ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ പരിശോധന. വീട്ടുപറമ്പ് കുഴിച്ച് പരിശോധന നടത്തും. ജെസിബി ഉപയോഗിച്ച് പുരയിടം കുഴിച്ചാകും പരിശോധന നടത്തുക. മൃതദേഹങ്ങള്‍ മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന നായകളെയും പരിശോധനയുടെ ഭാഗമാക്കും. പ്രതികളെയും ഇന്ന് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.

പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഇതിനായി പുരയിടത്തില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. ഷാഫിയും ഭഗവല്‍സിംഗും ലൈലയും ചേര്‍ന്ന് മറ്റാരെയെങ്കിലും നരബലിക്ക് ഇരയാക്കിയിട്ടുണ്ടെങ്കില്‍ അവരുടെ മൃതദേഹങ്ങളും ഈ വീട്ടുവളപ്പില്‍ തന്നെ കുഴിച്ചിട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കൊലപാതകങ്ങള്‍ക്ക് മുമ്പ് ഷാഫി കേരളമാകെ സഞ്ചരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഷാഫി ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഷാഫിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഇലന്തൂരിലെ ഇരട്ട നരബലി ദൃശ്യങ്ങള്‍ ഡാര്‍ക് വെബിലുണ്ടോയെന്ന് പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സൈബര്‍ കുറ്റാന്വേഷകരുടെ സഹകരണത്തോടെയാണ് ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പരിശോധന നടത്തുന്നത്. നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി.

ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന ‘റെഡ് റൂമു’കളില്‍ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാരംഗങ്ങളും കാണാറുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഇലന്തൂര്‍ നരബലിയുടെ ദൃശ്യങ്ങളും വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.