ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ ഇന്ധനക്ഷാമം ഡ്രൈവർമാരുടെ അഭാവംമൂലമല്ല മറിച്ച്, അവർക്കെതിരെയുള്ള ചൂഷണങ്ങൾക്ക് ഒരുപരിധിവരെ അവസാനം വന്നതിനാലാണെന്ന് വിശദീകരിച്ചിരിക്കുകയാണ് വിവിധ ഡ്രൈവർമാർ. ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർ ആയ പോൾ സ്കൈസ് ആണ് തന്റെ അഭിപ്രായം മാധ്യമങ്ങളോട് പങ്കുവെച്ചത്. നാളുകളായി ഡ്രൈവർമാർ വിവിധതരത്തിലുള്ള ചൂഷണങ്ങൾ നേരിട്ട് വരികയായിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് മുൻപത്തെക്കാളും കുറച്ചു മണിക്കൂറുകൾ ജോലി ചെയ്താൽ ആവശ്യമായ വേതനം ലഭിക്കുന്ന സാഹചര്യത്തിൽ എത്തിനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണിക്കൂറിന് 11 പൗണ്ട് എന്നുള്ളതിൽ നിന്നും 30 പൗണ്ട് എന്ന രീതിയിലേയ്ക്ക് വേതനം വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ആഴ്ചയിൽ മൂന്നു ദിവസം മാത്രം ജോലി ചെയ്താലും, നേരത്തെ ലഭിച്ചിരുന്ന തുക ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മണിക്കൂർ പോലും വിശ്രമമില്ലാതെയുള്ള ജോലി ഡ്രൈവർമാർ അവസാനിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.


എന്നാൽ ഇന്ധന ക്ഷാമത്തിന്റെ ഫലമായി ബ്രിട്ടണിൽ ഉടനീളം ജനങ്ങളുടെ ഭാഗത്തുനിന്നും മോശമായ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. കുടിവെള്ള കുപ്പികളിലും മറ്റും ഇന്ധനങ്ങൾ ശേഖരിച്ച് വയ്ക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്നുണ്ട്. പമ്പുകൾക്ക് മുൻപിൽ യാത്രക്കാരുടെ നീണ്ട നിരയാണുള്ളത് . ട്രക്കുകൾ ഓടിക്കുന്നതിനായി ആർമിയുടെ സഹായം തേടുമെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. എന്നാൽ അത്തരമൊരു തീരുമാനം പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ധന ക്ഷാമം മൂലം നിരവധിപേർ കാൽനടയാത്രയെ ആശ്രയിക്കുകയാണ്. ഹെൽത്ത് കെയർ സ്റ്റാഫുകൾക്കും, ആവശ്യ ജീവനക്കാർക്കുമെല്ലാം ഇന്ധനം ലഭിക്കുന്നതിന് മുൻഗണന നൽകണമെന്ന ആവശ്യം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിലേക്ക് ഡ്രൈവർമാർ എത്തുവാൻ വിസമ്മതിച്ചിട്ടുമുണ്ട്.


ഇതിനിടെ ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, പമ്പുകളിലെ ജീവനക്കാർക്കെതിരെയുള്ള യാത്രക്കാരുടെ പ്രതികരണവും മോശമായി കൊണ്ടിരിക്കുകയാണ്. പത്ത് കാനുകൾ നിറയെ ഇന്ധനം നിറച്ച ശേഷം തങ്ങളുടെ സ്റ്റാഫിനെ യാത്രക്കാരൻ അപമാനിച്ചതായി പോൾസ്വർത് ഗാരേജ് ഉടമ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്റ്റാഫുകൾ വളരെ കാര്യമായി തന്നെ തങ്ങളുടെ ജോലികൾ ചെയ്യുവാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ധനക്ഷാമം ബ്രിട്ടണിൽ ഉടനീളം രൂക്ഷമാണ്. അത് ജനങ്ങൾ അംഗീകരിക്കണമെന്നും, സ്റ്റാഫുകൾ ക്കെതിരെയുള്ള മോശം പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.