ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത

വീണ്ടെടുപ്പിന്റെ ചരിത്രത്തിന് സൃഷ്ടിയോളം തന്നെ പഴക്കമുണ്ട്. അനശ്വരനാകാനുള്ള മനുഷ്യൻറെ മോഹം സൃഷ്ടിയുടെ തുടക്കത്തിൽ തന്നെയുണ്ടായിരുന്നു – എന്നാൽ ആ ഉൽക്കടമായ ആഗ്രഹം പാപത്തിലേക്കും മരണത്തിലേക്കുമാണ് മനുഷ്യരെ നയിച്ചത്. യുഗങ്ങളിൽ നീണ്ടുനിന്ന ആ ചരിത്രത്തിന് വിരാമമിട്ടത് ക്രിസ്തുവിന്റെ മനുഷ്യവതാരമാണ് ‘ ക്രിസ്തുവിൻറെ പുനരുത്ഥാനം പാപവിമോചനവും നവജീവിതവും മനുഷ്യവർഗ്ഗത്തിനു നൽകി പ്രതീക്ഷകളെ വാനോളമുയർത്തി. മനുഷ്യവർഗ്ഗത്തിന്റെ സാധ്യതകൾക്ക് നൂതന ഭാഷ്യം രചിച്ച ആ പ്രകാശത്തിന്റെ പെരുന്നാളിനെ കുറിച്ച് ചില ചിതറിയ ചിന്തകൾ പങ്കുവയ്ക്കാം.

1. സത്യത്തിന്റെ ആത്യന്തിക വിജയം

യേശുവിൻറെ കല്ലറയിലേക്ക് വന്നവർ ക്രൂശിക്കപ്പെട്ട യേശുവിനെയാണ് ഇരുട്ടിൽ അന്വേഷിച്ചത്. ഭയവും പരിഭ്രമവും അവർക്കുണ്ടായിരുന്നു. യേശു എന്ന നിത്യ സത്യത്തെ കൊന്ന് കബറിലടച്ചെങ്കിലും ആ സത്യം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. അസത്യമുയർത്തിയ ഭയവും പരിഭ്രമവും ഉയർപ്പിലൂടെ അലിഞ്ഞ് അകന്നു . ഉയിർപ്പു പെരുന്നാൾ ഉദ്ഘോഷിക്കുന്നത് സത്യത്തിന്റെ ആത്യന്തിക വിജയമാണ്. ദൈവപുത്രനെങ്കിലും ക്രിസ്തുവിനെതിരെ ദുഷ്പ്രചാരണമുണ്ടായി. കള്ള സാക്ഷികളും അവനെതിരെ ഉയർന്നു. രാജ്യ ദ്രോഹക്കുറ്റവും അവനെതിരെ ശത്രുക്കൾ ഉയർത്തി. പീലാത്തോസിന്റെ മുമ്പാകെ കുറ്റാരോപിതനായി നിന്ന യേശുവിനോട് ‘ സത്യം എന്നാൽ എന്ത് ‘ എന്ന ചോദ്യമുയർന്നിരുന്നു. എങ്കിലും യേശു മൗനം അവലംബിച്ചതേയുള്ളൂ. എന്നാൽ അവൻറെ പുനരുത്ഥാനം ആ ചോദ്യത്തിനു ഉത്തരം നൽകി. സത്യത്തിന്റെ അന്തിമ വിജയമായിരുന്നു അവൻറെ പുനരുത്ഥാനം’ യേശുവിൻറെ വാക്കുകളിൽ അവൻറെ പിറവിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ” സത്യത്തിന് സാക്ഷി നിൽക്കേണ്ടതിന് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു” (യോഹന്നാൻ 18 :37) ക്രിസ്തുവിലൂടെ നേടിയ സത്യത്തിന്റെ അന്തിമ വിജയമാണ് അവനുവേണ്ടി സാക്ഷിമരണം പ്രാപിക്കുവാൻ അനേകർക്ക് പ്രേരണയായത്. ക്രിസ്തീയ സഭയുടെ ചരിത്ര സാക്ഷ്യത്തിനും പ്രചോദനമാകുന്നത് മറ്റൊന്നുമല്ല . മലങ്കര സഭയുടെ നിർണ്ണായകമായ ചരിത്ര സാക്ഷ്യത്തിനും സത്യത്തിന്റെ ഉയിർപ്പ് പ്രചോദനമാണ്. കർത്താവിൻറെ നിണപാടുകളിൽ തൊട്ട്, ‘എൻറെ കർത്താവും എൻറെ ദൈവവുമേ ” (യോഹന്നാൻ 20 : 28 ) എന്ന് പ്രഖ്യാപിച്ച അപ്പസ്തോലിക വിശ്വാസമാണ് പൗരാണികമായ നമ്മുടെ സഭയുടെ പൈതൃകം കർത്താവിൻറെ വാക്കുകളിൽ തന്നെ നിത്യ പ്രചോദനമേകുന്നതാണ് , “സത്യ തല്പരനായവൻ എല്ലാം എൻറെ വാക്കു കേൾക്കുന്നു” (യോഹന്നാൻ 18 : 37 ) സത്യത്തിന് വേണ്ടി നിലകൊണ്ട് പീഡനമേൽക്കുന്ന ഏവർക്കും ക്രൂശിനെ ധ്യാനിക്കാം പുനരുത്ഥാനത്തിൽ പ്രതീക്ഷയർപ്പിക്കാം.

