ഡോ. മനോജ് വെള്ളനാട്
അന്നോളം മറ്റൊരു ശാസ്ത്രജ്ഞനും ചിന്തിച്ചിട്ടില്ലാത്ത ചിന്താ വഴികളിലൂടെയൊക്കെ ഒരത്ഭുതമായി നടന്നയാളാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ആ സവിശേഷമായ ചിന്തകളുരുത്തിരിഞ്ഞ തലച്ചോര്‍ അന്നേ ശാസ്ത്രലോകത്തിനൊരു കൗതുകമായിരുന്നു. കൗതുകം ലേശം കൂടിയ അവര്‍ അദ്ദേഹത്തിന്റെ മരണശേഷം ആ തലച്ചോറിനെയും വെറുതെ വിട്ടില്ല.
1955 ല്‍ ഐന്‍സ്റ്റീന്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ തോമസ് ഹാര്‍വ്വി ആ തലച്ചോര്‍ വേര്‍പെടുത്തിയെടുത്തു (റൊണാള്‍ഡ് ക്ലാര്‍ക്കിന്റെ ഐന്‍സ്റ്റിനെ പറ്റിയുള്ള ജീവചരിത്രത്തില്‍, മരിക്കുന്നതിന് മുമ്പേ ഐന്‍സ്റ്റീന്‍ സമ്മതം കൊടുത്തിരുന്നതായി പറയുന്നുണ്ട്, മരണശേഷം തലച്ചോര്‍ ഗവേഷണങ്ങള്‍ക്കുപയോഗിക്കാന്‍. പക്ഷെ അത് കള്ളമായിരുന്നുവെന്ന് പിന്നീട് മനസിലായി. സത്യത്തില്‍ സമ്മതം വാങ്ങാതെ അടിച്ചുമാറ്റുകയായിരുന്നു. ഒടുവില്‍ ഐന്‍സ്റ്റീന്റെ കുടുംബം അത് ഗവേഷണങ്ങള്‍ക്കേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ എല്ലാം കോംപ്ലിമെന്റ്‌സാക്കി).
ഐന്‍സ്റ്റീന്റെ തലച്ചോറു മുറിച്ചെടുത്ത് ഭാരം നോക്കിയ ഹാര്‍വ്വിയ്ക്കതിശയമായിരുന്നു, വെറും 1230gm മാത്രം. എങ്ങനെ അതിശയിക്കാതിരിക്കും, പ്രായപൂര്‍ത്തിയായ സാധാരണ ഒരു മനുഷ്യന്റേതിനേക്കാള്‍ (13001400 gm) ഭാരക്കുറവായിരുന്നു ആ ബുദ്ധിരാക്ഷസന്റെ തലച്ചോറിന്. E=mc സ്‌ക്വയറും റിലേറ്റിവിറ്റി തിയറിയുമൊക്കെ പിറന്ന ആ മസ്തിഷ്‌കത്തിന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങള്‍ ഹാര്‍വ്വിയെടുത്തു. ആ ചെറിയ തലച്ചോറില്‍ ഭാഷയും സംസാരവുമൊക്കെ കൈകാര്യം ചെയ്യുന്ന ഭാഗങ്ങള്‍ താരതമ്യേന ചെറുതാണെന്ന് അദ്ദേഹം മനസിലാക്കി. പക്ഷെ, ഇന്‍ഫീരിയര്‍ പരൈറ്റല്‍ ലോബിന്റെ വലിപ്പം സാധാരണയേക്കാള്‍ 15 ശതമാനത്തിലധികം കൂടുതലായിരുന്നു. അവിടമാണ് സംഖ്യകളെയും സൂത്രവാക്യങ്ങളെയും ഒക്കെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും സമയം, സ്ഥലം, ദൂരം തുടങ്ങിയ ഭൗതികശാസ്ത്ര വസ്തുതകളെ അപഗ്രഥിക്കുകയും ചെയ്യുന്ന തലച്ചോറിന്റെ കണക്കുമുറി.
