ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഇ10 പെട്രോൾ ഡ്രൈവർമാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് റിപ്പോർട്ട്‌. പുതിയ പെട്രോൾ, ഇന്ധന ഉപഭോഗത്തിലെ വർദ്ധനവിന് കാരണമാകുന്നുവെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി. സാധാരണ പെട്രോളിനെക്കാൾ ഊർജ്ജസാന്ദ്രത കുറവായതിനാൽ ഇ10 അധികമായി ഉപയോഗിക്കേണ്ടി വരും. അതിലൂടെ ചിലവും ഉയരും. യൂട്യൂബ് ചാനലായ നമ്പർ 27 ആണ് പ്രശ്നം റിപ്പോർട്ട്‌ ചെയ്തത്. ഇ10 പെട്രോൾ ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമത കുറയുന്നത് ഡ്രൈവർമാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഗ്രീൻ പെട്രോൾ ഉപയോഗിക്കുന്ന കാറുകളിൽ ഇന്ധനക്ഷമത കുറയുന്നതായി പല ഡ്രൈവർമാരും റിപ്പോർട്ട്‌ ചെയ്‌തെന്ന് ചാനൽ ഉടമയായ ജാക്ക് പറഞ്ഞു.

പുതിയ E10 ഗ്രേഡിന് കീഴിൽ ഇന്ധനക്ഷമത കുറയുമെന്ന് ഗതാഗത വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇന്ധനക്ഷമത രണ്ട് ശതമാനം വരെ കുറയുമെന്ന് അവർ സ്ഥിരീകരിച്ചു. അതേസമയം കാർബൺ പുറന്തള്ളലിന്റെ അളവ് കുറവായതിനാൽ ഇ10 പെട്രോൾ പരിസ്ഥിതിക്ക് ഗുണം ചെയ്യും. കാർബൺ ഉദ്വമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബറിലാണ് ഇ10 പെട്രോൾ രാജ്യത്തെ കാറുകളിൽ ഉപയോഗിച്ച് തുടങ്ങിയത്. ബയോ എഥനോൾ അടങ്ങിയിരിക്കുന്ന ഇന്ധനം കാർബൺ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുന്നു.

പുതിയ ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹന ഇന്ധനക്ഷമത ഏകദേശം മൂന്ന് ശതമാനം കുറയുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നതായി നിരവധി ഡ്രൈവർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ പെട്രോളിലേക്കുള്ള മാറ്റത്തിന് ശേഷം നാല് എംപിജി(mpg) വരെ കുറവ് ഉണ്ടായതായി ഡ്രൈവർമാർ പരാതിപ്പെട്ടു.