എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പുതിയ നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിക്കും. 79 മില്യന്‍ പൗണ്ട് ചെലവിട്ടാണ് ഇത് സ്ഥാപിക്കുന്നത്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അവതരിപ്പിച്ച സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റിലാണ് പ്രഖ്യാപനം നടത്തിയത്. നിലവിലുള്ള സൂപ്പര്‍കമ്പ്യൂട്ടറിനു പകരമാണ് ഇത് സ്ഥാപിക്കുന്നത്. 2013ലാണ് ആര്‍ച്ചര്‍ സിസ്റ്റം എന്ന പേരിലുള്ള സൂപ്പര്‍ കമ്പ്യൂട്ടര്‍ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചത്. 43 മില്യന്‍ പൗണ്ട് ചെലവിട്ട് സ്ഥാപിച്ച ഇതിന് ഒരു സെക്കന്‍ഡില്‍ ഒരു മില്യന്‍ ബില്യന്‍ കണക്കുകൂട്ടലുകള്‍ നടത്താനുള്ള ശേഷിയുണ്ട്. ആര്‍ച്ചര്‍ 2 എന്ന പേരിലാണ് പുതിയ സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിക്കുക. യുകെയില്‍ നിലവിലുള്ള ഏറ്റവും വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടറിനേക്കാള്‍ അഞ്ചിരട്ടി വേഗം ഇതിന് ഉണ്ടായിരിക്കും. ഈസ്റ്റര്‍ ബുഷിലെ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് ഫെസിലിറ്റിയിലാണ് ആര്‍ച്ചര്‍ ഇപ്പോള്‍ ഉള്ളത്. സാങ്കേതികവിദ്യ വികസിക്കുന്നതിന് അനുസരിച്ച് ഉപകരണങ്ങളുടെ വലിപ്പം കുറയുകയാണ് പതിവെങ്കിലും ആര്‍ച്ചര്‍ വലിയൊരു മുറിയിലാണ് സ്ഥിതിചെയ്യുന്നത്.

ആയിരക്കണക്കിന് സെര്‍വറുകള്‍ സങ്കീര്‍ണ്ണമായ പ്രോസസുകള്‍ ചെയ്യുന്നതിനാലും കൂളിംഗിനായി അനേകം ഫാനുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും ഈ മുറി ശബ്ദഭരിതമാണ്. ഒരു ഘട്ടത്തില്‍ ആര്‍ച്ചര്‍ ലോകത്തെ ഏറ്റവും ശക്തമായ സൂപ്പര്‍കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ ആദ്യ 20 എണ്ണത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആര്‍ച്ചര്‍ 2 അവതരിപ്പിക്കപ്പെടുമ്പോള്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് ശേഷിയില്‍ യുകെയുടെ സ്ഥാനം വീണ്ടും ഉയരും. വലിയ തോതിലുള്ള ഡേറ്റയെ വിശകലനം ചെയ്യാനും നിരവധി റിക്വസ്റ്റുകള്‍ കൈകാര്യം ചെയ്യാനും ശേഷിയുള്ളവയാണ് സൂപ്പര്‍കമ്പ്യൂട്ടറുകള്‍. കാലാവസ്ഥാ പാറ്റേണുകള്‍ സൃഷ്ടിക്കാനും വിമാനങ്ങളുടെ ഉപരിതലത്തിലൂടെയുള്ള വായുപ്രവാഹം കണക്കാക്കാനും കാറുകള്‍ ഡിസൈന്‍ ചെയ്യാനുമൊക്കെയാണ് ഇവ ഉപയോഗിക്കുന്നത്. ആരോഗ്യരംഗത്തും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്താന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എച്ച്‌ഐവി, ആര്‍ത്രൈറ്റിസ് എന്നിവയുടെ ചികിത്സക്ക് സൂപ്പര്‍കമ്പ്യൂട്ടറുകളുടെ സേവനം തേടുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാവസായിക പുരോഗതി നേടിയ മിക്ക രാജ്യങ്ങളും സൂപ്പര്‍കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനായി വലിയ നിക്ഷേപമാണ് നടത്തി വരുന്നതെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയുടെ ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടര്‍ സിസ്റ്റംസം ഡയറക്ടറായ പോള്‍ ക്ലാര്‍ക്ക് പറയുന്നു. പല മേഖലയിലും സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. അവ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ശാസ്ത്രപുരോഗതിയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷനുമായി സഹകരിച്ചായിരിക്കും യൂണിവേഴ്‌സിറ്റി സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിക്കുക.