മലപ്പുറത്ത് എടപ്പാളിലെ തിയറ്ററിനുള്ളിൽ ബാലികയ്ക്ക് നേരെ ലൈംഗിക പീഡനം നടത്തിയ മധ്യവയസ്‌ക്കനെതിരെ കേസെടുത്തു. മലപ്പുറം തൃത്താല സ്വദേശി മൊയ്തീനെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണ ചുമതല എഡിജിപിയ്ക്ക് നൽകിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിൽ 18 നാണ് മനുഷ്യമനഃസാക്ഷിയെ നടുക്കിയ ലൈംഗിക വൈകൃതം അരങ്ങേറിയത്. കേവലം പത്ത് വയസ് മാത്രം തോന്നിക്കുന്ന പെൺകുട്ടിയെ തിയറ്ററിനുള്ളിൽ രണ്ടര മണിക്കൂറോളം ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കുകയായയിരുന്നു.
ആഡംബര വാഹനത്തിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഒരു സ്വകാര്യചാനൽ വാര്‍ത്ത പുറത്തുവിട്ടത്. ഏപ്രിൽ18 ന് നടന്ന സംഭവം തെളിവുകൾ സഹിതം തിയറ്റർ ഉടമകൾ ഏപ്രിൽ 26ന് തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അതേസമയം ദൃശ്യങ്ങൾ പുറത്ത് വിട്ടതോടെ പൊലീസ് കേസ് എടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.
പോക്‌സോ നിയമപ്രകാരം ചങ്ങരംകുളം പൊലീസാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഏപ്രിൽ 18 നു നടന്ന സംഭവത്തിൽ 16 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് പോലീസ് ഇപ്പോൾ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തിയറ്ററിലെത്തിയ കുട്ടിക്കൊപ്പം 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഇവർ കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. 10 വയസ്സിലധികം പ്രായം തോന്നിക്കാത്ത കുട്ടി തനിക്ക് ചുറ്റും നടന്നത് എന്താണെന്ന് മനസ്സിലാകാതെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് എന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
സംഭവത്തിൽ പ്രതികരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസിന് പരാതി നൽകി. രണ്ടര മണിക്കൂറിലേറെ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ മുഴുവനും തിയറ്ററിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കെ എല്‍ 46 ജി 240 എന്ന ബെന്‍സ് കാറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യക്തി തിയേറ്ററില്‍ എത്തിയത്. മൊയ്തീൻ കുട്ടി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ നിന്ന് വ്യക്തമാണ്. അതേസമയം ഈ വാഹനം ഇയാളുടെ സ്വന്തമാണോ അല്ലയോ എന്നത് വ്യക്തമല്ല.
പൊലീസ് കേസ് എടുക്കാതായതോടെ തിയേറ്റർ അധികൃതർ ഈ ദൃശ്യം ചൈൽഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ അറിയിച്ചു.
Leave a Reply