ഡോ. ഹാര്‍വി ഫോട്ടോ പിടിത്തം കഴിഞ്ഞ് ഈ തലച്ചോറിനെ 1 cm വീതം നീളവും വീതിയും ഉയരവുമുള്ള 240 ചെറിയ കഷ്ണങ്ങളായി മുറിച്ച് കോളോഡിയോണില്‍ പൊതിഞ്ഞു വച്ചു. എന്നിട്ട് ചില പഠനങ്ങളൊക്കെ നടത്താന്‍ നോക്കി. എന്നാല്‍ 1978 വരെയും ഇതൊന്നും വേറാര്‍ക്കും പഠിക്കാനോ പരീക്ഷിക്കാനോ കൊടുത്തില്ല. 20 വര്‍ഷത്തിലധികം ഒരു സിഡര്‍ ബോക്‌സിനുള്ളില്‍ ആള്‍ക്കഹോളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു, ബുദ്ധിയുടെയും ഓര്‍മ്മയുടെയും ഇലക്ട്രോണ്‍ പ്രവാഹം നിലച്ച ആ യന്ത്രത്തെ. 1978 ല്‍ സ്റ്റീഫന്‍ ലെവിയെന്ന ജേണലിസ്റ്റാണ് ഹാര്‍വിയുടെ കയ്യില്‍ നിന്നും ഇതൊക്കെയും കണ്ടെടുക്കുകയും ഗവേഷണങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ക്ക് ഈ തലച്ചോര്‍ കഷ്ണങ്ങള്‍ കുറച്ചു വീതം നല്‍കുകയും ചെയ്തത്.
1984ലാണ് ഐന്‍സ്റ്റീന്റെ തലച്ചോറിനെ പറ്റി ആദ്യമായി ഒരു പഠനറിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ മരിയന്‍ ഡയമണ്ട് തനിക്കു കിട്ടിയ നാലു കഷ്ണം തലച്ചോറിലെ ഗ്ലയല്‍ കോശങ്ങളെ (Glial cells) പറ്റി മറ്റു 11 പേരുടെ തലച്ചോറുകളുമായി ഒരു താരതമ്യപഠനം നടത്തി. ശരിക്കുമുള്ള ന്യൂറോണുകള്‍ക്ക് ഭക്ഷണമെത്തിക്കുക, അവര്‍ക്ക് പുതപ്പ് തുന്നുക (Myelin Sheath), ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന പുറംപണിക്കാരാണീ ഗ്ലയല്‍ കോശങ്ങള്‍. ഐന്‍സ്റ്റീന്റെ തലച്ചോറില്‍ ഈ സഹായീകോശങ്ങള്‍ ആവശ്യത്തിലധികമുണ്ടായിരുന്നത്രേ, പ്രത്യേകിച്ചും ഇന്‍ഫീരിയര്‍ പരൈറ്റല്‍ ഭാഗങ്ങളില്‍. ഏത്, നമ്മുടെ കണക്കുമുറി തന്നെ.
2001ല്‍ മറ്റൊരു കാലിഫോര്‍ണിയന്‍ സംഘം ഐന്‍സ്റ്റീന്റെ തലച്ചോറിലെ ഹിപ്പോകാമ്പസിനെ (Hippocampus) പറ്റി പഠിച്ചു. നമുക്ക് അറിവുനേടുന്നതിനും അവ ഓര്‍ത്തുവയ്ക്കുന്നതിനുമൊക്കെ (Learning & Memory) ആവശ്യമായ ഭാഗമാണീ ഹിപ്പോകാമ്പസ്. ആപേക്ഷികസിദ്ധാന്തക്കാരന്റെ ഇടതു ഹിപ്പോകാമ്പസ് വലതിനെ അപേക്ഷിച്ച് വലുതായിരുന്നെന്ന് ഡോ. ഡാലിയ സൈദലിന്റെ നേതൃത്വത്തിലുള്ള ആ സംഘം കണ്ടെത്തി. ഈ വലിയ ഹിപ്പോകാമ്പസിന് തലച്ചോറിന്റെ നിയോകോര്‍ടെക്‌സുമായി (Neocortex) ഗാഢമായ നാഡീബന്ധങ്ങളുണ്ടായിരുന്നതായും അവര്‍ക്കു മനസിലായി. സമഗ്രവും,നൂതനവും, വസ്തുതാപരവുമായ ചിന്തകളുടെ (detailed, logical, analytical & innovative thinking) സംസ്ഥാനസമ്മേളനം നടക്കുന്ന സ്ഥലമാണല്ലോ ഈ നിയോകോര്‍ട്ടെക്‌സ്.
