ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പുറത്തുവന്ന ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ പേര് പരാമർശിക്കപ്പെട്ടതിനെ തുടർന്ന് ബ്രിട്ടിഷ് രാജകുടുംബാംഗവും ഡ്യൂക്ക് ഓഫ് യോർക്കുമായ പ്രിൻസ് ആൻഡ്രൂ അറസ്റ്റിലായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിനെ 66-ാം ജന്മദിന ദിനത്തിൽ വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. സർക്കാർ രേഖകൾ എപ്സ്റ്റീനിന് കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തേംസ് വാലി പൊലീസ് താൽക്കാലിക വസതിയായ സാൻഡ്രിങ്ഹാം എസ്റ്റേറ്റിൽ നിന്നാണ് അറസ്റ്റ് നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അറസ്റ്റിലായ വ്യക്തിയുടെ പേര് വെളിപ്പെടുത്തില്ലെന്ന മാർഗനിർദേശമനുസരിച്ചാണ് പൊലീസ് ഔദ്യോഗികമായി പേര് വ്യക്തമാക്കാത്തത്. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കണമെന്ന സമ്മർദം ആൻഡ്രൂവിനുമേൽ ഉണ്ടായിരുന്നു. പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് ബക്കിങ്ങാം കൊട്ടാരം പ്രതികരിക്കാൻ വിസമ്മതിച്ചു.

2010-ൽ യുകെ സർക്കാരുമായി ബന്ധപ്പെട്ട വ്യാപാര റിപ്പോർട്ടുകൾ എപ്സ്റ്റീനിന് കൈമാറിയെന്ന കണ്ടെത്തലാണ് കേസിലെ പ്രധാന ആരോപണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായുള്ള ബന്ധം തുടർന്നതും മുൻപ് വിവാദമായിരുന്നു. ലൈംഗിക പീഡനാരോപണങ്ങളെ തുടർന്ന് 2022-ൽ ആൻഡ്രൂവിന്റെ സൈനിക പദവികളും രാജകീയ ചുമതലകളും നീക്കം ചെയ്തിരുന്നു. ചാൾസ് മൂന്നാമൻ രാജാവ് അധികാരമേറ്റ ശേഷവും രാജകീയ പദവി പിൻവലിക്കുകയും കൊട്ടാരവസതിയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു.











Leave a Reply