അനശ്വര ശാന്തിയുടെ കാന്തി പരത്തുന്ന അതി ശോഭനമായ ഉഷസ്സാണ് ഈസ്റ്റർ. പരിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയതു പോലെ “ഒരു ക്രിസ്തു മനസ്സ് ” നമ്മളിൽ പൂർണ്ണമാകേണ്ട ദിവസം. അതിനായുള്ള പ്രയത്നമാണ് വലിയ നോമ്പുകാലം മുഴുവനും നാം നടത്തിയത്. അസാധാരണമായൊരു സ്ഥിതിവിശേഷത്തിലൂടെ നാം കടന്നു പോകുന്ന നാളുകളാണിത്. അതിവേഗം പടരുന്ന ഒരു മഹാവ്യാധിയെ ചെറുക്കുവാൻ ലോകമെങ്ങും പരിശ്രമിക്കുന്ന നാളുകൾ. മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും വീണ്ടുമോർപ്പിച്ച് അവനെ കൂടുതൽ വിനീതനാക്കാൻ കാലം നടത്തുന്ന ഒരു പരിശ്രമം കൂടെയായി നാം ഇതിനെ തിരിച്ചറിയണം.
കഴുതയുടെ മേൽ കയറിയും കാൽ കഴുകിയും കുരിശിലേറിയും താഴ്മയുടെ ദൈവീക ലാവണ്യം തന്നെ അനുഗമിക്കുന്നവരെ പഠിപ്പിച്ചു കൊണ്ടാണ് യേശു തമ്പുരാൻ ശാശ്വത സമാധാനത്തിന്റെ ഉയർത്തെഴുന്നേല്പ്പിലേയ്ക്കുള്ള വഴിതെളിച്ചത്. വീട്ടു വാതിലുകൾ അടച്ചിട്ട് നാം ഭീതിയോടെ പാർക്കുമ്പോൾ ഉത്ഥാനത്തിന്റെ സുവിശേഷം നമുക്ക് നൽകുന്നത് ധൈര്യം പകരലിന്റെ സന്ദേശമാണ്. ഭയചകിതരായി വാതിൽ അടച്ചിരുന്ന ശിഷ്യന്മാർക്ക് നടുവിലേയ്ക്കാണ് യേശുനാഥൻ സമാധാനാശംസയുമായി എത്തിയത്. നമ്മുടെ പരസ്പര വിശ്വാസമില്ലായ്മകളും അഹന്തകളും അകാരണഭീതികളും കൊണ്ട് നാം അടച്ചുപൂട്ടിയ ഹൃദയത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്ന ദിവസമാകണം ഉത്ഥാനത്തിന്റേത്. നിത്യശാന്തിയുടെ മഹാസന്ദേശമാണ് ഇനിയുള്ള നാളുകളിൽ നാം പരസ്പരം പകരേണ്ടത്. സമാധാനത്തിന്റെ നൽ വാഴ് വുകൾക്ക് വേണ്ടിയാവണം ഇനി നമ്മുടെ അടച്ചിട്ടിരുന്ന വാതിലുകൾ തുറക്കപ്പെടേണ്ടത്. അപ്പോൾ മാത്രമാണ് നമ്മുടെ നോമ്പും പ്രാർത്ഥനകളും ശുശ്രൂഷകളും ഉത്ഥാനാശംസകളും അർത്ഥപൂർണ്ണമാകുന്നത്. എല്ലാവർക്കും സമാധാനം ആശംസിക്കുന്നു.
Leave a Reply