ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനി ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ കൊന്നകേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അധോലോക നേതാവ് ഇജാസ് ലക്ഡാവാലയെ ബിഹാറിലെ പട്നയില്‍നിന്നാണ് പിടികൂടിയത്. രണ്ടുപതിറ്റാണ്ടിലേറയായി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു.
മുംബൈ അധോലോകത്തെ അടക്കിഭരിച്ച ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും വലംകൈ. പിന്നീട് ഇരുവരുമായും തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം. രാജ്യദ്രോഹവും കൊലപാതകങ്ങളുമടക്കം നൂറോളം കേസുകള്‍. ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസിനെപോലും നോക്കുക്കുത്തിയാക്കി വിദേശത്ത് വിലസിയ ലക്ഡാവാലയെ കൂടുക്കിയത് കഴിഞ്ഞദിവസം അറസ്റ്റിലായ മകളുടെ മൊഴി. ബിഹാറിലെ പട്നയില്‍ ഇയാള്‍ എത്തുമെന്ന നിര്‍ണായക വിവരം ലഭിച്ചതോടെ മുംബൈ പൊലീസ് വലവിരിച്ചു.
ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ 1995 നവംബര്‍ 13നാണ് മുംബൈയിലെ ഓഫീസിന് മുന്നില്‍ വെടിവെച്ചു കൊന്നത്. തഖിയുദ്ദീന്റെ മരണത്തിനുപിന്നാലെ സാമ്പത്തിക ബാധ്യതയെതുടര്‍ന്ന് ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടി. പ്രമുഖ ഹോട്ടൽ വ്യവസായി ഫരീദ് ഖാന്‍ ഉള്‍പ്പടെ വ്യവസായ–സിനിമ രംഗത്തെ നിരവധി കൊലപാതകള്‍ക്ക് പിന്നില്‍ ലക്ഡാവാലയുടെ കൈകളായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈമാസം 21വരെ റിമാന്‍ഡ് ചെയ്തു.
Leave a Reply