ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തിൽ ഇറങ്ങുന്ന കാലം അടുത്തു വന്നിരിക്കുകയാണ്. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന വേമോ (Waymo) എന്ന കമ്പനി, 2026 ൽ ലണ്ടനിൽ പൂർണ്ണമായും സ്വയം നിയന്ത്രിതമായ ടാക്സി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു . ഡ്രൈവർ ഇല്ലാതെ യാത്ര ചെയ്യാം എന്ന വാഗ്ദാനവുമായി കമ്പനി മുന്നോട്ട് വരുമ്പോൾ, ഇത് ബ്രിട്ടനിലെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കും എന്നാണ് വിലയിരുത്തൽ. ബ്രിട്ടൻ സർക്കാർ തന്നെ ഇത്തരം വാഹനങ്ങളുടെ നിയമാനുസൃത പ്രവർത്തനം വേഗത്തിലാക്കാൻ പദ്ധതികൾ തയ്യാറാക്കുകയാണ്. എന്നാൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും പുറത്തു വന്നിട്ടില്ല.
സാൻഫ്രാൻസിസ്കോ പോലെയുള്ള നഗരങ്ങളെ അപേക്ഷിച്ച് ലണ്ടൻ കൂടുതൽ തിരക്കേറിയതും സങ്കീർണ്ണമായ ഗതാഗത സംവിധാനമുള്ളതുമായ നഗരമാണ്. അതുകൊണ്ട് തന്നെ ഡ്രൈവർ ഇല്ലാത്ത കാറുകൾ ഈ സാഹചര്യങ്ങളിൽ എത്രത്തോളം ഫലപ്രദമായി പ്രവർത്തിക്കും എന്നതിൽ വിദഗ്ധർക്ക് സംശയമുണ്ട്. ലണ്ടനിലെ റോഡുകളിൽ ആളുകൾ നിരന്തരം റോഡ് മുറിച്ചു കടക്കാറുണ്ട്. വേമോയുടെ സെൻസർ കാണുമ്പോൾ ആളുകൾ ഉറപ്പായും വാഹനം നിർത്തുമെന്ന് കരുതി വഴിയിലൂടെ നടക്കും എന്ന് ടാക്സി ഡ്രൈവർ സംഘടനാ നേതാവ് സ്റ്റീവ് മക്നമാര അഭിപ്രായപ്പെട്ടു. യുകെയിൽ ആളുകൾക്ക് എവിടെ വേണമെങ്കിലും റോഡ് മുറിച്ചു കടക്കാം എന്നത് ഇത്തരം വാഹനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്.
വേമോയുടെ വരവിലൂടെ തൊഴിൽ രംഗത്തും വലിയ മാറ്റങ്ങൾ ആണ് പ്രതീക്ഷിക്കപ്പെടുന്നത് . ഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഡ്രൈവർ ഇല്ലാത്ത കാറുകളുടെ വ്യവസായം 38,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റൊരുവശത്ത്, സ്വകാര്യ ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, ഡെലിവറി ജോലിക്കാർ എന്നിവരുടെ തൊഴിൽ ഭാവിയിൽ അപകടത്തിലാകാമെന്ന ആശങ്കയും നിലനിൽക്കുന്നു. ബ്രിട്ടനിലെ ഏകദേശം 3 ലക്ഷം സ്വകാര്യ ടാക്സി ഡ്രൈവർമാരെയും 1 ലക്ഷം ചരക്ക് വാഹനം ഓടിക്കുന്നവരെയുമാണ് നേരിട്ട് ബാധിക്കപ്പെടാൻ സാധ്യതയുള്ളത്. പൊതുജന അഭിപ്രായ സർവേകൾ പ്രകാരം, ഡ്രൈവർ ഇല്ലാത്ത കാറുകളെ പറ്റിയുള്ള വിശ്വാസം ഇപ്പോഴും യുകെയിൽ കുറവാണ് . അതേസമയം, കാഴ്ചപ്രശ്നമുള്ളവർ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾ ഈ സാങ്കേതികവിദ്യയെ യാത്രാ സ്വാതന്ത്ര്യത്തിനുള്ള പുതു വഴിയാകും എന്ന് അഭിപ്രായപെടുന്നവരും ഉണ്ട് .
Leave a Reply