നേപ്പാളിലെ വിനോദ യാത്ര ഒരു കുടുംബത്തിലെ മുഴുവന്‍ ജീവനും എടുത്തു. നേപ്പാള്‍ ദമാനിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. എട്ട് മലയാളികളാണ് മരിച്ചിരുന്നത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചത്.
കാഠ്മണ്ഡുവില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണ് ഈ ഹോട്ടല്‍. തിരുവനന്തപുരം സ്വദേശികളായ പ്രവീണും കുടുംബവും കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ രഞ്ജിത് കുമാറിന്റെ കുടുംബവുമാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണം പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍(39), വൈഷ്ണവ് രഞ്ജിത്്(2) ഇന്ദു രഞ്ജിത്, ശ്രീഭദ്ര(9), അഭിനവ്(9) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു.മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് വി മുരളീധരന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ഇപ്പോള്‍ കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവര്‍ ശ്വാസംമുട്ടി മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. തണുപ്പകറ്റാന്‍ ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. മുറിയിലെ ഗ്യാസ് ഹീറ്റര്‍ തകരാറിലായിരുന്നുവെന്നാണ് വിവരം. 15 പേര്‍ ഇവരുടെ സംഘത്തിലുണ്ടായിരുന്നു.നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു.രാവിലെ വാതിലില്‍ തട്ടിനോക്കുമ്പോള്‍ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അതിനാല്‍ മുറിയിലേക്ക് പുറത്തുനിന്നുളള വായുസഞ്ചാരം കടക്കാത്ത സ്ഥിതിയായിരുന്നുവെന്ന് മാനേജര്‍ പറയുന്നു.
Leave a Reply