2. അനശ്വരതയുടെ നൂതന സാധ്യത

ദൈവത്തെപ്പോലെയാകാം എന്ന മനുഷ്യൻറെ മോഹമാണ് അവൻറെ മരണത്തിന് കാരണമായത് . എങ്കിലും ആ പ്രതീക്ഷ മനുഷ്യൻ നിലനിർത്തിപ്പോന്നു. ” മൃത്യോർമ അമൃതം ഗമയ ” എന്ന ഋഷിവര്യന്മാരുടെ പ്രാർത്ഥനാ മന്ത്രവും മനുഷ്യൻറെ എക്കാലത്തെയും പ്രതീക്ഷയുടെ പ്രതിധ്വനിയാണ്. ക്രിസ്തുവിൻറെ പുനരുത്ഥാനമാണ് ആ പ്രതീക്ഷകൾക്കുള്ള ഉത്തരം. ആദാം എന്ന ഏക വ്യക്തിയിലൂടെ കല്പന ലംഘനവും മരണവും ലോകത്തിലേക്ക് വന്നു. അത് മനുഷ്യവർഗ്ഗത്തെ ആകെ ബാധിച്ചു . എന്നാൽ ക്രിസ്തുവിൻറെ പുനരുത്ഥാനം ആ സ്ഥിതിക്ക് ഭേദമുണ്ടാക്കി. അവൻ നിദ്ര കൊണ്ടവരുടെ ഇടയിൽ നിന്ന് ആദ്യഫലമായി ഉയിർത്തെഴുന്നേറ്റു. (1 കൊരിന്ത്യർ 15: 20 ) ആദ്യഫലം വിളവിന്റെ ഒരംശവും , വിളവിനെ മുഴുവൻ പ്രതിനിധീകരിക്കുന്നതും പോലെ വരുവാനുള്ള ഉയിർപ്പിൻ്റെ തുടക്കമാണ് ക്രിസ്തുവിൻറെ പുനരുത്ഥാനത്തിലൂടെ സാധ്യമായത്. ഒന്നാം മനുഷ്യനായ ആദാമിലൂടെ മരണം മനുഷ്യ വർഗ്ഗത്തെ ഗ്രസിച്ചുവെങ്കിൽ ഒടുക്കത്തെ ആദാമായ ക്രിസ്തുവിലൂടെ മരിച്ചവരുടെ പുനരുത്ഥാനവും യാഥാർത്ഥ്യമായി. മനുഷ്യവർഗ്ഗത്തിന് തുറന്നു കിട്ടിയ ഈ നൂതന സാധ്യതയെ കുറിച്ചുള്ള പ. പൗലോസിന്റെ വാക്കുകൾ അർത്ഥ ഗർഭങ്ങളാണ്. “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ ആദ്യഫലം ക്രിസ്തു ; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ ” (1 കൊരിന്ത്യർ 15 : 23 ).

