വിമാനത്തിനകത്ത് വെച്ച് മദ്യപിക്കുന്നതും ഡ്യൂട്ടി-ഫ്രീ മദ്യം കൊണ്ടുപോകുന്നതും നിരോധിക്കാനൊരുങ്ങി ഈസിജെറ്റ്. വിമാനത്തിനുള്ളില്‍ വെച്ച് മദ്യലഹരിയിലായ യാത്രക്കാരന്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്നാണ് കമ്പനി പുതിയ നീക്കം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സമീപകാലത്ത് വിമാനത്തില്‍ വെച്ച് മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈസിജെറ്റിന്റെ ബ്രിസ്റ്റോളില്‍ നിന്ന് മഹോണിലേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് ഒരു യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ഗുരുതര സെക്യൂരിറ്റി പ്രശ്‌നമാണെന്ന് കമ്പനി ചൂണ്ടി കാണിക്കുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ കൗണ്ടറില്‍ നിന്നാണ് ഇയാള്‍ മദ്യം വാങ്ങിക്കുന്നത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ മദ്യപിക്കാനും ആരംഭിച്ചു. പിന്നീട് ബഹളം വെക്കുകയും ജീവനക്കാരോട് തട്ടികയറുകയും ചെയ്യുകയായിരുന്നു.
ഇയാളെ പിന്നീട് സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട കടമ തങ്ങള്‍ക്കുണ്ടെന്ന് ഈസിജെറ്റ് വക്താവ് പറയുന്നു. മദ്യപാനം വിമാനയാത്രകള്‍ക്കിടയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് അതിനാലാണ് നിരോധന നീക്കവുമായി കമ്പനി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ 5ന് ബ്രിസ്റ്റോള്‍-മഹോണ്‍ വിമാനത്തില്‍ നടന്ന സംഭവം അതിന് ഉദാഹരണമാണ്, ജീവനക്കാരെ അപമാനിക്കുന്ന വിധത്തില്‍ യാതൊരുവിധ പ്രതികരണങ്ങളും തങ്ങള്‍ അനുവദിക്കില്ലെന്നും വക്താവ് പറയുന്നു. ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ ആലോചിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളില്‍ മദ്യം വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരികയും ലൈസന്‍സ് അനുവദിക്കുകയുമായിരിക്കും നിരോധനത്തിലേക്കുള്ള ആദ്യപടി. അതിനു ശേഷം ഡ്യൂട്ടി ഫ്രീ മദ്യം വിമാനത്തിനുള്ളില്‍ വെച്ച് കഴിക്കുന്നത് മുഴുവനായും നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരികയും ചെയ്യാം. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. ബ്രിസ്‌റ്റോളില്‍ നിന്ന് പ്രാഗിലേക്ക് പുറപ്പെടാനൊരുങ്ങിയ ഒരു വിമാനം റദ്ദാക്കിയതിന് പിന്നിലെയും വില്ലന്‍ മദ്യപാനികളായ യാത്രക്കാരായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ വിമാനത്തിനുള്ളില്‍ വെച്ച് ബഹളമുണ്ടാക്കുകയും മദ്യപിക്കുകയും ചെയ്തതോടെ വിമാനം റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
Leave a Reply