ഇലന്തൂരില്‍ പ്ലാസ്റ്റിക് കവറില്‍ ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം കണ്ടെത്തി. കേസിലെ പ്രതിയായ ഭഗവല്‍ സിംഗിന്റെ പറമ്പില്‍ നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയില്‍ മനുഷ്യമാംസം കണ്ടെത്തിയത്. കൊല്ലപ്പെട്ട പത്മത്തിന്റേതാണ് ഈ ശരീരഭാഗങ്ങള്‍ എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കൊല്ലപ്പെട്ട റോസ്‌ലിന്റെ ശരീരഭാഗങ്ങള്‍ പാകം ചെയ്ത് ഭക്ഷിച്ചെന്ന് പ്രതിയായ ലൈല നേരത്തെ മൊഴി നല്‍കിയിരുന്നു. പത്മത്തിന്റെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിട്ടില്ലെന്നും സൂക്ഷിച്ചു വച്ചതായും ലൈല പൊലീസിനോട് പറഞ്ഞിരുന്നു. പാചകം ചെയ്ത് പിന്നീട് ഭക്ഷിക്കാന്‍ വേണ്ടിയാണ് മാംസം സൂക്ഷിച്ചുവച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
അതേസമയം, മനുഷ്യമാംസം കഴിച്ചെന്ന ആരോപണം നിഷേധിച്ച് ഭഗവല്‍ സിംഗും ലൈലയും രംഗത്തെത്തി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികളുടെ പ്രതികരണം.ജയിലില്‍ നിന്ന് ഇറക്കുമ്പോള്‍ മനുഷ്യമാസം കഴിച്ചോ എന്ന് ഭഗവല്‍ സിംഗിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ലൈലയും ഇല്ല എന്നായിരുന്നു മറുപടി പറഞ്ഞത്. മൂന്ന് പ്രാവശ്യം ഇല്ല എന്ന മറുപടി അവര്‍ നല്‍കി.
എന്നാല്‍ ഭര്‍ത്താവ് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് ലൈല പ്രതികരിച്ചില്ല. നരബലിക്ക് പിന്നില്‍ ഷാഫി മാത്രമാണോ എന്ന ചോദ്യത്തോടും പ്രതികരിക്കാന്‍ ലൈല തയ്യാറായില്ല. ഷാഫിയോടും ഇതേ കാര്യങ്ങള്‍ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല.
കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ 24 വരെ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം.
Leave a Reply