ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 8 സ്ഥലങ്ങൾക്ക് സിറ്റി പദവി നൽകുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിൽ നിന്നും മിൽട്ടൻ കേയ്ൻസ്, സ്കോട്ട്ലൻഡിൽ നിന്നും ഡൺഫേംലൈൻ, നോർത്തേൺ അയർലണ്ടിൽ നിന്നും ബാങ്ങോർ, വെയിൽസിൽ നിന്നും വ്റേക്സ്ഹാം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പംതന്നെ ഓവർസീസ് ടെറിട്ടറിയിൽ നിന്നും ഫോക്ലാൻഡിലെ സ്റ്റാൻലിക്കും, ഐൽ ഓഫ് മാനിൽ നിന്നും ഡൗഗ്ലസിനും സിറ്റി പദവി നൽകുവാൻ തീരുമാനമായിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തിൽ ഓവർസീസ് ടെറിട്ടറിയിൽ നിന്നുള്ള നഗരങ്ങൾക്ക് സിറ്റി പദവി നൽകുന്നത്. ഇതോടൊപ്പം തന്നെ കോൾചെസ്റ്ററിനും ഡോൺകാസ്റ്ററിനും സിറ്റി പദവി നൽകുവാൻ തീരുമാനമായിട്ടുണ്ട്. സർക്കാർ ക്ഷണിച്ച അപേക്ഷകളിൽ നിന്നാണ് എട്ടു സ്ഥലങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. സാംസ്കാരിക പൈതൃകവും, രാജകീയ ബന്ധവുമെല്ലാം തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളായി മാറി. പുതിയ തീരുമാനങ്ങളുടെ അറിയിപ്പ് വന്നതോടെ, യു കെ മെയിൻലാൻഡിലെ സീറ്റുകളുടെ എണ്ണം എഴുപത്തിയാറായി ഉയർന്നിരിക്കുകയാണ്.
സിറ്റി പദവി ലഭിക്കുമ്പോൾ പ്രകടമായ വ്യത്യാസങ്ങൾ ഒന്നും തന്നെ സ്ഥലത്തിന് ഉണ്ടാകുന്നില്ലെങ്കിലും, ജനങ്ങൾക്ക് അഭിമാനകരമായ ഒരു നിമിഷമാണ് ഇത്. സിറ്റി പദവി ലഭിച്ച ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ 1776 മുതൽ നടക്കുന്ന കുതിരയോട്ട മത്സരത്തിൽ രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും സ്ഥിരം സന്ദർശകരാണ്. ഇതോടൊപ്പംതന്നെ 2019 ൽ നടന്ന വെള്ളപ്പൊക്കത്തിനു ശേഷം ഡോൺകാസ്റ്റർ ജനത കാണിച്ച കരുത്തുറ്റ അതിജീവനത്തിന്റെ മാതൃകയും അവർക്ക് സിറ്റി പദവി ലഭിക്കുവാൻ കാരണമായി. ഓവർസീസ് ടെറിട്ടറിയിൽ നിന്നുള്ള ഡൗഗ്ലസിലെ റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷന്റെ മേധാവി രാജ്ഞിയാണ്. ഇത്തരത്തിൽ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങൾക്കാണ് സിറ്റി പദവി പ്രധാനമായും ലഭിച്ചിരിക്കുന്നത്.
Leave a Reply