ലണ്ടന്‍: വാക്വം ക്ലീനര്‍ നിര്‍മാതാക്കളായ ഡൈസന്‍ കാര്‍ നിര്‍മാണ രംഗത്തേക്ക്. വരാനിരിക്കുന്ന ഇലക്ട്രിക് കാര്‍ വിപ്ലവം മുന്നില്‍ കണ്ട് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ നിര്‍മിക്കാനാണ് ഡൈസന്‍ പദ്ധതിയിടുന്നത്. 2020ല്‍ ആദ്യ മോഡല്‍ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. 2ബില്യന്‍ പൗണ്ടാണ് പദ്ധതിക്കായി കമ്പനി നീക്കിവെച്ചിരിക്കുന്നത്. വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കിലും തങ്ങള്‍ അവതരിപ്പിക്കുന്ന മോഡല്‍ വ്യത്യസ്തവും പൂര്‍ണ്ണവുമായിരിക്കുമെന്ന് സര്‍. ജെയിംസ് ഡൈസന്‍ അറിയിച്ചു.

ഡൈസനിലെ മുതിര്‍ന്ന എന്‍ജിനീയര്‍മാരും വാഹനവ്യവസായത്തിലെ പ്രതിഭകളായ എന്‍ജിനീയര്‍മാരും അടങ്ങുന്ന സംഘത്തെ ഇതിനായി നിയോഗിച്ചുവെന്ന് ഡൈസന്‍ അറിയിച്ചു. നിലവില്‍ 400 പേരാണ് കാര്‍ നിര്‍മാണത്തിനുള്ള സംഘത്തില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. കൂടുതലാളുകളെ നിയമിക്കുമെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ജെയിംസ് ഡൈസന്‍ പറഞ്ഞു.

ടെസ്ല, നിസാന്‍, ബിഎംഡബ്ല്യു തുടങ്ങിയ വമ്പന്‍മാര്‍ മത്സരിക്കുന്നിടത്തേക്കാണ് ഡൈസന്‍ ചുവടുവെക്കാന്‍ ഒരുങ്ങുന്നത്. പദ്ധതി വളരെപ്പെട്ടെന്ന് തന്നെ വളര്‍ച്ച പ്രാപിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നുമാണ് ഡൈസന്‍ പറയുന്നത്. വാഹന വ്യവസായത്തിലെ പുതിയ സാങ്കേതികവിദ്യയില്‍ വന്‍ മത്സരമാണ് നടക്കാന്‍ പോകുന്നത്. അതിനാല്‍ തങ്ങളുടെ മോഡലിനെക്കുറിച്ചുള്ള നവിവരങ്ങള്‍ തല്‍ക്കാലം രഹസ്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.