ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഡ്രൈവിംഗ് ടെസ്റ്റുകളുടെ നീണ്ട കാത്തിരിപ്പും ഓൺലൈൻ തട്ടിപ്പുകളും കുറയ്ക്കാൻ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. ഇനി മുതൽ ഡ്രൈവിംഗ് പഠിക്കുന്നവർക്ക് നേരിട്ട് മാത്രമേ ടെസ്റ്റ് ബുക്കിംഗ് ചെയ്യാൻ സാധിക്കൂ. നിലവിൽ ചില ഏജൻസികൾ ടെസ്റ്റ് സ്ലോട്ടുകൾ വാങ്ങി വൻ തുകയ്ക്ക് വീണ്ടും വിൽക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പുതിയ നടപടികൾ വിദ്യാർത്ഥികളെ “ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുത്തും” എന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഹൈഡി അലക്സാണ്ടർ പറഞ്ഞു,

ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് ഇനി അവരുടെ വിദ്യാർത്ഥികളുടെ പേരിൽ ടെസ്റ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. ഒരാൾക്ക് ടെസ്റ്റ് മാറ്റുകയോ സ്ഥലം മാറ്റുകയോ ചെയ്യാനുള്ള തവണകളിലും നിയന്ത്രണം വരും. ഇതോടൊപ്പം പ്രതിരോധ വകുപ്പിൽ നിന്നുള്ള 36 പരീക്ഷ നടത്തിപ്പുകാരെ ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസിയിലേക്ക് (DVSA) നിയോഗിക്കും. നിലവിലെ ശരാശരി കാത്തിരിപ്പ് സമയം 21 ആഴ്ചയാണെന്നും 2026 വേനലോടെ അത് ഏഴ് ആഴ്ചയാക്കാനുള്ള ലക്ഷ്യം കൈവരിക്കുമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി അറിയിച്ചു.

ടെസ്റ്റ് സ്ലോട്ടുകൾ ഓട്ടോമേറ്റഡ് സംവിധാനം ഉപയോഗിച്ച് പിടിച്ചെടുക്കുന്നതും ചില കമ്പനികൾ അവ £500 വരെ വിലയ്ക്ക് വീണ്ടും വിൽക്കുന്നതും വ്യാപകമായിരുന്നു. ഇതിനെതിരെ എംപിമാർ സർക്കാരിനോട് ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു . ട്രെയിനിംഗ് സ്കൂൾ ഉടമകൾ ഈ നിയന്ത്രണങ്ങളെ സ്വാഗതം ചെയ്തു. എന്നാൽ ചില ഇൻസ്ട്രക്ടർമാർക്ക് ഇത് വിദ്യാർത്ഥികൾക്ക് സ്ലോട്ടുകൾ നേടുന്നതിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയാണ് പങ്കുവെച്ചത്.











Leave a Reply