ജോഷി സിറിയക്

കൊവെന്‍ട്രി: യുകെയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളില്‍ പെട്ട ഗായക സംഘങ്ങളെയും ക്വയര്‍ ഗ്രൂപ്പുകളെയും കോര്‍ത്തിണക്കി ഗര്‍ഷോം ടിവിയും പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് നടത്തിയ എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഗാനമത്സരം ജോയ് റ്റു ദി വേള്‍ഡിന് ആവേശോജ്ജ്വലമായ സമാപനം. തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ ആദ്യകിരീടം ചൂടിയത് കരോള്‍ ഫോര്‍ ക്രൈസ്റ്റ്, ലിവര്‍പൂള്‍ ആണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയറും, ബര്‍മിങ്ഹാം നോര്‍ത്ത് ഫീല്‍ഡ് ക്വയറും സ്വന്തമാക്കി. നാലാം സ്ഥാനം സൗണ്ട്‌സ് ഓഫ് ബേസിംഗ്സ്റ്റോക്കും ഡിവൈന്‍ വോയ്സ് നോര്‍ത്താംപ്ടനും പങ്കിട്ടു.

ഡിസംബര്‍ 16 ശനിയാഴ്ച വൈകിട്ട് 4 മണിയോടുകൂടി ബര്‍മിങ്ഹാമിലെ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ച കരോള്‍ സന്ധ്യയുടെ ഉദ്ഘാടനം ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. യുകെ ക്രോസ്സ് കള്‍ച്ചറല്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റെവ.ഡോ. ജോ കുര്യന്‍ ക്രിസ്മസ് സന്ദേശം നല്‍കി. ലെസ്റ്റര്‍ സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി വികാരി റെവ.ഫാ.ടോം ജേക്കബ്, റെവ. സാമുവേല്‍ തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഗര്‍ഷോം ടിവി മാനേജിങ് ഡയറക്ടര്‍മാരായ ജോമോന്‍ കുന്നേല്‍, ബിനു ജോര്‍ജ്, ലണ്ടന്‍ അസാഫിയന്‍സ് സെക്രട്ടറി സുനീഷ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ദൈവപുത്രന്റെ ജനനത്തിന് സ്വാഗതമോതി ഗായകസംഘങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ തിങ്ങിക്കൂടിയ ആസ്വാദകരുടെ കാതുകള്‍ക്ക് ഇമ്പകരവും കണ്ണുകള്‍ക്ക് കുളിര്‍മഴയുമായി കരോള്‍ ഗാനസന്ധ്യ മാറുകയായിരുന്നു. കരോള്‍ ഗാന മത്സരത്തില്‍ വിജയികള്‍ ആയവര്‍ക്ക് എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. ഒന്നാം സമ്മാനാര്‍ഹരായ ലിവര്‍പൂള്‍ കരോള്‍ ഫോര്‍ ക്രൈസ്റ്റ് ടീമിന് ഗര്‍ഷോം ടിവി സ്‌പോണ്‍സര്‍ ചെയ്ത 1000 പൗണ്ട് ക്യാഷ് അവാര്‍ഡും ലണ്ടന്‍ അസാഫിയന്‍സ് നല്‍കിയ എവര്‍റോളിങ് ട്രോഫിയും ലഭിച്ചു. രണ്ടാം സമ്മാനം നേടിയ ലെസ്റ്റര്‍ ക്വയര്‍, ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍സ് ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്ത 500 പൗണ്ടും എവര്‍റോളിങ് ട്രോഫിയും സ്വന്തമാക്കിയപ്പോള്‍, മൂന്നാമതെത്തിയ നോര്‍ത്ത്ഫീല്‍ഡ് ക്വയര്‍ ബിര്‍മിംഹാമിന് ലവ് ടു കെയര്‍ ഹെല്‍ത്കെയര്‍ ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്ത 250 പൗണ്ടും എവര്‍റോളിങ് ട്രോഫിയും ലഭിച്ചു. വിജയികള്‍ക്ക് ബിഷപ്പ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍, റെവ.ഡോ. ജോ കുര്യന്‍, ഫാ. ഫാന്‍സ്വാ പത്തില്‍, ഫാ. ജോര്‍ജ് തോമസ്, ഫാ.ജിജി, ജോമോന്‍ കുന്നേല്‍, മാത്യു അലക്‌സാണ്ടര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലണ്ടന്‍ അസഫിയാന്‍സിന്റെ നേതൃത്വത്തില്‍ 25 ഓളം കലാകാരന്‍മാര്‍ അണിനിരന്ന ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ സംഗീതവിരുന്ന് കരോള്‍ ഗാനസന്ധ്യക്ക് നിറം പകര്‍ന്നു. അസാഫിയന്‍സിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം ‘ബികോസ് ഹി ലിവ്സ്’ന്റെ പ്രകാശനവും വേദിയില്‍ വച്ച് നിര്‍വഹിച്ചു. ജാസ്പര്‍ ജോസഫ്, സ്റ്റീഫന്‍ ഇമ്മാനുവേല്‍, ജോബി വര്‍ഗീസ്, ലിഡിയ ജെനിസ് എന്നിവര്‍ കരോള്‍ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നിര്‍വഹിച്ചു. ഗര്‍ഷോം ടിവിക്കു വേണ്ടി അനില്‍ മാത്യു മംഗലത്ത്, സ്മിത തോട്ടം എന്നിവരാണ് അവതാരകരായി എത്തിയത്.

ജോയ് ടു ദി വേള്‍ഡിന്റെ രണ്ടാം പതിപ്പ് കൂടുതല്‍ ടീമുകളുടെ പങ്കാളിത്തത്തോടെ 2018 ഡിസംബര്‍ 8 ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചതായും ഇത്തവണത്തെ പ്രോഗ്രാം വന്‍ വിജയമാക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഗായകസംഘങ്ങള്‍ക്കും, കാണികളായെത്തിയവര്‍ക്കും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.