കോയമ്പത്തൂർ ∙ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ. കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടിയെ (82) കോയമ്പത്തൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു ശേഷം വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശി സുർജയെ (38) കാണാതായിട്ടുണ്ട്. സുർജ അടക്കം നാല് പേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാർസൻ നെസ്‍ലെയിലെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഭർത്താവ് ഗോപാലൻകുട്ടി മരിച്ചതിന് ശേഷം കസ്തൂരിയും മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാർകുട്ടിയുമായിരുന്നു ഇവിടെ താമസം. സംഭവസമയം രാംകുമാർകുട്ടി വിദേശത്തായിരുന്നു. പതിവുപോലെ രാവിലെ വിളിച്ച മകൾ സുജാതയ്ക്ക് ഫോൺ ലഭിക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളെ അറിയിക്കുകയും വീടു പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
കസ്തൂരിയുടെ കഴുത്തിലെ സ്വർണമാല കാണാതായതായും വീട്ടിൽ നിന്നു മറ്റു വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നാല് മാസം മുൻപ് സ്വകാര്യ ഏജൻസി വഴി ജോലിക്കെത്തിയ സുർജയാണ് പ്രധാന സംശയിത. വില്ലയിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രി 12.20ന് മൂന്ന് യുവാക്കൾ മതിൽ ചാടിക്കടക്കുന്നതും 12.56ന് സുർജയോടൊപ്പം ബാഗുമായി പുറത്തേക്കു പോകുന്നതുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോയമ്പത്തൂർ ഡപ്യൂട്ടി കമ്മീഷണർ ജി. കാർത്തികേയന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.











Leave a Reply