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണത്തെ ഭയാനകമായിക്കണ്ട മനുഷ്യവർഗ്ഗത്തിന് ക്രിസ്തുവിൻറെ ഉയിർപ്പ് പുതിയ പ്രത്യാശ നൽകുന്നു . ആ പ്രത്യാശ നിദ്രിതരിലേക്കും വ്യാപരിക്കുന്നു. വിതയ്ക്കപ്പെട്ട ഒരു ധാന്യമണി മണ്ണിൽ അഴുകി ചേർന്ന് ഒരു പുതിയ സസ്യമായി മാറുന്നതുപോലെ മണ്ണിലമർന്ന മൃതരും രൂപാന്തരപ്പെടും. ഓരോ വിത്തിനും അതാതിൻ്റെ ശരീരം നൽകുന്ന ദൈവം വാങ്ങിപ്പോയവർക്കും ഒരു പുതുശരീരം നൽകും. വാങ്ങിപ്പോയവർ ഏതുവിധം ശരീരത്തോട് ഉയിർക്കുമെന്ന ചോദ്യം മനുഷ്യരുടെ എക്കാലത്തെയും അന്വേഷണമായിരുന്നു. ക്രിസ്തുവിൻറെ പുനരുത്ഥാനമാണ് അതിനുള്ള വ്യക്തമായ മറുപടി . ഉത്ഥിതനായ കർത്താവിന് ഒരു ശരീരം ഉണ്ടായിരുന്നു . അത് പരിമിതികളെ അതിജീവിക്കുന്ന ശരീരമായിരുന്നു. അതിന് അസ്ഥിയും മാംസവും ഉണ്ടായിരുന്നു . അത് തൊട്ടു നോക്കുവാൻ കഴിയുന്ന ശരീരവുമായിരുന്നു. (ലൂക്കോസ് 24: 39- 40 ; യോഹന്നാൻ 20 :27) . അത് സ്വർഗ്ഗീയ ശരീരമായിരുന്നു. കാരണം അവൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനായിരുന്നു. വാങ്ങിപ്പോയവരുടെ ഉയിർപ്പിന് കാരണവും ആരംഭവും ക്രിസ്തു ആകയാൽ ഉയിർപ്പിൽ അവർക്ക് ലഭിക്കുന്ന ശരീരവും ക്രിസ്തുവിൻ്റേതു പോലെ സ്വർഗീയമായിരിക്കും. ( 1 കൊരിന്ത്യർ 15 :49).

ഒരു വ്യക്തി മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനാകയാൽ പ്രാകൃത ശരീരമുള്ളവനാണ്. ആ ശരീരം ആദ്യം ആദാമിന്റെതു പോലെയാണ് (1 കൊരിന്ത്യർ 15 :45 ). മരണത്തോടെ മണ്ണിലമരുന്ന ശരീരത്തിന് രൂപാന്തരമുണ്ടായി അത് യുഗാന്ത്യത്തിൽ ആത്മീയ ശരീരമായി മാറും. ഉത്ഥാനത്തിലൂടെ ജീവിപ്പിക്കുന്ന ആത്മാവായി മാറിയ ക്രിസ്തുവാണ് അതിന് കാരണ ഹേതു. സ്വർഗ്ഗവാസത്തിന് അനുയോജ്യമായ ഒരു ശരീരമാണ് ആത്മീയ ശരീരം . പ്രാകൃത ശരീരം ഭൗമജീവിതത്തിന് അനുയോജ്യമായിരുന്നതുപോലെ സ്വർഗ്ഗവാസത്തിന് അനുയോജ്യമായ ആത്മീയ ശരീരമാണ് നിദ്ര കൊണ്ടവർക്ക് ഉയിർപ്പിൽ ലഭിക്കുന്നത്. ക്രിസ്തുവിൻറെ തേജസ്സുള്ള ശരീരത്തിന് അനുരൂപമായ ശരീരമാണ് ഉയിർപ്പിൽ നമുക്ക് ലഭിക്കുന്നത്. (ഫിലിപ്പിയർ 3 : 21 ; റോമര്‍ 8 :11 ; 1 കൊരിന്ത്യർ 6 :14). “വന്നവനാം വരുവോൻ – മൃതരെ ഏറ്റു നോൻ, സ്തുതനെന്നോർത്തീടും – മെയ്യോടാത്മാവും ” എന്ന് സഭ പ്രത്യാശയോടെ പാടുന്നത് ഇതുകൊണ്ടാണ് . ഇവയ്ക്കെല്ലാം നിദാനം ക്രിസ്തുവിൻറെ പുനരുത്ഥാനമാണ്.