2013ലെ ബ്രെയിന്‍ ജേണലില്‍ മറ്റൊരു പഠനം കൂടി വന്നു. ഐന്‍സ്റ്റീന്‍ തലച്ചോറിന്റെ കോര്‍പ്പസ് കലോസത്തിന് (Corpus callosum) കട്ടി കൂടുതലാണെന്നായിരുന്നു അത്. തലച്ചോറിന്റെ ഇടതുവലതു പാതികളെ തമ്മില്‍ ഘടനാപരമായും ധാര്‍മ്മികമായും ചേര്‍ത്തു നിര്‍ത്തുന്നതീ കോ.ക. ആണല്ലോ. ആ ബന്ധം അതിഗാഢവും അര്‍ത്ഥവത്തുമായിരുന്നു എന്നാണ് ആ പഠന റിപ്പോര്‍ട്ടിന്റെ സാരം.
വേറെയും പലതരം പലതലങ്ങളിലുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ഐന്‍സ്റ്റീന്റെ തലച്ചോര്‍ തുടങ്ങി വച്ചിരുന്നു. സില്‍വിയന്‍ ഫിഷര്‍ (Sylvian fissure) എന്ന രണ്ടു ലോബുകള്‍ക്കിടയില്‍ ഉണ്ടാവേണ്ട ഒരു വിടവ് അദ്ദേഹത്തിനില്ലായിരുന്നു എന്നതാണ് ഒന്ന്. പരൈറ്റല്‍ ഓപര്‍ക്കുലം (parietal operculum) എന്ന ഭാഗവും കാണാനില്ലായെന്നത് രണ്ടാമത്തേത്. ഐന്‍സ്റ്റീന്‍ ചിന്തിച്ചിരുന്നത് ചിത്രങ്ങളുടെ രൂപത്തിലായിരുന്നു, മറിച്ച് നമ്മളെപ്പോലെ ഭാഷയുടെ സങ്കേതത്തിലല്ലായിരുന്നു എന്നു അദ്ദേഹം തന്നെ പറഞ്ഞതിനെ ഈ നിഗമനങ്ങള്‍ വച്ചാണ് വ്യാഖ്യാനിച്ചത് പലരും. പക്ഷെ ഇവയെല്ലാം തോമസ് ഹാര്‍വ്വി 1955 ലെടുത്ത വിവിധ കോണുകളില്‍ നിന്നുള്ള മസ്തിഷ്‌കചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള നിഗമനങ്ങള്‍ മാത്രമാണ്. തലച്ചോര്‍ കൈയിലെടുത്ത് നോക്കിയുള്ള വസ്തുനിഷ്ടമായ ശരികളല്ലാ. അതുകൊണ്ടുതന്നെ തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും ഈ ഫോട്ടോഗ്രാഫുകളും തലച്ചോര്‍ കഷ്ണങ്ങളും മൈക്രോസ്‌കോപ്പിക് സ്ലൈഡുകളും വച്ചുകൊണ്ട് ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്.
പ്രകാശപ്രവേഗത്തിനൊപ്പം സഞ്ചരിച്ച ആ മസ്തിഷ്‌ക ഭാഗങ്ങള്‍ ഇപ്പോള്‍ രണ്ടു സ്ഥലങ്ങളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലും ഫിലാഡല്‍ഫിയയിലെ മട്ടര്‍ മ്യൂസിയത്തിലും. മട്ടര്‍ മ്യൂസിയത്തില്‍ ഈ തലച്ചോറിനെ കാണികള്‍ക്ക് മൈക്രോസ്‌കോപ്പിലൂടെ കാണാവുന്ന വിധത്തില്‍ സ്ലൈഡുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഐന്‍സ്റ്റീന്റെ മാത്രമല്ലാ, ചരിത്രത്തില്‍ മറ്റു ചിലരുടെയും തലച്ചോറുകള്‍ ഇങ്ങനെ ഗവേഷണവിധേയമായിട്ടുണ്ട്. കാള്‍ ഫ്രഡറിക് ഗോസ് (Gauss) എന്ന ഗണിതശാസ്ത്രജ്ഞന്‍, വ്‌ലാഡിമിര്‍ ലെനിന്‍, എഡ്വാര്‍ഡ് റുളോഫ് തുടങ്ങിയവരൊക്കെ അതില്‍പെടും.
