ന്യൂസ് ഡെസ്ക് മലയാളം യുകെ
സാൻ സാൽവഡോർ : ഇന്ന് എൽ സാൽവഡോറിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദിവസമാണ്. രാജ്യത്തെ പുതിയ ബിറ്റ് കോയിൻ ടെൻഡർ നിയമം ഇന്നാണ് നടപ്പിലാകുന്നത്. വരാനിരിക്കുന്ന ബിറ്റ് കോയിൻ ടെൻഡർ നിയമം നടപ്പിലാക്കുന്നതിന് പിന്തുണയുമായി ധാരാളം പേർ 30 ഡോളറിന്റെ ബിറ്റ് കോയിൻ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്. സാൽവദോറൻ പ്രസിഡന്റ് നായിബ് ബുക്കെലെ സർക്കാർ വാലറ്റുള്ള എല്ലാ സാൽവദോറൻ പൗരന്മാർക്കും 30 ഡോളർ സൗജന്യ ബിറ്റ് കോയിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ന് ലോകം മുഴുവൻ ഈ ചെറിയ ലാറ്റിൻ അമേരിക്കൻ രാജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കാരണം ബിറ്റ് കോയിൻ നിയമപരമായ ടെൻഡർ ആയതിനുശേഷം എന്ത് സംഭവിക്കുമെന്ന് അറിയാൻ ആളുകൾക്ക് താല്പര്യമുണ്ട്.
സർക്കാർ പിന്തുണയുള്ള ഡിജിറ്റൽ കറൻസി വാലറ്റ് ഉള്ള ആർക്കും 30 ഡോളർ സൗജന്യ ബിറ്റ് കോയിൻ ലഭിക്കുമെന്ന് ജൂൺ 25 ന് സാൽവദോറൻ പ്രസിഡന്റ് പറഞ്ഞിരുന്നു. “ഇത് ചിവോ ആപ്പിനുള്ളിലായിരിക്കും. സമ്പദ്വ്യവസ്ഥയിലെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ആളുകൾക്ക് പ്രോത്സാഹനം നൽകുന്നതിനും തുല്യമായ 30 ഡോളർ ഞങ്ങൾ ബിറ്റ് കോയിനിൽ നിക്ഷേപിക്കും.” അദ്ദേഹം അറിയിച്ചു. 30 ഡോളറിന്റെ ബിറ്റ് കോയിൻ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ബിറ്റ് കോയിൻ അനുകൂലികൾ പ്രചാരണം നടത്തുന്നുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, റെഡിറ്റ് തുടങ്ങിയവയിൽ #30for30, #buybtctuesday, #7septemberbuybtc എന്നീ ഹാഷ്ടാഗുകൾ ട്രെൻഡിങ്ങിൽ എത്തി.
മൈക്രോസ്ട്രാറ്റജിയുടെ സിഇഒ മൈക്കൽ സെയ്ലർ സെപ്റ്റംബർ 7 ന് 30 ഡോളർ വിലയുള്ള ബിറ്റ് കോയിൻ വാങ്ങുന്നതിനെക്കുറിച്ച് എഴുതി. “സെപ്റ്റംബർ 7 ന്, എൽ സാൽവഡോർ ഔദ്യോഗികമായി തന്നെ ബിറ്റ് കോയിനെ അതിന്റെ ദേശീയ കറൻസിയായ യുഎസ് ഡോളറിനൊപ്പം ഉപയോഗിക്കാൻ തുടങ്ങും.” സെയ്ലർ ട്വീറ്റ് ചെയ്തു. ഇത് വിലയെ ബാധിക്കുന്ന കാര്യമല്ല. “ഒരു ചരിത്രനിമിഷം തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുക എന്നതാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply