ന്യൂസ് ഡെസ്ക്
വിശുദ്ധവാരത്തിന് അന്ത്യം കുറിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാസഹനവും കുരിശുമരണവും വഴി ലോകത്തിന്റെ പാപങ്ങളുടെ മോചനത്തിനായി തന്നെത്തന്നെ ബലിയായർപ്പിച്ച യേശുദേവന്റെ ഉയിർപ്പ് ദിനമാണിന്ന്. ഉപവാസവും പ്രാർത്ഥനയും കാരുണ്യ പ്രവർത്തികളും വഴി അമ്പതു നോമ്പിന്റെ നിറവിൽ ആത്മീയമായി ഒരുങ്ങിയാണ് ക്രൈസ്തവർ ഉത്ഥിതനായ ക്രിസ്തുവിനെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ വിശ്വാസികൾ സാഘോഷം പങ്കെടുത്തു. യുകെയിൽ നടന്ന ഈസ്റ്റർ കുർബാനകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
പ്രസ്റ്റണിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നല്കി. വിവിധ കുർബാന സെൻററുകളിൽ വൈദികർ ശുശ്രൂഷകൾ നയിച്ചു. സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശമാണ് ഈസ്റ്റർ നല്കുന്നതെന്ന് വി.കുർബാന മധ്യേ വൈദികർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. അനുരജ്ഞനത്തിന്റെയും സഹിഷ്ണുതയുടെയും ലോകമാണ് നമുക്കാവശ്യമെന്ന് മാർപ്പാപ്പയും ബിഷപ്പുമാരും സന്ദേശങ്ങളിൽ പറഞ്ഞു. വിപുലമായ ആഘോഷ പരിപാടികൾ നടത്തിയാണ് യുകെയിൽ പലയിടത്തും ഈസ്റ്റർ ആഘോഷിക്കുന്നത്. അസോസിയേഷനുകളുടെയും കമ്യൂണിറ്റി ഗ്രൂപ്പുകളുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഇന്ന് നടക്കും.
Leave a Reply