50 മൈല്‍ സോണില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായ അപകടം വരുത്തിയ ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷ. 27കാരനായ ഇന്ത്യന്‍ വംശജന്‍ വരണ്‍ജ്യോത് സിങ് കന്‍ഡോളയ്ക്കാണ് ലെസ്റ്റര്‍ ക്രൗണ്‍ കോടതി കടുത്ത ശിക്ഷ വിധിച്ചത്. ജനുവരി 13 ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. തന്റെ കാമുകിയുമായി നൈറ്റ് ഔട്ടിന് പോയ ശേഷം തിരികെ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. അപകടസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസിന് സംശയമുണ്ട്. പക്ഷേ ആശുപത്രിയില്‍ വെച്ച് പോലീസുകാര്‍ ശേഖരിച്ച രക്ത സാമ്പിളുകള്‍ പരിശോധിക്കാന്‍ കന്‍ഡോള വിസമ്മതിച്ചതിനാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകട സമയത്ത് ഇയാള്‍ ഏതാണ്ട് 100 മൈല്‍ സ്പീഡിലാണ് വാഹനമോടിച്ചിരുന്നത്. അമിത വേഗതയില്‍ ഒരു വാനിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തുള്ള പോസ്റ്റില്‍ കാറിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാമുകി താന്‍വി മക്വാന സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു.
പോലീസ് ചോദ്യം ചെയ്യുന്നതിനു മുമ്പായി രാജ്യം വിടാനായിരുന്നു കന്‍ഡോളയുടെ തീരുമാനം. ഇതിനായി ഇന്ത്യയിലേക്കുള്ള വണ്‍വേ വിമാന ടിക്കറ്റ് ഇയാള്‍ ബുക്ക് ചെയ്തിരുന്നതായി ലെസ്റ്റര്‍ ക്രൗണ്‍ കോടതിയെ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് കടക്കാനുള്ള ഇയാളുടെ തീരുമാനം മുന്‍കൂട്ടി അറിഞ്ഞ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആഷ്ബിക്ക് സമീപമുുള്ള എ 512 പാതയിലാണ്അപകടമുണ്ടായത്. അപകടത്തില്‍ കന്‍ഡോളയുടെ മെഴ്‌സിഡസ് സി200 കാര്‍ കരണം മറിഞ്ഞതായി പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6 വര്‍ഷവും 9 മാസവും വാഹനമോടിക്കുന്നതില്‍ നിന്നും സിങ്-കന്‍ഡോളയെ കോടതി വിലക്കിയിട്ടുണ്ട്. ശിക്ഷാ കാലവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും കോടതി വിധിയില്‍ പറയുന്നു.
അശ്രദ്ധമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായെന്നതാണ് കന്‍ഡോളയ്‌ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. രക്തപരിശോധനയ്ക്കായി സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതും കുറ്റകരമായ പ്രവൃത്തിയായി പോലീസ് കണക്കിലെടുത്തിട്ടുണ്ട്. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നതായി കോടതിയെ അറിയിച്ചിട്ടുണ്ട്. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. സംഭവത്തിന് ശേഷം ജനുവരി 26ന് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ചോദ്യം ചെയ്യല്‍ ഫെബ്രുവരി 2ലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തുവെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ ജനുവരി 27ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Reply