ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് രാജകുടുംബത്തിൽ അഞ്ചാമത്തെ കിരീടാവകാശി പിറന്നു. സെന്റ് ജോർജ് ഡേയിലാണ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് രാജകുമാരന് ജന്മം നല്കിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് കേറ്റ് രാജകുമാരിയെ സെൻട്രൽ ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഹോസ്പിറ്റലിലെ ലിൻഡോ വിംഗിലാണ് രാജകുമാരൻ ജനിച്ചത്. 8 പൗണ്ടും 7 ഔൺസും തൂക്കമുണ്ട് കുട്ടിക്ക്. 11.01 നാണ് രാജകുമാരൻ ജനിച്ചതെന്ന് കെൻസിംഗ്ടൺ പാലസ് ഔദ്യോഗികമായി അറിയിച്ചു. പ്രിൻസ് വില്യമിന്റെയും പ്രിൻസസ് കേറ്റിന്റെയും മൂന്നാമത്തെ കുട്ടിയാണിത്. പ്രിൻസ് ജോർജിനും പ്രിൻസസ് ഷാർലറ്റിനും ശേഷം കിരീടാവകാശിയായി എത്തിയിരിക്കുന്ന രാജകുമാരൻ പ്രിൻസ് ഓഫ് കേംബ്രിഡ്ജ് എന്നറിയപ്പെടും.
രാജകുമാരന്റെ ജനനത്തിൽ ബ്രിട്ടനിൽ ആഘോഷം തുടങ്ങി. ലണ്ടനിൽ സെന്റ് മേരീസ് ഹോസ്പിറ്റലിനു മുന്നിൽ വേൾഡ് മീഡിയ ബ്രിട്ടനിലെ കിരീടാവകാശിയുടെ വരവ് റിപ്പോർട്ട് ചെയ്യാനായി ദിവസങ്ങൾക്കു മുമ്പെ തമ്പടിച്ചിരുന്നു. രാജകുടുംബത്തിന്റെ ആരാധകരായ പലരും ആഴ്ചകൾക്കു മുമ്പെതന്നെ ഇവിടെ താത്ക്കാലിക താമസം തുടങ്ങിയിരുന്നു. സീനിയർ റോയൽ ഡോക്ടർമാരായ കൺസൽട്ടന്റ് ഒബ്സ്റ്റട്രീഷ്യൻ ഗൈ തോർപ്പ് ബോസ്റ്റൺ, കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ് അലൻ ഫാർത്തിംഗ് എന്നിവരാണ് രാജ ജനനത്തിന് മേൽനോട്ടം വഹിച്ചത്.
Leave a Reply