ന്യൂസ് ഡെസ്ക് , മലയാളം യുകെ

കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയിലെ മലയാളി സമൂഹം തികഞ്ഞ മാനസിക സമ്മർദ്ദത്തിലാണ്. അതിനൊരു പ്രധാന കാരണം മലയാളി കുടുംബങ്ങളിൽ ആരെങ്കിലും ഒരാൾ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നതാണ്. കോവിഡ് – 19 ബ്രിട്ടനിൽ വ്യാപകമായതോടു കൂടി കൊറോണ വൈറസുമായി മുഖാമുഖം യുദ്ധം ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ഭൂരിഭാഗം മലയാളികളും കടന്നുപോകുന്നത്. ഇതിനു പുറമേ ലോക് ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങളും, കുട്ടികളുമായി വീടിനുള്ളിൽ അടച്ചിരിക്കേണ്ടി വരുന്നതുമെല്ലാം മലയാളികളുടെ മാനസികസമ്മർദ്ദം ഇരട്ടിക്കാൻ കാരണമാകുന്നുണ്ട്. എന്നാൽ കൊറോണാ കാലത്തെ ഈ മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാനുള്ള വഴികൾ തേടുന്ന തിരക്കിലാണ് ഭൂരിഭാഗം മലയാളികളും. സോഷ്യൽ മീഡിയയിലും മറ്റും തകർത്തോടുന്ന പാചക പരീക്ഷണങ്ങളും ടിക് ടോക് വീഡിയോകളും ഇതിന് തെളിവാണ്. പല മലയാളികളിലും ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പലതും പുറത്തു കൊണ്ടുവരാൻ കൊറോണക്കാലംഒരു കാരണമായി. ഒഴിവു സമയം കിട്ടിയാൽ കൂട്ടുകാരുടെയടുത്തേയ്ക്ക് ഓടിയിരുന്ന ഭർത്താക്കന്മാർ റമ്മി കളിക്കാൻ തങ്ങളെ ആശ്രയിക്കുന്നതിന്റെ നിഗൂഡ സന്തോഷത്തിലാണ് പല ഭാര്യമാരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരത്തിൽ മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാനും വീട്ടിനുള്ളിൽ അടച്ചിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മലയാളികൾ നിരവധി വഴികൾ തേടുമ്പോൾ യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽതാമസിക്കുന്ന ജീന വിനു വിവിധതരത്തിലുള്ള പാചക പരീക്ഷണങ്ങളുമായി ആണ് മുന്നോട്ടുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ജീനയുടെ പാചക വീഡിയോ നിരവധി പേരാണ് കണ്ടത്. കൊറോണ കാലത്ത് വിഭവങ്ങൾ ദുർവിനിയോഗം ചെയ്യാതെ ലളിതമായി സമയലാഭത്തിൽ ചെയ്യാവുന്ന വിഭവങ്ങളാണ് ജീന തന്റെ വീഡിയോയിലൂടെ സുഹൃത്തുക്കൾക്കായി പങ്കു വച്ചിരിക്കുന്നത്. ഒരേസമയം രണ്ട് വിഭവങ്ങളാണ് ഉണ്ടാക്കുന്നതെന്ന പ്രത്യേകതയും ജീനയുടെ പാചക വീഡിയോയ്ക്കുണ്ട്. വെയ്ക്ക് ഫീൽഡിലെ പിന്റർ ഫീൽഡ് ഹോസ്പിറ്റലിലെ നഴ്സാണ് ജീന വിനു. യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ വൈമയുടെ മുൻ പ്രസിഡന്റായ ജീന വിനു കലാ സാംസ്കാരിക രംഗങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ്.

ജീനയുടെ പാചക വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.