്ടില്‍നിന്നു ലഭിച്ച ബൈക്ക് ആര്യാട് സ്വദേശിയുടേതാണെന്നു മനസ്സിലാക്കിയ പോലീസ് ഉടമയെ തിരിച്ചറിയാന്‍ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ബൈക്കിന്റെ ചിത്രം തിരിച്ചറിഞ്ഞത് അപര്‍ണയും അഭിരാമുമാണ്. ഈ ബൈക്ക് അപകടത്തില്‍പ്പെട്ടതിന്റെ ലക്ഷണങ്ങളില്ലെന്ന് പോലീസ് അറിയിച്ചപ്പോഴാണു സഹോദരങ്ങള്‍ക്കു സംശയമായത്. വൈകാതെ കൊലപാതകവാര്‍ത്തയെത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിജുമോന്‍, അംഗങ്ങളായ കവിതാഹരിദാസ്, ഷീനാസനല്‍കുമാര്‍ എന്നിവരും ബന്ധുക്കളെ ആശ്വസിപ്പിക്കാനായെത്തി.

ആര്യാട് പഞ്ചായത്ത് മൂന്നാംവാര്‍ഡ് കിഴക്കേവെളിയില്‍ ബിന്ദുമോന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാകുന്നില്ല. എല്ലാവരോടും സൗമ്യമായും സ്‌നേഹത്തോടെയും മാത്രമേ ബിന്ദുമോന്‍ ഇടപെടാറുള്ളൂവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബിന്ദുമോനും മുത്തുകുമാറും ആത്മമിത്രങ്ങളായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഇവരുടെ വീടുകള്‍. കൈതത്തില്‍ പ്രദേശത്തായിരുന്നു മുത്തുകുമാറിന്റെ താമസം. എട്ടുവര്‍ഷംമുമ്പ് ആദ്യം വലിയ കലവൂരിലേക്കും തുടര്‍ന്നു ചങ്ങനാശ്ശേരിക്കും താമസംമാറിയ മുത്തുകുമാറിനെക്കുറിച്ച് നാട്ടുകാര്‍ക്കു പിന്നീട് ഒരു അറിവുമില്ല. പഴയ സ്ഥലവുമായുള്ള ബന്ധം തുടര്‍ന്നതു ബിന്ദുമോനിലൂടെയാണ്. കഴിഞ്ഞാഴ്ച ബിന്ദുമോനൊടൊപ്പം മുത്തുകുമാറിനെ പാതിരപ്പള്ളിയില്‍വെച്ചു ചില സുഹൃത്തുക്കള്‍ കണ്ടിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നേതാജി ഷണ്മുഖം പ്രദേശത്തെ മരണാനന്തരച്ചടങ്ങിലും മണ്ണഞ്ചേരിയിലെ ഒരുമരണവീട്ടിലും പോകുകയാണെന്നു പറഞ്ഞാണു ബിന്ദുമോന്‍ വീട്ടില്‍നിന്നിറങ്ങിയത്. എന്നാല്‍, മണ്ണഞ്ചേരിയില്‍ എത്തിയില്ല. അന്നുരാവിലെ മറ്റു ചില സുഹൃത്തുക്കള്‍ ക്ഷണിച്ചെങ്കിലും അത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് ബിന്ദുമോന്‍ ഒഴിവായി. മുത്തുകുമാറുമായി നാട്ടില്‍ ബന്ധമുണ്ടായിരുന്നതു ബിന്ദുമോനു മാത്രമാണ്. മുമ്പൊരുതവണ വീട്ടില്‍ വന്നുപോയതായി ബിന്ദുമോന്റെ വീട്ടുകാര്‍ പറയുന്നു. ബിന്ദുമോന്റെ സൗഹൃദങ്ങള്‍ കൂടുതലും പ്രദേശത്തിനു പുറത്തുള്ളവരുമായിട്ടായിരുന്നെന്നു സഹോദരന്‍ ഷണ്‍മുഖന്‍ പറഞ്ഞു.

ചെറുകിട കയര്‍ഫാക്ടറിയിലെ ജോലിക്കു പുറമെ സ്ഥലക്കച്ചവടത്തില്‍ ചില ബ്രോക്കര്‍മാരെയും ബിന്ദുമോന്‍ സഹായിക്കാറുണ്ടായിരുന്നു. ബി.ജെ.പി. ആര്യാട് കിഴക്ക് മൂന്നാംവാര്‍ഡ് ചുമതലവഹിച്ചിരുന്ന ബിന്ദുമോന്‍ പാര്‍ട്ടി പഞ്ചായത്തു കമ്മിറ്റിയംഗവും ആയിരുന്നു മുത്തുകുമാറും ബി.ജെ.പി. അനുഭാവിയാണ്. ഏതാനും വര്‍ഷം മുമ്പ് ഒരുസംഘം ചെറുപ്പക്കാരും ബിന്ദുമോനും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ ഇടനിലനിന്നതു മുത്തുകുമാറായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ആത്മമിത്രങ്ങളായത്.

പായിപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ, ഗ്രാമപ്പഞ്ചായത്തംഗം ജി.ജയൻ എന്നിവർ സ്ഥലത്തെത്തി. കോട്ടയം എസ്.പി.കാർത്തികിന്റെ നിർദേശത്തെത്തുടർന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. സി.ജി.സനൽകുമാർ, സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി. എസ്.രാജീവ്. എസ്.എച്ച്.ഒ.മാരായി റിച്ചാർഡ് വർഗീസ്, ഇ.അജീബ്, അജിത്കുമാർ, യു.ശ്രീജിത്ത്, ടി.ആർ.ജിജു, എസ്.ഐ.മാരായ എൻ.ജയപ്രകാശ്, ആനന്ദക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.