സ്വന്തം ലേഖകൻ

ഒൻപതു മില്യണോളം വരുന്ന തങ്ങളുടെ ഉപഭോക്താക്കളുടെ വിവരം ചോരും മട്ടിലുള്ള വളരെ സങ്കീർണമായ സൈബർ അറ്റാക്ക് നടന്നതായി ഈസി ജെറ്റ് അറിയിച്ചു. 2,208ഓളം യാത്രക്കാരുടെ, ഇമെയിൽ അഡ്രസ്സുകളും, യാത്രാവിവരണവും, ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്. യുകെയുടെ ഇൻഫർമേഷൻ കമ്മീഷൻ ഓഫീസിൽ വിവരം അറിയിച്ചതായി കമ്പനി വക്താവ് പറഞ്ഞു. ജനുവരി തുടക്കത്തോടെയാണ് സൈബർ ആക്രമണത്തെ കുറിച്ച് എയർ ജെറ്റിന് വിവരം ലഭിക്കുന്നത്. എന്നാൽ ബാങ്ക് ഡീറ്റെയിൽസ് ചോർച്ചയെക്കുറിച്ച് ഏപ്രിലിൽ മാത്രമാണ് ഉപഭോക്താക്കൾക്ക് വിവരം നൽകാൻ സാധിച്ചത്. ഹാക്ക് ചെയ്തവർ വളരെ സങ്കീർണമായ രീതിയിലാണ് കാര്യങ്ങൾ നിർവഹിച്ചിരിക്കുന്നത്, അതിനാൽ ഏതൊക്കെ വിവരങ്ങൾ എന്തിനൊക്കെ വേണ്ടിയാണ് ചോർന്നത് എന്ന് അന്വേഷിക്കാനും, ആരെയൊക്കെ ബാധിച്ചു എന്നറിയാനും സമയമെടുക്കും. അന്വേഷണം ശരിയായ രീതിയിൽ പുരോഗമിച്ചാൽ മാത്രമേ ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാൻ സാധ്യമാകൂ. ചോർത്തിയ വിവരങ്ങൾ എന്തിനൊക്കെ ഉപയോഗിക്കാം എന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

സി വി വി നമ്പർ എന്നറിയപ്പെടുന്ന മൂന്ന് ഡിജിറ്റൽ സെക്യൂരിറ്റി കോഡുകൾ ആണ് ക്രെഡിറ്റ് കാർഡുകളിൽ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിലൊന്ന് കാർഡിൻെറ പിന്നിലുള്ള നമ്പരാണ്. ഇത് ഉപയോഗിച്ച് കാർഡ് ഉടമ അറിയാതെ ലോൺ എടുക്കുകയോ, സാധനങ്ങൾ വാങ്ങുകയോ ചെയ്യാം. ഇപ്പോൾ ഹാക്ക് ചെയ്തവർ ഉപയോഗിച്ചില്ലെങ്കിൽ കൂടിയും ഇത് മറ്റു ക്രിമിനലുകൾക്ക് വിൽക്കാൻ സാധിക്കും. കാർഡ് ബ്ലോക്ക് ചെയ്യുകയും പാസ്സ്‌വേർഡ്‌ മാറ്റുകയുമാണ് ഇതിൽ നിന്ന് രക്ഷപെടാനുള്ള വഴി. എന്നാൽ ലോക്ക്ഡൗൺ മൂലം, ബാങ്കുകൾ പരിപൂർണ സജ്ജമായി തുറന്നു പ്രവർത്തിക്കാത്തതിനാൽ, ഇതിനു മുടക്കം നേരിടും. ഇമെയിൽ ഐഡികൾ മോഷ്ടിക്കപ്പെട്ട ഉപഭോക്താക്കളോട് ദുരുപയോഗം സാധ്യതയുള്ളതിനാൽ കരുതിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെയ് 26 ഓടെ എല്ലാ യാത്രക്കാരിലേക്കും വിവരങ്ങൾ എത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹാക്കർമാർ വ്യക്തിഗതവിവരങ്ങളെക്കാൾ ഉപരി കമ്പനി വിവരങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്ന് കരുതപ്പെടുന്നു. കാരണം, ഇതുവരെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈസി ജെറ്റിന്റെയോ ഈസി ജെറ്റ് ഹോളിഡേയ്സിന്റെയോ പേരിൽ വരുന്ന ഇമെയിലുകൾ ഇനിമേൽ ശ്രദ്ധിക്കണം. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോദിച്ചുകൊണ്ട്, ബാങ്കിൽ നിന്നോ, എയർലൈനിൽ നിന്നോ ഉള്ള ഈമെയിലുകൾക്ക് മറുപടി അയക്കരുത്. ഗൂഗിൾ ഓരോദിവസവും നൂറു മില്യണോളം ഫിഷിംഗ് ഇമെയിലുകൾ ബ്ലോക്ക് ചെയ്യുന്നുണ്ട്. കോവിഡ് 19 മൂലം ഒട്ടനേകം യാത്രക്കാർ ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്തത് ഹാക്കർമാരെ സഹായിച്ചിരിക്കാം എന്ന് കരുതുന്നു.

കൊറോണ മഹാമാരി മൂലം തകർച്ചയുടെ വക്കിൽ നിൽക്കുന്ന വിമാനക്കമ്പനിക്ക് ഏറ്റ മറ്റൊരു കനത്ത ആഘാതമാണ് ഇത്.