ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യു കെയിൽ വീടുകൾക്ക് 35 ശതമാനം വരെ വിലയിടിവ് ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സാമ്പത്തിക വിദഗ്ധർ. യുകെയിലെ വീടുകളുടെ വില ഏകദേശം 14 വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ രീതിയിൽ മെയ് മാസത്തിൽ ഇടിഞ്ഞതായി നാഷണൽ വൈഡ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് നാളുകളായി വീടുകളുടെ വില ക്രമാതീതമായി ഉയർന്ന അവസ്ഥയിൽ തന്നെ നിലനിൽക്കുകയായിരുന്നു. എന്നാൽ പണപ്പെരുപ്പത്തെ തടയാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയതും, ഇത് മൂലം മോർട്ട്ഗേജുകൾ ജനങ്ങൾക്ക് താങ്ങാനാവാത്തതുമായി മാറിയതുമെല്ലാമാണ് ഇത്തരത്തിൽ വീടുകൾക്ക് വിലയുടെ സംഭവിക്കുവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടുകളുടെ വിലയിടിവ് 35% വരെ പോകാൻ സാധ്യതയുണ്ടെന്ന് വളരെ പരിചയസമ്പന്നരായ എസ്റ്റേറ്റ് ഏജന്റുമാരിൽ ഒരാളായ ചാർലി ലാംഡിൻ വ്യക്തമാക്കി. എന്നാൽ 20% വരെ മാത്രം വിലയിടിവ് ഉണ്ടാകുമെന്നാണ് പ്രമുഖ ഹൗസിംഗ് മാർക്കറ്റ് അനലിസ്റ്റ് ആയ നീൽ ഹഡ്സൺ വ്യക്തമാക്കിയത്. എന്നാൽ ഇത്തരത്തിൽ ഒരു വിലയിടിവ് ആദ്യമായി വീട് വാങ്ങിക്കുവാൻ ശ്രമിക്കുന്നവർക്ക് ഒരു ആശ്വാസകരമായ വാർത്തയാണ്. എന്നാൽ നിലവിൽ വീട് വാങ്ങിയവർക്ക് തങ്ങളുടെ വീടിന്റെ വില താഴെ പോകുന്നതും, അതേസമയം തന്നെ മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിക്കുന്നതും ആശങ്ക ഉളവാക്കുന്നതാണ്.
നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് ജനങ്ങളും സാമ്പത്തിക വിദഗ്ധരും ഒരുപോലെ പ്രതീക്ഷിക്കുന്നത്. എല്ലാ ഘടകങ്ങളും ഒരുപോലെ സന്തുലിതമായ അവസ്ഥയിൽ പോയാൽ മാത്രമേ സാമ്പത്തിക രംഗം വളർച്ചയിലേക്ക് ഉയരുകയുള്ളൂ. നിലവിലെ പണപ്പെരുപ്പം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട് . ഇത്തരം ഒരു സാഹചര്യത്തിൽ മോർട്ഗേജുകൾക്ക് ഉണ്ടായിരിക്കുന്ന തിരക്ക് വർദ്ധനവാണ് ഇത്തരം ഒരു സാഹചര്യത്തിലേയ്ക്ക് ബ്രിട്ടനിലെ ഹൗസിംഗ് മാർക്കറ്റിന് എത്തിച്ചതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Leave a Reply