ഷിബു മാത്യൂ
ആഗോള ക്രൈസ്തവര്‍ പ്രത്യാശയുടെ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തിലെ ഇന്നലെ വരെയുള്ള വാര്‍ത്തകളിലേയ്ക്ക് ഒന്നു തിരിഞ്ഞ് നോക്കുക. സൗഹൃദം നഷ്‌പ്പെട്ട വാര്‍ത്തകള്‍ മാത്രമാണ് എല്ലാ ദിവസവും പുറത്തു വരുന്നത്.
ചാനലുകളില്‍ നിന്നും ദിനപത്രങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും എല്ലാ വാര്‍ത്തയും എല്ലാവരും സമയാസമയങ്ങളില്‍ അറിയുന്നുള്ളതുകൊണ്ട് വാര്‍ത്തയേതെന്ന് ചോദിക്കുന്നതില്‍ പ്രസക്തിയില്ല. ഒരു ചിന്താവിഷയമായി അവതരിപ്പിച്ചു എന്നു മാത്രം.
സൗഹൃദം നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലാണ് എല്ലാ മനുഷ്യരും ജിവിക്കുന്നത്. അതിന്റെ വ്യക്തമായ തെളിവാണ് ഭൂമിയില്‍ വീഴുന്ന രക്തക്കറകള്‍. ചുറ്റിലും ഒന്ന് കണ്ണോടിച്ചാല്‍ ഈ രക്തകറകള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. പ്രായമായവരില്‍ നിന്ന് പുതു തലമുറയിലേയ്ക്ക് വരുമ്പോള്‍ സൗഹൃദത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. സൗഹൃദമുണ്ടെന്ന് അവകാശപ്പെടുമ്പോഴും സൗഹൃദക്കുറവ് എല്ലാ മേഖലയിലും അനുഭവപ്പെടുന്നുണ്ട്. അടുത്ത കാലത്തായി ഉയര്‍ന്നു വന്ന വിശുദ്ധ കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം സൗഹൃദമില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ്. സമാധാനത്തിന്റെ ദൂതുമായി ലോകത്തിലേയ്ക്കു വന്ന യേശുക്രിസ്തുവിന്റെ പേരില്‍, തന്റെ അനുയായികളുടെ സൗഹൃദമില്ലായ്മ ഈസ്റ്റര്‍ ദിനത്തില്‍ ഒരു വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മതത്തിലും രാഷ്ട്രീയത്തിലും സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തികളിലും സൗഹൃദമില്ലായ്മ തളം കെട്ടി നില്‍പ്പുണ്ട്. അതിന്റെ പ്രതിഫലനമാണ് ദിവസവും പകരത്തിന് പകരം എന്ന കണ്ടീഷനോട് കൂടിയുള്ള കൊലപാതകങ്ങളും രക്തച്ചൊരിച്ചിലും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രത്യേകിച്ച് ഓശാന ഞായറില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓശാന ഞായറിന്റെ ആശംസകളറിയ്ക്കാന്‍ മലയാളികളായ ക്രിസ്ത്യാനികള്‍ തെരെഞ്ഞെടുത്ത സൗഹൃദത്തിന്റെ ഒരു നേര്‍ച്ചിത്രം തനിമ ഒട്ടും നഷ്ടപ്പെടാതെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങ് തകര്‍ക്കുന്നു. നിഷ്‌കളങ്കമായ രണ്ട് അമ്മച്ചിമാരുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദത്തിന്റെ ചിത്രം. ഈ ചിത്രമെടുത്തത്ത് അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും അതിരംമ്പുഴക്കാരനുമായ നിതിന്‍ പുന്നായ്ക്കപള്ളിയാണ്.
ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധമായ അതിരമ്പുഴ ഫൊറോനാ പള്ളിയിലെ ഓശാന ഞായര്‍ ശുശ്രൂഷകള്‍ കഴിഞ്ഞ് കുരുത്തോലയമായി പുറത്തുവരുന്ന അമ്മച്ചിമാരുടെ സൗഹൃതമാണ് ജിതിന്റെ ക്യാമറയുടെ മുമ്പില്‍ വന്ന് പെട്ടത്. സമാനതകളില്ലാത്ത സൗഹൃദത്തിന്റെ ചിത്രം അന്ന് വലിയ വാര്‍ത്തയായിരുന്നു. അതിലൊരമ്മച്ചി ഇഹലോകവാസം വെടിഞ്ഞു എന്നത് ഖേദത്തോടെ അറിയ്ക്കുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ ഓശാന ഞായറില്‍ മറ്റൊരു സൗഹൃദത്തിന്റെ ചിത്രം നിതിന്റെ ക്യാമറയ്ക്ക് മുമ്പില്‍ വന്നു പെട്ടു. സിസ്റ്റര്‍ തിയോഫിനാമ്മ ചുക്കനാനിക്കലും, സിസ്റ്റര്‍ ആന്‍സിലമ്മ വടക്കേടവും.
SABS സഭാംഗമായ ഇവര്‍ അതിരമ്പുഴയിലെ സെന്റ് ജോസഫ് അഡോറേഷന്‍ കോണ്‍വെന്റില്‍ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍.
ഇവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിജയമില്ലെങ്കിലും സൗഹൃദം ദൃഡമാണ്.
ഓശാന ഞായറിലെ ശുശ്രൂഷകള്‍ കഴിഞ്ഞ് ദേവാലയത്തിന്ന് പുറത്തേയ്ക്കിറങ്ങുകയായിരുന്നു ഇരുവരും. ചിത്രങ്ങളെടുത്തത് അവര്‍ അറിഞ്ഞിരുന്നില്ല എന്ന് നിതില്‍ പറയുന്നു. മനസ്സിന്റെ നിഷ്‌കളങ്കതയാണ് ഈ പ്രായത്തിലും അവരുടെ മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന ദേവാലയ ശുശ്രൂഷകള്‍ പുനരാരംഭിച്ചതിന്റെ സന്തോഷം പരസ്പരം പറഞ്ഞറിയ്ക്കുകയായിരുന്നു നിതിന്റെ ഫ്രെയിമില്‍ ഇവരെത്തുമ്പോള്‍. കുരുത്തോലകളുമേന്തി മഠത്തിലേയ്ക്ക് നടന്ന് നീങ്ങിയ സിസ്റ്റേഴ്‌സിന്റെയടുത്തു പോയി വിശേഷങ്ങള്‍ തിരക്കാനും നിതിന്‍ മറന്നില്ല.
പോപ്പുലര്‍ മാരുതി സുസൂക്കിയില്‍ റീജണല്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നിതിന് ഫോട്ടോഗ്രാഫിയോടുള്ള കമ്പം ചെറുപ്പം മുതലേയുണ്ടായിരുന്നു. നിതിന്‍ ക്യാമറയില്‍ പകര്‍ത്തിയ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
രണ്ട് ചിത്രങ്ങളും സൗഹൃദത്തിന്റെ കഥ പറയുന്നു.
ജീവിതത്തിന്റെ അവസാന നാളുകളിലാണ് സൗഹൃദം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതായി കാണപ്പെടുന്നത്. നീണ്ടു നില്‍ക്കുന്ന സൗഹൃദം രൂപപ്പെടുന്നതും അപ്പോഴാണ്.
ജിതിന്‍ പുന്നായ്ക്കപളളി ക്യാമറയില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Leave a Reply