ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള

എടത്വാ: ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വലിയ ദാനമായ പരിസ്ഥിതി നാം കാത്തു സൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറണമെന്നും പ്രപഞ്ചത്തിന്റെ നിലനില്‍പിനെ പോലും ബാധിക്കുന്ന തരത്തില്‍ ഉള്ള തിന്‍മകളെ മനുഷ്യന്‍ പരാജയപ്പെടുത്തണമെന്നും മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ്. എടത്വായില്‍ ആരംഭിച്ച തിരുനാള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം ഇടവകകള്‍ മാതൃകയാക്കണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ തിരുനാളില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വിശപ്പ് അകറ്റാന്‍ ഉള്ള ഭക്ഷണം പാളപ്പാത്രത്തിലേക്ക് വിളമ്പി ഈ വര്‍ഷത്തെ ഭക്ഷണ വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം പരമാവധി പ്രാബല്യത്തില്‍ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് തിരുനാളില്‍ എത്തുന്ന ജനലക്ഷങ്ങള്‍ക്ക് വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഭക്ഷണം പാള കൊണ്ട് ഉണ്ടാക്കിയ പാത്രത്തില്‍ വിതരണം ചെയ്യുവാന്‍ ആരംഭിച്ചത്. ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു അദ്ധ്യക്ഷത വഹിച്ചു.

ഫാദര്‍ വില്‍സണ്‍ പുന്നക്കാലയില്‍, കൈക്കാരന്മാരായ വര്‍ഗ്ഗീസ് എം.ജെ മണക്കളം, വിന്‍സന്റ് തോമസ് പഴയാറ്റില്‍, പി ഡി.ആന്റണി പഴയമഠം, ജോ: കണ്‍വീനര്‍ ജയന്‍ ജോസഫ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ കെ.തങ്കച്ചന്‍, ടോമിച്ചന്‍ കളങ്ങര, റോബിന്‍ കളങ്ങര, മനോജ് മാത്യൂ പുത്തന്‍വീട്ടില്‍, അലോഷ്യസ് തോമസ്, ജോസി പരുമൂട്ടില്‍, ബിനോമോന്‍, മോളി തോമസ് പട്ടത്താനം, ജമിനി മനോജ്, റാണി, സിസ്റ്റര്‍ ആലീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. കുടിവെള്ളം മണ്‍കൂജകളില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിതൃവേദിയുടെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ ഇടവക അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി മെയ് 7 ഉച്ചവരെയുള്ള ഭക്ഷണം തീര്‍ത്ഥാടകര്‍ക്ക് നല്‍കും. ഈ പദ്ധതിയില്‍ സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ പിതൃവേദി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്രകൃതി സൗഹാര്‍ദ്ദ മാലിന്യ സംഭരണികള്‍ പള്ളി പരിസരത്ത സ്ഥാപിച്ചു. ഓല കൊണ്ട് ഉണ്ടാക്കിയ വല്ലങ്ങള്‍ ആണ് മാലിന്യ സംഭരണിയായി സ്ഥാപിച്ചിട്ടുളളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഉദ്ഘാടനം ചെയ്തു.

പള്ളിപ്പരിസരത്ത് നിര്‍മ്മിച്ച വ്യാപാര പന്തലിനുള്ളിലുള്ള കടകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എല്‍ ശ്രിജിന്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രകൃതി സൗഹാര്‍ദ്ദ ബോധവത്ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്തു. കൂടാതെ പഞ്ചായത്ത് സെക്രട്ടറി കെ.എം. ജേക്കബ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധനയും നടന്നു.

താത്ക്കാലിക പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം വികാരി ഫാ: ജോണ്‍ മണക്കുന്നേല്‍ നിര്‍വഹിച്ചു. എസ്ഐ പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇടവകയിലെ 51 അംഗ വിമുക്ത ഭടന്‍മാരുടെ കര്‍മ്മ സേന പോലീസിനെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയെയും സഹായിക്കും.