ന്യൂയോര്‍ക്ക്: എല്‍നിനോ പ്രതിഭാസത്തിന്റെ ഫലമായുണ്ടാകുന്ന കൊടും വരള്‍ച്ചയും കടുത്ത വെളളപ്പൊക്കവും ദക്ഷിണ ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും 100 ദശലക്ഷം ജനങ്ങളെ കൊടുംപട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭ. സിക അടക്കമുളള പല രോഗങ്ങള്‍ക്കും ഈ രാജ്യങ്ങള്‍ വേദിയാകും. സിംബാബ്‌വെ, മൊസാംബിക്, ദക്ഷിണ ആഫ്രിക്ക, മാലാവി, സ്വാസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ വരള്‍ച്ചാമേഖലകളിലുളള 40 ദശലക്ഷം ഗ്രാമീണ ജനതയ്ക്കും ഒമ്പത് ദശലക്ഷം നാഗരിക ജനതയ്ക്കും അടുത്ത വര്‍ഷം ഭക്ഷ്യസഹായം വേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം വിലയിരുത്തുന്നത്. എത്യോപ്യയിലെ പത്ത് ദശലക്ഷം പേര്‍ക്കും ഗ്വാട്ടിമാലയിലെയും ഹോണ്ടുറാസിലെയും 28 ലക്ഷം ആളുകള്‍ക്കും സഹായം ആവശ്യമുണ്ടെന്ന് യുഎനിന്റെ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ഓഫീസ് പറയുന്നു.
ഏഷ്യാ, പസഫിക് മേഖലകളിലെ ലക്ഷക്കണക്കിന് പേര്‍ ഉഷ്ണക്കാറ്റിന്റെയും ജലദൗര്‍ലഭ്യത്തിന്റെയും പിടിയിലാണ്. 2015ന്റെ പകുതിയോടെ എല്‍നിനോ പ്രതിഭാസം ആരംഭിച്ചത് മുതല്‍ കാട്ടുതീയും ഇവിടങ്ങളില്‍ വ്യാപകമാണ്. ലോകമെമ്പാടും ഇക്കൊല്ലത്തെ വിളവെടുപ്പിനെ എല്‍നിനോ സാരമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. കിഴക്ക് തെക്ക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പത്ത് ലക്ഷം കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ പോഷകാഹാരക്കുറവിന് ചികിത്സ ആവശ്യമുണ്ട്. എല്‍നിനോയുടെ ഫലമായി കഴിഞ്ഞ അമ്പത് കൊല്ലത്തിനിടെ ഉണ്ടായ പ്രളയത്തിലും വരള്‍ച്ചയിലുമായി ഏറ്റവും മോശം സ്ഥിതിയിലുണ്ടായിരുന്ന കുട്ടികളുടെ ജീവനും നഷ്ടപ്പെട്ടു. സര്‍ക്കാരുകള്‍ തങ്ങളുടെ പക്കലുളള വിഭവങ്ങള്‍ കൊണ്ട് ഈ സാഹചര്യം നേരിടാനുളള ബദ്ധപ്പാടിലാണ്. എന്നാല്‍ ഈയൊരു സ്ഥിതി മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയര്‍ന്നതോടെ പല കുടുംബങ്ങളും ഭക്ഷണം വെട്ടിക്കുറയ്ക്കുകയും തങ്ങളുടെ സ്വത്തുക്കള്‍ വിറ്റഴിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഇക്കൊല്ലത്തെ വിളകളെയും ഭക്ഷ്യസുരക്ഷയെയും എല്‍നിനോ തച്ചുതകര്‍ത്തതായും എഫ്എഓ ചൂണ്ടിക്കാട്ടി.

എല്‍നിനോ മൂലമുണ്ടാകുന്ന പേമാരി പെറു, ഇക്വഡോര്‍, പരാഗ്വെ, ദക്ഷിണ ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സിക വൈറസിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. കെട്ടിക്കിടക്കുന്ന വെളളത്തില്‍ ഈഡിസ് ഈജിപ്തി കൊതുകുകള്‍ പെറ്റുപെരുകും. എല്‍നിനോയുടെ ഫലമായി പസഫിക് സമുദ്രത്തിലെ വെളളം ക്രമാതീതമായി ചൂട് പിടിക്കുന്നു. തത്ഫലമായി അടുത്ത കുറച്ച് വര്‍ഷത്തേക്ക് കൊടുംവേനലും പ്രളയവും ചുഴലിക്കാറ്റുകളും ലോകത്തുണ്ടാകും. കഴിഞ്ഞ മുപ്പത്തഞ്ച് കൊല്ലത്തിനിടയിലെ ഏറ്റവും മോശം കാാലവസ്ഥയാണ് ഇക്കൊല്ലം അനുഭവപ്പെടുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത ആറ് മാസം കൊണ്ട് എല്‍നിനോയുടെ ശക്തി ക്ഷയിച്ചേക്കാം. എന്നാല്‍ ഇത് മൂലം വികസ്വരരാജ്യങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങളും വരള്‍ച്ചയും ആരോഗ്യപ്രശ്‌നങ്ങളും രണ്ട് വര്‍ഷം കൂടി നീണ്ടുനില്‍ക്കും.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലോകത്ത് മതിയായ മഴ ലഭിക്കുന്നില്ല. ഇത് വരള്‍ച്ചയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഭക്ഷ്യദൗര്‍ലഭ്യം കനക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇക്കൊല്ലം അറുപത് ലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കളുടെ കുറവുണ്ടായി. പ്രദേശത്തെ ഭക്ഷ്യവിതരണക്കാരാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇപ്പോള്‍ ഇവിടേക്ക് ഭക്ഷ്യവിഭവങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സിംബാബ്‌വെയില്‍ ഭക്ഷ്യവില കുതിച്ചുയരുകയാണ്. ഭക്ഷ്യോത്പാദനം കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതിയായി.

മലാവി കഴിഞ്ഞ ഒരു ദശകത്തിനിടെ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. ഭക്ഷ്യവില ഡിസംബറിലേതിന് അപേക്ഷിച്ച് 73 ശതമാനം വര്‍ദ്ധിച്ചു. മൊസാംബിക്കില്‍ കഴിഞ്ഞ കൊല്ലത്തേതിനേക്കാള്‍ അമ്പത് ശതമാനം വര്‍ദ്ധനയാണ് ഭക്ഷ്യവിലയില്‍ ഉണ്ടായിട്ടുളളത്. അടുത്ത ആഴ്ചകളിലായി മഴ പെയ്തില്ലെങ്കില്‍ രാജ്യം വന്‍ ദുരന്തത്തിലേക്ക് നീങ്ങും. ദക്ഷിണാഫ്രിക്കയില്‍ ഉയര്‍ന്ന താപനില തുടരും. ശരാശരി മഴയിലും ഇക്കൊല്ലം വന്‍ കുറവുണ്ടാകും. 2017 വരെ ഭക്ഷ്യക്ഷാമം നീണ്ടു നില്‍ക്കുമെന്നും അമേരിക്കന്‍ ഏജന്‍സിയായ യുഎസ്എയ്ഡ് പ്രവചിക്കുന്നു.