ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റർ ബാങ്ക് ഹോളിഡേയെ മുന്നിൽക്കണ്ട് ബ്രിട്ടനിലെ റോഡുകളിൽ വലിയ രീതിയിൽ തിരക്ക് വർധിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നു . ഏകദേശം 2.1 കോടി യാത്രകൾ ഈ ദീർഘവാരാന്ത്യത്തിൽ നടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ദശലക്ഷത്തിലധികം യാത്രകൾ കൂടുതലാണിത്. ട്രാഫിക് നിരീക്ഷണ സ്ഥാപനമായ ഇൻറിക്സും വാഹനസംഘടനയായ ആർഎസിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിനു പിന്നാലെ ഓരോ വർഷവും യാത്രകൾ സ്ഥിരമായി വർധിച്ചുവരുന്നതും ഈ വർഷം റെക്കോർഡ് നിലയിലെത്താൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. റോഡുകളിൽ ദീർഘനേരം നീളുന്ന ഗതാഗതക്കുരുക്കുകൾ പ്രതീക്ഷിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശയാത്രകൾക്ക് പകരം രാജ്യത്തിനകത്ത് തന്നെ യാത്ര ചെയ്യാൻ ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്നതാണ് ഈ വർധനവിന് പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു. ഏകദേശം 1.25 കോടി പേർ ഈസ്റ്റർ സമയത്ത് ബ്രിട്ടനിൽ തന്നെ രാത്രി താമസത്തോടെ യാത്രകൾ ആസൂത്രണം ചെയ്തപ്പോൾ, വിദേശത്തേക്ക് പോകുന്നവർ 74 ലക്ഷം മാത്രമാണ്. ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയും ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങളും ഇതിന് പിന്നിലുണ്ട്. ഇന്ധനവില ഉയർന്നിട്ടും യാത്രാ പദ്ധതികളിൽ വലിയ മാറ്റമില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷത്തേക്കാൾ 19 ലക്ഷം പേർ അധികമായി ആഭ്യന്തര യാത്രകൾ പദ്ധതിയിട്ടതായും വിസിറ്റ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു.

ഗുഡ് ഫ്രൈഡേ ദിവസം ട്രാഫിക് ഏറ്റവും തിരക്കേറിയതാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ തന്നെ തിരക്ക് ഉയരുമെന്നും സ്കൂളുകൾ അവധിയാകുന്നതും ജോലി ചെയ്യുന്നവരുടെ ദീർഘവാരാന്ത്യ യാത്രകളും ഇതിന് കാരണമാകുമെന്ന് അധികൃതർ പറയുന്നു. റോഡുകളിൽ സ്ഥിരമായി ഉയർന്ന ട്രാഫിക് നിലകൾ തുടരുമെന്നും യാത്രയ്ക്ക് മുമ്പ് സമയം കണക്കാക്കി പദ്ധതിയിടണമെന്നും നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട് . അതേസമയം, ഏകദേശം 51 ലക്ഷം പേർ ഇപ്പോഴും യാത്രാപദ്ധതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. കാലാവസ്ഥയിലെ അനിശ്ചിതത്വവും സാമ്പത്തിക പ്രശ്നങ്ങളും ഇവരുടെ തീരുമാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.