തങ്ങള്‍ നേടിയ വിദ്യാഭ്യാസ യോഗ്യതയിലൂടെ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നത് ഇക്കണോമിക്‌സ്, മെഡിസിന്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയവരാണെന്ന് റിപ്പോര്‍ട്ട്. പ്രൈവറ്റ് സ്‌കൂള്‍ പഠനം നേടാനായവരെയും സാമ്പത്തികമായി മെച്ചപ്പെട്ട ചുറ്റുപാടുകളില്‍ വളര്‍ന്നു വന്നവരെക്കാളും ഇവര്‍ സമ്പാദിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. വിദ്യാഭ്യാസ, ടാക്‌സേഷന്‍ ഡേറ്റകള്‍ വര്‍ഷങ്ങളോളം വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ശരാശരിയേക്കാളും 20 ശതമാനം അധികം വരുമാനം മെഡിസിന്‍, ഇക്കണോമിക്‌സ് ബിരുദധാരികള്‍ വാങ്ങുണ്ടെന്നാണ് കണ്ടെത്തിയത്.
ബിസിനസ്, കമ്പ്യൂട്ടിംഗ്, ആര്‍ക്കിടെക്ചര്‍ ബിരുദങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക് ശരാശരിയില്‍ നിന്നും 10 ശതമാനം അധികം വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഇത് ജോലിയില്‍ പ്രവേശിച്ച് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ലഭിക്കാന്‍ തുടങ്ങുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഗ്രാജ്വേറ്റുകള്‍ക്ക് ജോലിയ.ില്‍ പ്രവേശിച്ച് 5 വര്‍ഷം പിന്നിടുമ്പോള്‍ ശരാശരി 26,000 മുതല്‍ 30,000 പൗണ്ട് വരെയാണ് വേതനമായി ലഭിക്കുന്നത്. ഈ ശരാശരിയില്‍ നിന്ന് അധികമായി ലഭിക്കുന്ന തുക പ്രതിവര്‍ഷം 10,000 പൗണ്ടിനു മേല്‍ വരും. ഇത് ആയുഷ്‌കാല വരുമാനത്തില്‍ വലിയ വ്യത്യാസമാണ് വരുത്തുകയെന്ന് ഐഎഫ്എസ് പറയുന്നു.
10 ശതമാനം വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്ന ക്രിയേറ്റീവ് ആര്‍ട്ട് ഡിഗ്രികള്‍ ശരാശിയില്‍ നിന്ന് 15 ശതമാനം കുറവ് വരുമാനമേ നേടിത്തരുന്നുള്ളു. പിന്നാക്ക സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇതിലും കുറഞ്ഞ വരുമാനമേ നേടാനാകുന്നുള്ളുവെന്നും പഠനം വ്യക്തമാക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഇക്കണോമിക്‌സ് പഠിച്ചവര്‍ക്കും ഇംപിരിയല്‍ കോളേജ് ലണ്ടനില്‍ കണക്ക് പഠിച്ചവര്‍ക്കും ശരാശരിയേക്കാള്‍ ഇരട്ടി വരുമാനമാണ് ലഭിക്കുന്നതെന്നും ഐഎഫ്എസ് റിപ്പോര്‍ട്ട് പറയുന്നു.
Leave a Reply