നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി, വനിതകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണി. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ താമസമാക്കിയ വനിതയെന്നും വിവരം. രണ്ട് വര്‍ഷത്തിനിടെ സംഘം ഇന്ത്യയിലേക്ക് കടത്തിയത് ഇരുനൂറ് കോടിയിലേറെ വില വരുന്ന ലഹരിമരുന്നുകള്‍.
സിയാലിന്‍റെ അത്യാധുനിക സ്കാനിങ് യന്ത്രം ഞായറാഴ്ച ചികഞ്ഞെടുത്തത് ലോകമാകെ പടര്‍ന്ന് കിടക്കുന്ന ലഹരിറാക്കറ്റിന്‍റെ വേരുകളാണ്. മാരക മയക്കുമരുന്നായ മെഥാക്വിനോള്‍ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്ക് കൈമറിഞ്ഞെത്തുന്നത് ഒരു മലയാളിയുടെ കയ്യിലൂടെ. അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ ഉണ്ണി പിടിയിലായത്.
സിംബാംബ് വെയിലെ ഹരാരയില്‍ നിന്ന് ശേഖരിച്ച ലഹരിമരുന്ന് ഖത്തര്‍ വഴി കൊച്ചിയിലെത്തി ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. രണ്ട് ബാഗുകള്‍ക്കടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാരിയറായ മുരളീധരനില്‍ നിന്ന് ലഹരിമരുന്ന് കൈപ്പറ്റാന്‍ ഡല്‍ഹിയില്‍ കാത്തു നിന്ന നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഒമിഡിനെ ചടുലമായ നീക്കത്തിലൂടെ കസ്റ്റംസ് പിടികൂടി. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ തലൈവിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
ലണ്ടനിലുള്ള ജെന്നിഫര്‍ എന്ന വനിതയാണ് ഇടപാടുകളത്രയും നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില്‍ ഓരോ രാജ്യത്തും തലവന്‍മാര്‍. ഡല്‍ഹിയില്‍ സോഫിയ എന്ന പേരുള്ള സ്ത്രീയാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. നൈജീരിയന്‍ വനിതയെ അയച്ചതും സോഫിയയാണെന്നാണ് വിവരം. മുരളീധരനും നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഉള്‍പ്പെടെയുള്ളവര്‍ കാരിയര്‍മാരാണ്. മുരളീധരന്‍ മൂന്ന് തവണ എത്തിച്ച ലഹരിമരുന്നും കൈമാറിയത് പിടിയിലായ യുകാമയ്ക്കാണ്. അതിന് മുന്‍പ് രണ്ട് തവണ കൈപ്പറ്റിയത് മറ്റൊരു യുവതി. ഇത്തവണത്തെ ഇടപാടില്‍ രണ്ട് ലക്ഷം രൂപയായിരുന്നു മുരളീധരന്‍ ഉണ്ണിക്കുള്ള പ്രതിഫലം. ഈ പണം നൈജിരിയന്‍ യുവതിയുടെ പക്കല്‍ നിന്ന് കണ്ടെത്തി. വാട്സപ്പിലൂടെയായിരുന്നു ഇരുവരുടെയും ആശയവിനിമയം.
Leave a Reply