ന്യൂസ് ഡെസ്ക്, മലയാളം യുകെ
‘എക്‌സ്എൽ ബുള്ളി’യുടെ അക്രമണത്തിൽ ഒരു കുട്ടിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു. ഫെബ്രുവരി 10-ന് ശനിയാഴ്ച മെഴ്‌സിസൈഡിലെ ബൂട്ടിലിലാണ് ആക്രമണം ഉണ്ടായത്. റോഡിന് സമീപം കളിച്ചുകൊണ്ടിരുന്ന എട്ട് വയസ്സുകാരനെയാണ് നായ ആക്രമിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ വൈകുന്നേരം 5:20 ഓടെ പോലീസ് നായയെ പിടികൂടി.
അപകടകാരിയായ നായയെ നിയന്ത്രിക്കാതിരുന്നത് ചൂണ്ടിക്കാട്ടി 49 വയസ്സുള്ള ഒരു സ്ത്രീയെയും മുപ്പതുകാരനായ പുരുഷനെയും മെർസിസൈഡ് പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരുക്കേറ്റ കുട്ടിയുമായി ഇരുവർക്കും ബന്ധം ഇല്ലെന്ന് സേന അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നതായി ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഗാരി സ്ട്രാറ്റൺ പറഞ്ഞു. പ്രദേശത്ത് വീടുതോറുമുള്ള അന്വേഷണങ്ങൾ നടത്തുകയും എല്ലാ സിസിടിവി സാധ്യതകളും പരിശോധിക്കുകയും ചെയ്‌തു വരികയാണ് പോലീസ് ഇപ്പോൾ. സംഭവത്തിലെ ദ്രുക്‌സാക്ഷികളോട് സംസാരിച്ച് വരികയാണെന്നും സേന അറിയിച്ചു. കൂടുതൽ സാക്ഷികൾ മുന്നോട്ട് വരാനും അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന ആർക്കും പോലീസുമായി ബന്ധപ്പെടാമെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ അറിയിച്ചു.
മൊഴിയെടുക്കാനാണ് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തതെന്നും ഇവർക്ക് പരുക്കേറ്റ കുട്ടിയുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും പോലീസ് അറിയിച്ചു. എക്‌സ്എൽ ബുള്ളീ ഇനത്തിലുള്ള നായ്ക്കളെ യുകെയിൽ വളർത്തുന്നത് നിലവിൽ നിയമവിരുദ്ധമാണ്. തുടർച്ചയായ അക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഈ നീക്കം. ഫെബ്രുവരി 6, ചൊവ്വാഴ്ച, ലണ്ടനിലെ ബാറ്റർസീ പാർക്കിൽ ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ഒരു എക്‌സ്എൽ ബുള്ളി ആക്രമിച്ചിരുന്നു
Leave a Reply