ക്രൂയിസ് കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ ജയിലില്‍നിന്ന് വീഡിയോ കോളിലൂടെ മാതാപിതാക്കളായ ഷാരൂഖ് ഖാനുമായും ഗൗരി ഖാനുമായും സംസാരിച്ചു. ഷാരൂഖ് ഖാന്‍ മണി ഓര്‍ഡറായി അയച്ച 4,500 രൂപ ആര്യന് ലഭിച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുപത്തി മൂന്നുകാരനായ ആര്യന്‍ ഖാന്‍. മുംബൈ തീരത്തുണ്ടായിരുന്ന ആഡംബരക്കപ്പലില്‍നിന്ന് മൂന്നാം തിയതിയാണ് ആര്യന്‍ ഖാനെയും സുഹൃത്ത് അബ്ബാസ് മര്‍ച്ചന്റിനെയും മോഡല്‍ മുന്‍മും ധമേച്ചയെയും ഉള്‍പ്പെടെയുള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തത്.
”കോവിഡ് -19 മാനദണ്ഡങ്ങള്‍ കാരണം കുടുംബാംഗങ്ങളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച സാധ്യമല്ലാത്തതിനാല്‍, വിചാരണത്തടവുകാര്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീഡിയോ കോളിലൂടെ ബന്ധുക്കളോട് സംസാരിക്കാന്‍ അനുവാദമുണ്ട്. അതനുസരിച്ച്, ഓഡിയോ വിഷ്വല്‍ സൗകര്യം വഴി മാതാപിതാക്കളായ ഷാരൂഖ് ഖാനോടും ഗൗരി ഖാനോടും സംസാരിക്കാന്‍ ആര്യന്‍ ഖാനെ അനുവദിച്ചു,” ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടു മൂന്ന് ദിവസം മുമ്പാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ തയാറാക്കിയ ഭക്ഷണമാണ് ആര്യന് നല്‍കുന്നതെന്നും പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജയിലിലെ ഭക്ഷണം മികച്ചതും ആവശ്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയില്‍ വളപ്പിലെ കാന്റീനില്‍നിന്ന് ആവശ്യമുള്ള കാര്യങ്ങള്‍ വാങ്ങാന്‍ ആര്യന് കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഷാരൂഖ് ഖാന്‍ മണി ഓര്‍ഡറായി അയച്ച 4,500 രൂപ തിങ്കളാഴ്ച ആര്യനു ലഭിച്ചു. ജയിലേക്കു മാറ്റിയതിനെത്തുടര്‍ന്ന് ആര്യനു വിചാരണത്തടവുകാര്‍ക്കുള്ള തിരിച്ചറില്‍ സംഖ്യ നല്‍കിയതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആര്യന്‍ ഖാന്റെയും മറ്റു രണ്ടുപേരുടെയും ജാമ്യാപേക്ഷകള്‍ വിധി പറയാനായി പ്രത്യേക കോടതി ഇരുപതിലേക്കു മാറ്റിയിരിക്കുകയാണ്. അതുവരെ ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും. കേസില്‍ അറസ്റ്റിലായ മറ്റ് അഞ്ചുപേരും ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഇവരെ ആര്‍തര്‍ റോഡ് ജയിലിലെ ജനറല്‍ ബാരക്കിലേക്കു മാറ്റിയതായി മറ്റൊരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Leave a Reply