3. വഴിതിരിച്ച് വിടുന്ന പാവന സാന്നിധ്യം

യേശുവിൻറെ ശിഷ്യഗണത്തിന് അവനിൽ ചില പ്രതീക്ഷകളുണ്ടായിരുന്നു (ലൂക്കോസ് 24: 21). എന്നാൽ യേശുവിൻറെ മരണത്തോടെ അതെല്ലാം അസ്തമിച്ചതു പോലെയായി. അവൻ ഉയിർത്തെഴുന്നേറ്റു എന്ന വാർത്ത അവർക്ക് ഒരു കെട്ടുകഥ പോലെ തോന്നി (ലൂക്കോസ് 24: 11). സംശയാലുക്കളായ ശിഷ്യന്മാർ നടത്തിയ പുനപരിശോധനയും അവർക്ക് ഉയിർപ്പിന്റെ അനുഭവമേകിയില്ല (ലൂക്കോസ് 24 :12 ) . അത് അവരെ പരിഭ്രമിപ്പിച്ചു. നിരാശ പൂണ്ട ശിഷ്യന്മാർ കുരിശിന്റെയും ഉയിർപ്പിന്റെയും അനുഭവങ്ങളിൽ നിന്ന് അന്യരായിത്തീർന്നു. ഒരു കൂട്ടർ പഴയ തൊഴിലിലേക്ക് തന്നെ മടങ്ങിപ്പോയി (യോഹന്നാൻ 21: 3) എന്നാൽ യേശു ഏല്പിച്ച ദൗത്യങ്ങളിൽ നിന്നുള്ള പിന്മാറ്റം അവരെ കൂടുതൽ നിരാശരാക്കിയതേയുള്ളൂ. (ലൂക്കോസ് 24 :17). നിരാശരായ രണ്ട് ശിഷ്യന്മാർ യെരുശലേമിൽ നിന്ന് എമ്മവൂസിലേക്ക് യാത്രതിരിച്ചത് അതുകൊണ്ടാണ് ‘ അവർക്കൊപ്പം കൂടിയ അപരിചിതനായ യാത്രികൻ അവരുടെ നിരാശയുടെയും ദുഃഖത്തിന്റെയും കാരണം ആരാഞ്ഞു. യിസ്രയേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്ന് അവർ ആശിച്ചിരുന്ന യേശുവിന്റെ മരണമാണ് അവർക്ക് ദുഃഖമേകിയത്. കൂടാതെ യേശു ജീവിച്ചിരിക്കുന്നു എന്ന വാർത്ത അവരെ പരിഭ്രാന്തരാക്കി. ക്രിസ്തു കഷ്ടമനുഭവിച്ച് മഹത്വത്തിലേക്കു പ്രവേശിക്കണമെന്ന ദൈവനിശ്ചയം ആ ആപരിചിതൻ അവർക്ക് വ്യക്തമാക്കി കൊടുത്തു. അത് അവർക്ക് ഹൃദയം കത്തുന്ന അനുഭവമായിരുന്നു (ലൂക്കോസ് 24 : 32).

ആ യാത്രയുടെ അന്ത്യത്തിൽ അവർക്ക് മറ്റൊരു അനുഭവമുണ്ടായി. അത് അവരുടെ ജീവിതത്തെത്തന്നെ ആകെ മാറ്റിമറിച്ചു. അപരിചിതൻ അവരോടൊത്ത് തീൻമേശ പങ്കിട്ടപ്പോൾ അവരുടെ നയനങ്ങൾ തെളിഞ്ഞു . അവർ അപരിചിതനെ തിരിച്ചറിഞ്ഞു (ലൂക്കോസ് 24 : 31 ). തിരുവചനത്തിന്റെ പൊരുൾ തെളിച്ച് തങ്ങളോട് കൂടി സഞ്ചരിച്ച് മേശ പങ്കിട്ടത് ഉത്ഥിതനായ കർത്താവാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞു. യേശുവിൻറെ പീഡാനുഭവങ്ങളിൽ നിന്നും ഉയിർപ്പിന്റെ സന്തോഷത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം അവസാനിപ്പിച്ച് ആ യാഥാർത്ഥ്യങ്ങളെ അവർ നെഞ്ചോടു ചേർത്തു. ദൈവപദ്ധതിയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന തിരിച്ചറിവിൽ അവരുടെ സ്വകാര്യ യാത്രയും ലക്ഷ്യവുമെല്ലാം വിസ്മരിച്ചു പോയി. അവർ ക്രിസ്തുവിൻറെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സാക്ഷികളായി മാറി. യെരുശലേമിലേക്ക് തന്നെ അവർ മടങ്ങി. കർത്താവിൻറെ ഉയിർപ്പ് അവർക്കിന്നൊരു യാഥാർത്ഥ്യമാണ്. അവരും ദൈവപദ്ധതിയുടെ പങ്കാളികളായി മാറി. വചന വെളിച്ചത്താൽ പ്രോജ്വലഹൃദയരായി സ്വർഗ്ഗീയവിരുന്നിൽ പങ്കാളികളായവർ ക്രിസ്തുവിൻറെ സാക്ഷികളായതുപോലെ വിശുദ്ധ ബലിയിൽ സംബന്ധിക്കുന്ന നമുക്കും ക്രിസ്തുവിൻറെ സാക്ഷികളാവാം.