തലച്ചോറിനെ പറ്റി മറ്റൊരു കാര്യം കൂടി പറഞ്ഞിട്ട് ലേഖനമവസാനിപ്പിക്കാം. സ്‌കൂളുകളിലോ മോട്ടിവേഷന്‍ ക്ലാസുകളിലോ കേട്ടിരിക്കാന്‍ വഴിയുള്ള ഒരു ചോദ്യമാണ്, നമ്മുടെ തലച്ചോറിന്റെ എത്ര ശതമാനം നമ്മള്‍ ശരിക്കും ഉപയോഗിക്കുന്നുണ്ട്? ഐന്‍സ്റ്റീന്‍ പോലും സ്വന്തം തലച്ചോറിന്റെ 15% മാത്രമാണുപയോഗിച്ചതെന്നും, നമ്മളൊക്കെ അതിലും എത്രയോ താഴെയാണെന്നുമൊക്കെ നമ്മളവിടെ കേട്ടിട്ടുണ്ടാകും. ചില സിനിമകളിലും ആ ഡയലോഗ് കേട്ടിട്ടുണ്ട് (തന്മാത്രയാണെന്നാണോര്‍മ്മ). എന്നാലിത് തെറ്റാണ്‍
നമ്മള്‍ നമ്മുടെ തലച്ചോറിന്റെ 100 ശതമാനവും ഉപയോഗിക്കുന്നുണ്ട്. തലച്ചോറിന്റെ എല്ലാഭാഗവും എല്ലാ സമയവും പ്രവര്‍ത്തനനിരതമാണെന്നു തന്നെ പറഞ്ഞാലും തെറ്റില്ല. എന്നാല്‍ എല്ലാഭാഗവും ഒരുസമയം ഒരുപോലെ ആക്റ്റീവായിരിക്കില്ലാന്ന് മാത്രം. 15% ത്തോളം കോര്‍ട്ടെക്‌സ് പ്രവര്‍ത്തനനിരതമായിരിക്കുമ്പോള്‍ മാത്രമേ നമുക്ക് ബോധത്തോടെയിരിക്കാന്‍ പറ്റൂ. ചിന്തിക്കാന്‍, ചിന്തകളെ സ്വാംശീകരിക്കാന്‍, അടക്കിയൊതുക്കി സൂക്ഷിക്കാന്‍, ആവശ്യം വരുമ്പോള്‍ തിരിച്ചെടുത്ത് ഉപയോഗിക്കാന്‍, കാണാന്‍, കേള്‍ക്കാന്‍, മിണ്ടാന്‍, ഓടാന്‍, ചാടാന്‍, ആസ്വദിക്കാന്‍, സ്‌നേഹിക്കാന്‍, ദേഷ്യപ്പെടാന്‍, കാമിക്കാന്‍, വിശക്കാന്‍, മനസുനിറഞ്ഞു ചിരിക്കാന്‍, ചിലപ്പോഴൊക്കെ ഛര്‍ദ്ദിക്കാന്‍ പോലും, ഇങ്ങനെ നൂറുജോലികള്‍ ചെയ്യാന്‍ ഒരൊറ്റ തലച്ചോറല്ലേ നമുക്കുള്ളൂ. കൂടാതെ, ബോധമനസറിയാതെ ആണല്ലോ ഹൃദയത്തിന്റെയും ശ്വാസനപ്രക്രിയയുടെയുമൊക്കെ കൃത്യമായ നിയന്ത്രണങ്ങള്‍, നമ്മളുണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്തിന് കോമയിലായിരിക്കുമ്പോള്‍ പോലും ഈ ഭയങ്കരന്‍ ചെയ്യുന്നത്!
മാത്രമല്ലാ, നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജത്തിന്റെ 20 ശതമാനവും (5 ല്‍ 1) തലച്ചോറാണ് ഉപയോഗിച്ചു തീര്‍ക്കുന്നത്. മറ്റേതൊരു അവയവത്തേക്കാളും എത്രയോ അധികം. അത്രയ്ക്കും കിടിലമാണാള്. ഒന്ന് വന്ദിച്ചേക്കുന്നതില്‍ തെറ്റില്ലാ.
Leave a Reply